വെള്ളിത്തിരയിലെ വിഷാദ നായകന്‍ വേണു നാഗവള്ളി

മോഹന്‍ ലാല്‍ നായകനായ "സുഖമോ ദേവി'' ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന വേണു സര്‍വ്വകലാശാല, ഏയ് ഓട്ടോ, ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഹം, കളിപ്പാട്ടം, ആയിരപ്പറ, അയിത്തം തുടങ്ങീ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു.

നീണ്ടുമെലിഞ്ഞ ശരീരവുമായി ഉള്‍ക്കടലിലെ രാഹുലന്‍ എന്ന കഥാപാത്രമായി വെള്ളിത്തിരയിലേയ്ക്ക് കടന്നു വന്ന വിഷാദ നായകന്‍ വേണു നാഗവള്ളിയെ മലയാളികള്‍ മറക്കില്ല. സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ അതുല്യ പ്രതിഭയായിരുന്നു വേണു നാഗവള്ളി. ഇന്ന് അദ്ദേഹത്തിനു 71 -ആം ജന്മദിനം. 1949 ഏപ്രില്‍ 16നായിരുന്നു അദ്ദേഹം ജനിച്ചത്.

1978 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ രാഹുലന്‍ എന്ന കഥാപാത്രമായി നിറഞ്ഞാടിയ വേണു നാഗവള്ളി മലയാള സിനിമയിലെ അതുവരെയുള്ള കാമുക സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിമറിച്ച നായകന്മാരില്‍ ഒരാളായി. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല സംവിധാനവും തിരക്കഥയും നിര്‍വഹിച്ചു കൊണ്ടും മാലയാല സിനിമയില്‍ തന്റേതായ സ്ഥാനം ഈ കലാകാരന്‍ ഉറപ്പിച്ചു.

മോഹന്‍ ലാല്‍ നായകനായ “സുഖമോ ദേവി” ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന വേണു സര്‍വ്വകലാശാല, ഏയ് ഓട്ടോ, ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഹം, കളിപ്പാട്ടം, ആയിരപ്പറ, അയിത്തം തുടങ്ങീ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു. വേണുവിന്‍റെ സിനിമകളില്‍ അധികവും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കൂടാതെ മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു അദ്ദേഹം.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തപ്പോള്‍ ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും സമ്മാനിച്ചു.

കളിപ്പാട്ടം, വിഷ്ണു, ആയിരപ്പറ, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ, അര്‍ത്ഥം, സര്‍വ്വകലാശാല, സുഖമോ ദേവി, ഭാര്യ സ്വന്തം സുഹൃത്ത് തുടങ്ങീ പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥാ രചന അദ്ദേഹം നിര്‍വ്വഹിച്ചു. ഇന്നും ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രമാണ് കിലുക്കത്തിലെ നിശ്ചല്‍. അതിലെ മുഛെ മാലും… പോയി കിടന്നു ഉറങ്ങു പെണ്ണെ… തുടങ്ങിയ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. ഇത് ഒരുക്കിയ വേണുവിനെ ആരും ഓര്‍ക്കുന്നില്ല എന്ന് മാത്രം.

2009 ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രമായ ഭാഗ്യദേവതയായിരുന്നു വേണു നാഗവള്ളിയുടെ അവസാന ചിത്രം. 2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. വര്‍ഷമെത്ര കഴിഞ്ഞാലും വിഷാദമാര്‍ന്ന ആ മുഖം മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞു പോകില്ല.

Share
Leave a Comment