
കമ്മട്ടിപാടത്തിലെ ബാലന്‍ ചേട്ടനായി മലയാളികളുടെ മനം കവര്‍ന്ന നടനാണ് മണികണ്ഠൻ. ഏപ്രിൽ 26 ഞായറാഴ്ച താരത്തിന്റെ വിവാഹമാണ്. കൊറോണയും ലോക്ഡൌണും വിവാഹ ആഘോഷങ്ങള്‍ക്ക് വിലങ്ങു തടിയായി. എന്നാല്‍ വിവാഹം ആഘോഷമല്ലെന്നും അത് ലളിതമായ രീതില്‍ ഏപ്രിൽ 26 ഞായറാഴ്ച നടത്തുമെന്നും ക്ഷണിച്ചവരെ അറിയിക്കുകയാണ് താരം.
”ക്ഷേത്രത്തിൽ വച്ച് താലി കെട്ടും. വീട്ടിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമായി ഒരു ചെറിയ വിരുന്ന്. സദ്യ എന്നു പറയാൻ പറ്റില്ല. നമ്മൾ തന്നെ ഒരുക്കുന്ന ഭക്ഷണം! അത്രയുമാണ് പരിപാടികൾ. ആറു മാസം മുൻപേ തീരുമാനിച്ചതാണ് ഈ തീയതി. ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക്ഡൗൺ ആയത്. ആദ്യം വിവാഹം മാറ്റി വച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ, വിവാഹമെന്നു പറയുന്നത് ആഘോഷങ്ങൾക്കു വേണ്ടിയല്ലല്ലോ… വിവാഹചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തിൽ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുമ്പോൾ ആഘോഷമായി വിവാഹം നടത്തുന്നതിൽ വലിയ അർത്ഥമില്ല. വേണ്ടപ്പെട്ടവർക്ക് ഒരു വിരുന്ന് കൊടുക്കാൻ ഇനിയും അവസരങ്ങൾ ഉണ്ടല്ലോ! അതിന് വിവാഹം തന്നെ വേണമെന്നില്ല,” മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠൻ പറഞ്ഞു.
അഞ്ജലിയാണ് വധു. നേരത്തെ അറിയാവുന്ന കുടുംബമാണ് അഞ്ജലിയുടെതെന്നും പ്രണയമായിരുന്നുവെന്നും മണികണ്ഠൻ പങ്കുവച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെറിയ രീതില്‍ കുടുംബക്കാരുടെ സമ്മതത്തോടെ നിശ്ചയചടങ്ങുകള്‍ ലളിതമായി നടത്തിയെന്നും താരം പറഞ്ഞു. ”വളരെ ചെറുപ്പം മുതൽ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വർഷം ഒരു ഉത്സവത്തിനു വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോൾ ഇക്കാര്യം പറയണമല്ലോ. അങ്ങനെ സംസാരത്തിനിടയ്ക്ക്, തമാശരൂപേണ ഞാൻ പറഞ്ഞു, ‘പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്ന്. ‘ആലോചിച്ചോളൂ’ എന്നായിരുന്നു അഞ്ജലിയുടെ മറുപടി. വൈകാതെ ഞാൻ അവളുടെ അമ്മാവനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ചില എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാൻ സിനിമാക്കാരനും! എന്നാലും കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. വീട്ടിൽ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു.” മണികണ്ഠൻ പറഞ്ഞു.
Post Your Comments