CinemaGeneralLatest NewsNEWS

”തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബാബു നമ്പൂതിരിക്കിരിക്കട്ടെ എന്‍റെ വക ഒരു കുതിരപ്പവന്‍” ; കുറിപ്പുമായി സംവിധായകന്‍ എം എ നിഷാദ്

പത്മരാജൻ എന്ന ചലച്ചിത്രകാരനെ നാം മനസ്സുകൊണ്ട് നമിക്കുന്ന നിമിഷങ്ങളാണത്

മലയാള സിനിമയിലെ എക്കലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് പത്മരാജൻ സംവിധാനം ചെയ്‌ത  തൂവാനത്തുമ്പികള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അതില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച ‘തങ്ങള്‍’ എന്ന കഥാപാത്രത്തെക്കുറിച്ചും പറയുകയാണ് സംവിധായകന്‍ എം എ നിഷാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം……………………………..

‘ബാബു നമ്പൂതിരിക്ക് എന്‍റെ വക ഒരു കുതിരപ്പവന്‍’

ഇന്ന് ഞാൻ ടി വി യുടെ റിമോട്ട് കണ്‍ട്രോളില്‍ ചുമ്മാ കുത്തിക്കൊണ്ടിരുന്നപ്പോൾ,ഏഷ്യാനെറ്റിൽ തൂവാനത്തുമ്പികൾ സിനിമ. പ്രിയപ്പെട്ട പത്മരാജൻ സാറിന്‍റെ സിനിമ. എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് എണ്ണി തിട്ടപെടുത്താൻ കഴിയില്ല. എത്രയോ വട്ടം.. ഇന്നും കണ്ടു. പത്മരാജന്‍റെ സിനിമകൾ അങ്ങനെയാണ്. നമ്മളെ അങ്ങനെയങ്ങിരുത്തും. ജയകൃഷ്ണനും ക്ലാരയും അവരുടെ പ്രണയവും കൂടിച്ചേരുകളും.. അത് വെറും പ്രണയമല്ല. അവരുടെ ആത്മാക്കൾ തമ്മിലുളള പ്രണയമാണ്. ഒരുപക്ഷെ സോൾമേറ്റ് എന്നൊക്കെ പറയാവുന്ന ബന്ധം. മലയാളത്തിൽ തൂവാനത്തുമ്പികൾ പോലെ ആത്മാവിന്‍റെ പ്രണയം ഇത്ര മനോഹരമായി മറ്റൊരു സിനിമയിലും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഓരോ കഥാപാത്രത്തെയും സൂക്ഷ്‍മതയോടു കൂടി സംവിധായകൻ നമ്മുടെ മനസ്സിൽ വരച്ചിടുന്നു. ഒരിക്കലും മായാത്ത ചിത്രങ്ങളായി ഇന്നും പ്രേക്ഷകരുടെ മനസ്സിലെ ക്യാൻവാസിൽ പതിഞ്ഞിരിക്കുകയാണ് അവയെല്ലാം.

മോഹൻലാലും സുമലതയും ജയകൃഷ്ണനും ക്ളാരയുമായി മാറുമ്പോൾ, മറ്റൊരു കഥാപാത്രം അവരുടെയിടയിലൂടെ സഞ്ചരിക്കുന്നുണ്ട്. അത് ബാബു നമ്പൂതിരി ചെയ്ത തങ്ങൾ എന്ന കഥാപാത്രമാണ്. ബാബു നമ്പൂതിരി ഒരു മികച്ച നടനാണെന്നുളള അഭിപ്രായം എനിക്കില്ല. എന്നാൽ തങ്ങൾ എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. ഒരു പിമ്പിന്‍റെ മാനറിസങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ട്, ആ കഥാപാത്രത്തോട് നീതി പുലർത്തി ബാബു നമ്പൂതിരി. മണ്ണാറത്തൊടിയിലെ തറവാട്ടിൽ ജയകൃഷ്ണനെ കാണാൻ തങ്ങൾ എത്തുന്ന ഒരു രംഗമുണ്ട്. ആ സീനില്‍ രണ്ട് നടന്മാരുടേയും പ്രകടനം അവിസ്മരണീയമായിരുന്നു. തന്നെ ചെറിയ ക്ളാസ്സിൽ പഠിപ്പിച്ച കുരിക്കൾ മാഷാണെന്ന് പറഞ്ഞ് തങ്ങളെ ജയകൃഷ്ണന്‍ അമ്മയോട് പരിചയപ്പെടുത്തുന്ന ആ രംഗത്തിൽ, ബാബു നമ്പൂതിരിയുടെ പ്രകടണം.. അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന അഭിപ്രായമാണെനിക്കുളളത്. പത്മരാജൻ എന്ന ചലച്ചിത്രകാരനെ നാം മനസ്സുകൊണ്ട് നമിക്കുന്ന നിമിഷങ്ങളാണത്. പത്മരാജൻ സിനിമകൾ അങ്ങനെയാണ്. നാം അദ്ദേഹത്തിന്‍റെ കഥയേയും കഥാപാത്രങ്ങളേയും ഹൃദയത്തിലെടുക്കും. ആ കഥാപാത്രങ്ങൾ നമ്മളെയും നാം അവരെയും പിന്തുടർന്നുകൊണ്ടേയിരിക്കും. ഈ ലോക് ഡൗണ്‍ കാലത്ത് തൂവാനത്തുമ്പികള്‍ എന്ന പത്മരാജൻ സിനിമയിലെ പ്രകടനത്തിന് ബാബു നമ്പൂതിരിക്കിരിക്കട്ടെ എന്‍റെ വക ഒരു കുതിരപ്പവന്‍ ( വൈകിയാണെങ്കിലും )..

shortlink

Related Articles

Post Your Comments


Back to top button