ലോകം കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തില്‍ അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി നഴ്സിങ് കരിയറിലേക്ക് തിരികെ പ്രവേശിച്ചിരിക്കുകയാണ് ബോളിവുഡ് നടി ശിഖ മല്‍ഹോത്ര. മുംബൈയിലെ ബാലാസാഹിബ് താക്കറെ ഹോസ്പിറ്റലില്‍ വളണ്ടിയര്‍ നഴ്സായ ശിഖ തന്റെ കൊറോണക്കാലത്തെ അനുഭവങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. 2014ല് ഡല്‍ഹിയിലെ മഹാവീര്മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ കൊറോണ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കാമെന്നു തീരുമാനിച്ചതെന്ന് മുന്പ് താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ഹ്യൂമന്സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശിഖ തന്റെ കൊറോണ പരിചരണകാലത്തെക്കുറിച്ച് മനസ്സു തുറക്കുന്നത്.
”ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏതെങ്കിലും ആശുപത്രിയില്‍ വാളന്‍്റിയര്‍ ആകാന്‍ തീരുമാനിച്ചിരുന്നു. നഴ്സിങ് ഡിഗ്രിയുണ്ടായിരുന്നെങ്കിലും അഭിനയമായിരുന്നു പാഷന്‍. കൊവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതു വരെ ഒരു നഴ്സായി സന്നദ്ധസേവനം ചെയ്യണമെന്ന ശക്തമായ തോന്നല്‍ എനിക്കു വന്നിട്ടേയില്ല. അങ്ങനെ ബാലാസാഹിബ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാള്‍ഡില്‍ ജോലി ചെയ്തു തുടങ്ങി. ഒരു നടിയെന്ന നിലയ്ക്ക് ശമ്പളത്തെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഞാന്‍ എന്തിനാണ് വളന്റിയറാവാന്‍ തീരുമാനിച്ചതെന്ന് അവിടുത്തെ മേധാവി എന്നോടു ചോദിച്ചു. പണമല്ല എനിക്ക് പ്രധാനം, ഈ സാഹചര്യത്തില്‍ എന്നെക്കൊണ്ടാവും വിധത്തില്‍ സഹായിക്കലാണ് എന്നു പറഞ്ഞതോടെ അവര്‍ എന്നെ തിരഞ്ഞെടുത്തു.
തൊട്ടടുത്ത ദിവസം തൊട്ട് ഞാന്‍ നഴ്സിങ് ഓഫീസറായി പ്രവര്‍ത്തിച്ചു തുടങ്ങി. രോഗികള്‍ കൃത്യസമയത്ത് ഭക്ഷണവും മരുന്നും കഴിക്കുന്നുണ്ടോ എന്നുറപ്പു വരുത്തി മുഴുവന്‍ സമയവും വാര്‍ഡില്‍ നില്‍ക്കണം. എന്റെ ആദ്യത്തെ രോഗി ഏഴുമാസം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു. അന്നുതൊട്ട് അവനായി എനിക്ക് ജോലി ചെയ്യാനുള്ള പ്രചോദനം. ഭാഗ്യം എന്നു പറയട്ടെ അവന് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവന്റെ അമ്മയ്ക്കും നോക്കുന്ന സ്ത്രീക്കും പോസിറ്റീവ് ആയിരുന്നു. അതുകൊണ്ടുതന്നെ അമ്മയ്ക്ക് അവനെ പരിചരിക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്തു. എല്ലാ ദിവസവും രാവിലെ അവന്റെ മുറിയിലേക്കു പോയി ആ കളിചിരികള്‍ കണ്ടാണ് ആരംഭിക്കുക. പതിയെ ആ കുടുംബത്തിലെ എല്ലാവരും നെഗറ്റീവായി. ” താരം കുറിച്ചു
ജീവിതവും മരണവുമൊക്കെ ഇത്രത്തോളം അടുത്തു കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ചില കുടുംബങ്ങള്‍ക്ക് മൃതദേഹം അവസാനമായി ഒന്നു കാണുവാനോ യാത്രാമൊഴി ചൊല്ലാനോ കഴിയില്ലെന്നത് ഹൃദയഭേദകമാണെന്നും താരം കുറിച്ചു. അതുകൊണ്ട് ഇന്നു നിങ്ങള്‍ക്ക് ഉള്ളതിനെ എന്നും നന്ദിയോടെ സ്മരിക്കുക. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊക്കെ സ്നേഹവും പ്രതീക്ഷയും പകരുക. ഇതും കടന്നുപോകുമെന്നും ശുഭപ്രതീക്ഷയും ശിഖ പങ്കുവച്ചു.
Post Your Comments