സത്യൻ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന പാട്ടിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ ഗായികയാണ് മഞ്ജരി. ഇപ്പോഴിതാ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിൽ എത്തിയ മഞ്ജരിയോട് ഒരാൾ ചോദിച്ച ചോദ്യവും മഞ്ജരി അതിന് നൽകിയ ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “സ്റ്റേജിൽ പാടുമ്പോൾ മറക്കാനാകാത്ത എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ,” എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടൻ തന്നെ മഞ്ജരി അതിന് മറുപടി പറയുകയും ചെയ്തു.
മഞ്ജരിയുടെ വാക്കുകൾ ഇങ്ങനെ :
“ചെറുപ്പത്തിൽ ദാസ് അങ്കിളിന്റെ കൂടെ ഒരു സ്റ്റേജ് പരിപാടിയിൽ പാടാൻ പോയി. ‘എന്റെ എല്ലാമെല്ലാമല്ലേ,’ എന്ന പാട്ടായിരുന്നു പാടുന്നത്. ഈ പാട്ടിന്റെ മുന്നിൽ ഒരുപാട് ഡയലോഗുണ്ട്. അതെല്ലാം വേണം പഠിച്ചിട്ടുണ്ടല്ലോ അല്ലേ എന്ന് ദാസ് അങ്കിൾ ചോദിച്ചു. എല്ലാം പഠിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. പാട്ടു തുടങ്ങി, ഞാൻ ഇടയ്ക്കുള്ള ഡയലോഗുകളും പറഞ്ഞു. പക്ഷെ അവസാനം പോടാ എന്നു പറയണം. അവിടെ ഞാൻ സ്റ്റക്കായി. ദാസ് അങ്കിളെന്നെ നോക്കി, എന്താ ബാക്കി പാടാത്തത് എന്ന് ചോദിച്ചു. ദാസ് അങ്കിളിനെ പോലൊരു വ്യക്തിയുടെ അടുത്ത് ഇതെങ്ങനെ പാടും എന്നോർത്ത് വിഷമിച്ച് നിൽക്കുകയായിരുന്നു ഞാൻ. എനിക്കെന്ത് ചെയ്യണം എന്നറിയില്ല.
ദാസ് അങ്കിളിന്റെ അടുത്ത് പോടാ എന്ന് പറയുമ്പോൾ അത് ബഹുമാനക്കുറവാകും എന്നതാണ് എന്റെ മനസിൽ. ഗുരുതുല്യനായി ആദരിക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് ഞാൻ എങ്ങനെ ഇതു പറയും. കുറച്ചു കഴിഞ്ഞപ്പോൾ അങ്കിൾ പറഞ്ഞു ‘നമ്മൾ പാട്ടു പാടാനായി സ്റ്റേജിൽ കയറുമ്പോൾ അങ്കിൾ, ആന്റി, അച്ഛൻ, അമ്മ തുടങ്ങിയ ബന്ധങ്ങൾ ഒന്നും ഇല്ല. പാട്ടിൽ മാത്രമായിരിക്കണം ശ്രദ്ധ.’ അവസാനം ഞാൻ സ്റ്റേജിൽ നിന്ന് പോടാ എന്ന് പറഞ്ഞുകൊണ്ട് എന്റെ കർത്തവ്യം നിർവഹിച്ചു. അതിന് ശേഷം ഞാൻ ഒരുപാട് തവണം ദാസ് അങ്കിളിനോട് സോറി പറഞ്ഞു. അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് അതിന്റെ ആവശ്യം ഇല്ല, അങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്നായിരുന്നു എന്നാണ് മഞ്ജരി പറഞ്ഞു.
കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്
Post Your Comments