GeneralLatest NewsTV Shows

സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു; ഷാബുവിനെക്കുറിച്ച് ദീപു

ഹൃദ്രോഗവും വാതവും അവരെയും അലട്ടുന്നുണ്ട്. അങ്ങനെയുള്ള കുടുംബത്തിന്റെ തണലാണ് ദൈവം തിരിച്ചെടുത്തത്

കോമഡി സ്റ്റാര്‍സ് വേദയിലെ മിന്നും താരമായിരുന്ന ഷാബുരാജ് വിടവാങ്ങി. സഹതാരത്തിന്റെ വിയോഗത്തില്‍ കണ്ണീരണിയുകയാണ് താരങ്ങള്‍. മിമിക്രി വേദിയില്‍ കൂടുതല്‍ പ്രാവശ്യം കോമ്പിനേഷന്‍ സീനുകള്‍ ഷാബുവിനൊപ്പം എത്തിയ നടന്‍ ദീപു ഷാബുവുമായുള്ള ബന്ധത്തെക്കുറിച്ച് വേദനയോടെ പങ്കുവച്ചു

ഷാബു അണ്ണന്‍..’ .അങ്ങനെയേ വിളിച്ചിട്ടുള്ളൂ. ജന്മം കൊണ്ടല്ലെങ്കിലും എനിക്കാ മനുഷ്യന്‍ ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സ് വേദിയില്‍ ഞങ്ങള്‍ രണ്ടു പേരുമായിരുന്നു കോമ്പിനേഷന്‍. നിരവധി ട്രൂപ്പിലും ഒന്നിച്ചുണ്ടായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ച മനുഷ്യന്‍… എന്നെ ഒരനിയനെ പോലെ കണ്ട ജ്യേഷ്ഠന്‍- ” അതായിരുന്നു തനിക്ക് ഷാബുവെന്ന് ദീപു കണ്ണീരോടെ പറഞ്ഞു. മരിക്കും മുമ്പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഒരു ആഗ്രഹമെന്നും ദീപു പറഞ്ഞു. എന്നാല്‍ എല്ലാം ഇനി കണ്ണീര്‍ ഓര്‍മ്മ മാത്രം. വനിതയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ദീപു പറഞ്ഞതിങ്ങനെ..

”ഷാബു അണ്ണനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന സത്യം എന്നെപ്പോലെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. പ്രോഗ്രാം നാളുകളില്‍ ഒരുമിച്ച് ഒരു മുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുണ്ടെന്നോ… അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമ്പോഴും 50 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പകുതി പ്രതീക്ഷകള്‍ ദൈവത്തിന് വിട്ടു കൊടുത്ത് ഞാനും ഉണ്ടായിരുന്നു ആശുപത്രിയില്‍. ഷാബു അണ്ണന്‍ തിരിച്ചു വരുമെന്ന് ഉറച്ചു വിശ്വസിച്ചു. പക്ഷേ… മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം… ആ സ്വപ്‌നത്തിന് കാത്തു നില്‍ക്കാതെയാണ് അദ്ദേഹം പോകുന്നത്.

അദ്ദേഹത്തിന്റെ കുടുംബമാണ് ഞങ്ങളുടെ മറ്റൊരു വേദന. വീട്ടുകാര്‍ക്കു വേണ്ടി രാപ്പകലില്ലാതെ ഉത്സവപ്പറമ്പുകളിലും സ്റ്റേജ് ഷോകളിലും കയറിയിറങ്ങിയ മനുഷ്യനാണ് ജീവനറ്റ് അവരുടെ മുന്നിലുള്ളത്. മിമിക്രിയിലൂടെ സ്വരുക്കൂട്ടിയ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. നാലു മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്‍മക്കളും ഒരു പെണ്ണും. മൂത്ത മകന് 12 വയസ് ആകുന്നതേയുള്ളൂ. സങ്കടമെന്തെന്നാല്‍ ഷാബു അണ്ണന്റെ ഭാര്യയും രോഗിയാണ്. ഹൃദ്രോഗവും വാതവും അവരെയും അലട്ടുന്നുണ്ട്. അങ്ങനെയുള്ള കുടുംബത്തിന്റെ തണലാണ് ദൈവം തിരിച്ചെടുത്തത്…ആ ചിരിയും… നിഷ്‌ക്കളങ്കതയും… എല്ലാം ഇനി കണ്ണീരോര്‍മ്മ. – ദീപു സങ്കടത്തോടെ പറഞ്ഞു

 

കടപ്പാട്: വനിത

shortlink

Related Articles

Post Your Comments


Back to top button