ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളിയെ പോലെ ആവാൻ സർജറി നടത്തിയെന്ന പേരിൽ വാർത്തകളിലിടം നേടിയ ഇറാൻ സ്വദേശി സഹർ തബറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിപ്പോൾ ജയിലിലാണ് കഴിയുന്നത്. മതനിന്ദ ആരോപിച്ച് 2019-ലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സഹറിന് വേണ്ടി ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ സഹറിനെ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയില്ല. തുടർന്ന് ഇവരെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ഫത്തേമേ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിൽ സഹർ തബർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ താൻ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹർ തബറിന്റെ അവകാശവാദം. തുടർന്ന് ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ 325000 ചിത്രങ്ങളാണ് ഇങ്ങനെ സഹര്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഇവർ സർജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. തുടർന്ന് മതനിന്ദയ്ക്ക് പുറമേ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമം ചെയ്യാൻ പ്രേരിപ്പിക്കുകയും തുടങ്ങിയ കുറ്റങ്ങൾക്ക് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments