CinemaGeneralLatest NewsMollywoodNEWS

ഈ മഹാമാരി തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? അഭ്യര്‍ത്ഥനയുമായി നടൻ അനൂപ് മേനോന്‍

കേവലമായ കക്ഷി രാഷ്ട്രീയം കളിച്ച് നമ്മൾ ആ അവസരം നഷ്ടപ്പെടുത്തരുത്

കോവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും കേരളത്തെ അതീവ ശ്രദ്ധയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിപ്പിക്കണെമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോന്‍.  സംസ്ഥാനം കൊവിഡില്‍ നിന്ന് പൂര്‍ണമായും ഇതുവരെ കരകയറിയിട്ടില്ല. അതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കമുളള പ്രതിപക്ഷമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനൂപ് മേനോന്‍ ഈ കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം…………………………….

രാഷ്ട്രീയം ആദ്യമേ ഇതിൽ നിന്ന് മാറ്റി വെക്കട്ടെ. ലോകം നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ അതീവ ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികൾ, മെഡിക്കൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്‌ഭുതമാണ്. അതിനോടൊപ്പമോ അതിലേറെയോ അദ്‌ഭുതമാണ് നമ്മുടെ ഡോക്ടർമാരും, നഴ്‌സ്‌മാരും, മറ്റ് ആരോഗ്യപ്രവർത്തകരും പോലീസും അടങ്ങുന്ന ഇവിടത്തെ മുന്നണിപ്പോരാളികളുടെ ശ്രദ്ധയും പ്രതിബദ്ധതയും. നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിന് പൊതുവെയും, ടൂറിസം, വ്യവസായം അടക്കമുള്ള എല്ലാ മേഖലകളിലും നിക്ഷേപ സാധ്യതകൾ തുറന്നിടാൻ ഇതൊരു അമൂല്യ അവസരമാണ്. ചൈനക്ക് മുകളിൽ സംശയത്തിന്റെ നിഴൽ പതിക്കുകയും, കൊറോണ വൈറസ് ആക്രമണത്തിൽ യൂറോപ്പ് ദുർബലമാവുകയും ചെയ്ത ഈ അവസരത്തിൽ എല്ലാ കണ്ണുകളും ഇന്ത്യയിലേക്കാവും. പ്രത്യേകിച്ചും കേരളത്തിലെ അനന്തമായ ടൂറിസം, മെഡിക്കൽ ടൂറിസം സാധ്യതകളിലേക്ക്. അഭ്യസ്തവിദ്യരും വിദഗ്ധരുമായ ചെറുപ്പക്കാരും, ലോകോത്തരമായ തൊഴിലാളി ശക്തിയും ഉള്ള നമ്മുടെ നാടിന്‌ ഇതൊരു അവസരമാണ്. നമ്മൾ സ്വപ്നം കണ്ട ആ പരമോന്നതിയിലേക്ക് എത്താനായി. കേവലമായ കക്ഷി രാഷ്ട്രീയം കളിച്ച് നമ്മൾ ആ അവസരം നഷ്ടപ്പെടുത്തരുത്. കോവിഡ് 19നെ കൈകാര്യം ചെയ്തതിലെ പൊരുത്തക്കേടുകളും ആക്ഷേപങ്ങളും ചെളി വാരി എറിയലുകളുമെല്ലാം ഇത് കഴിഞ്ഞും ആവാമല്ലോ? കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? ഇതൊരു ഔദാര്യമൊന്നും അല്ലല്ലൊ…നമ്മുടെ ഉത്തരവാദിത്തമല്ലേ?

shortlink

Related Articles

Post Your Comments


Back to top button