അമേരിക്കയില്‍ കഴിയുന്ന നടന്‍ തമ്പി ആന്റണിയ്ക്കെതിരെ ക്രിമിനൽ അന്വേഷണം എന്ന വാര്‍ത്ത പ്രചരിക്കുകയാണ്. അമേരിക്കയില്‍ നടന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം. മനഃപൂർവമായ വ്യക്തിഹത്യ എന്ന ഉദ്ദേശ്യത്തോടെയാണ് തനിക്കും ഭാര്യക്കും എതിരേ വാർത്ത പടച്ചുവിടുന്നതെന്ന് തമ്പി ആന്റണി ഒരു മാധ്യമത്തോട് പ്രതികരിച്ചു. സത്യം അറിയാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കൂടുതല്‍ രോഗികള്‍ ഉള്ളതും മരണ സംഖ്യ ഉയര്‍ന്നിരിക്കുന്നതും അമേരിക്കയിലാണ്. ഈ സാഹചര്യത്തില്‍ തമ്പി ആന്റണിയുടെ ഉടമസ്ഥതയിലുള്ള ഗേറ്റ് വേ നഴ്സിങ് റിഹാബിലിറ്റേഷൻ സെന്ററിലും കോവിഡ് രോഗം മൂലം രോഗികള്‍ മരിച്ചിരുന്നു. ഇത് സംബന്ധമായ വാര്‍ത്തകള്‍ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമ്പി ആന്റണി പങ്കുവച്ചത് ഇങ്ങനെ…
” ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഇവിടെ ചികിത്സയിൽ കഴിയുന്ന ആളുകളുടെ ബന്ധുക്കൾക്കു കത്ത് അയച്ചിരുന്നു. അസുഖ ബാധിതർക്ക് താൽക്കാലികമായ ചികിത്സാ സഹായമാണ് ഇവിടെ ചെയ്യുക. രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഇവരെ ആശുപത്രികളിലേക്കു മാറ്റുകയാണ് പതിവ്. അങ്ങനെ പലരെയും ഇവിടെനിന്നു മാറ്റിയിരുന്നു. നിർഭാഗ്യവശാൽ അവർ അവിടെ മരിക്കുകയായിരുന്നു. പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടർമാരോ നഴ്സിങ് സ്റ്റാഫോ ഇല്ല. പലര്‍ക്കും രോഗം പിടിപെട്ടു കഴിഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആണെങ്കിലും ലക്ഷണങ്ങൾ ഇല്ലെങ്കില്‍ ഇവർ ജോലിക്കുവരണമെന്നാണ് ഹെൽത്ത് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ളവർ കോവിഡ് രോഗികളെ ശുശ്രൂഷിക്കണമെന്നാണ് നിയമം. ഇവിടുത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നിയമം പൂർണമായി പാലിച്ചു മാത്രമാണ് ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്.
നാളുകളായി രാവും പകലും ഞങ്ങൾ ഇവിടെയുള്ള രോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഉറങ്ങിയിട്ടു ദിവസങ്ങളായി. എന്റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും എല്ലാം ഇവർക്കൊപ്പമുണ്ട്. മരിച്ച ആളുകളുടെ വേണ്ടപ്പെട്ടവരുടെ നഷ്ടവും വികാരവും നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരോടൊപ്പം ആ വേദനയിൽ പങ്കുേചരുകയല്ലാതെ എന്തു ചെയ്യാൻ കഴിയും. ഈ രോഗത്തിനെതിരെ ഇപ്പോൾ ഒരുമിച്ചു പോരാടുകയാണു ചെയ്യേണ്ടത്. ഞങ്ങൾ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിബന്ധങ്ങളുണ്ടായാലും അതു പൂർത്തീകരിക്കും.”
”പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാകാം എനിക്കെതിരെ ഇത്തരത്തിലൊരു വാർത്ത വന്നത്. ക്രിമിനൽ അന്വേഷണം എന്നൊക്കെ പറയുന്നത് അമേരിക്കയിലെ നിയമവ്യവസ്ഥയിലെ പ്രയോഗമാണ്. ഞാനൊരു നടൻ കൂടിയായതിനാൽ ഇത്തരം വാർത്തകൾ നന്നായി കച്ചവടം ചെയ്യാനാകുമെന്ന് ഇക്കൂട്ടർക്ക് അറിയാം. അതല്ലാതെ വാർത്തയിൽ പറയുന്നതുപോലെ ഭീകരാവസ്ഥയൊന്നുമില്ല. ”അമേരിക്കയിലെ ആയിരക്കണക്കിന് നഴ്സിങ് ഹോമുകളിലും ഇതേ അവസ്ഥ തന്നെയാണെന്നും തമ്പി ആന്റണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെടുത്തി കുടുംബാംഗങ്ങളടക്കമുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലും സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിലും ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമയും പറഞ്ഞു
Post Your Comments