
മലയാളത്തില്‍ ക്ലാസിക് സിനിമകളുടെ മഹോത്സവം തീര്‍ത്ത കൂട്ടുകെട്ടാണ് സിബി മലയില്‍ – ലോഹിതദാസ് – മോഹന്‍ലാല്‍ ടീം. നിരവധി ഹിറ്റ് സിനിമകള്‍ ഇതേ കൂട്ടുകെട്ടില്‍ പിറന്നെങ്കിലും ഇന്നും അത്ഭുതത്തോടെയാണ് ഭരതം എന്ന സിനിമയെ താന്‍ നോക്കി കാണുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ സിബി മലയില്‍ പറയുന്നു. മലയാളത്തിലെ അത്ഭുത സിനിമ എന്ന് ഭരതത്തെ വിശേഷിപ്പിക്കാനുണ്ടായ കാരണത്തെക്കുറിച്ചും സിബി മലയില്‍ വ്യക്തമാക്കുന്നു.
ഭരതം അത്ഭുത സിനിമ എന്ന് പറയാന്‍ ഒരു കാരണമുണ്ട്. ഇത് സംഭവിച്ച ഒരു സിനിമയാണ്. നമ്മള് മുന്‍കൂട്ടി ചിത്രീകരിക്കാന്‍ തീരുമാനിച്ചത് മറ്റൊരു കഥയാണ്. ചിത്രീകരണത്തിന്റെ പൂജ അന്ന് രാവിലെ ഏഴര മണിയ്ക്ക് വച്ചിരിക്കുകയാണ്. ഒരു ആറു മണിയായപ്പോള്‍ ലോഹിതദാസ് എന്റെ മുറിയിലേക്ക് കടന്നു വന്നിട്ട് പറഞ്ഞു, അന്ന് ഈ കഥ ലോഹി ഇതിന്റെ അസോസിയേറ്റ് ഡയറക്ടറോട് ഷെയര്‍ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്. ഇത് മുന്‍പ് വന്ന ഒരു പൈങ്കിളി കഥ എന്ന സിനിമയുമായി വളരെ സാമ്യമുണ്ട് എന്നായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ആ സിനിമ കണ്ടതാണെങ്കിലും പെട്ടന്നാണ് ഞങ്ങളുടെ ഉള്ളിലേക്കും അത് ശരിയാണല്ലോ എന്നൊരു ചിന്ത വന്നത്. അപ്പോള്‍ ലോഹി ചോദിച്ചു. ഇനി എന്താണ് ചെയ്യേണ്ടത്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇനി ഒന്നും ചെയ്യാനില്ല, പൂജ ഏഴരയ്ക്ക് വച്ചിരിക്കുകയാണ്. ഇനി അത് വരുന്നവരോട് ഇല്ല എന്ന് പറയാനാകില്ല, അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം. ഇപ്പോള്‍ തത്കാലം നമ്മുടെ രണ്ടുപേരുടെയും മനസ്സില്‍ മാത്രം ഇരുന്നാല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ പൂജ നടക്കുന്നു. പൂജ തീര്‍ന്ന ഉടനെ ഞാന്‍ മോഹന്‍ലാലിനെയും, ആ സിനിമയുടെ വിതരണക്കാരനായിരുന്ന ശ്രീ സെവന് ആര്‍ട്സ് വിജയകുമാറിനെയും റൂമിലേക്ക് വിളിച്ചിട്ട് പറഞ്ഞു. നമ്മള് കൊണ്ട് വന്ന കഥയ്ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ട്. അപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞത് ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് നല്ലൊരു കഥ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് ഈ പ്രോജക്റ്റ്മായി മുന്നോട്ട് പോകാം എന്നാണ് അപ്പോള്‍ ഞാന്‍ പറഞ്ഞു ഒരാഴ്ച വേണ്ട ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്‍പ് ഞങ്ങള്‍ വന്നില്ല എങ്കില്‍ ഈ പ്രോജക്റ്റ് ലാലിന് ഉപേക്ഷിക്കാം. അങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപപ്പെട്ട കഥയാണ് ഭരതം. സിബി മലയില്‍ പറയുന്നു.
Post Your Comments