ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഭാഗ്യലക്ഷ്മിയ്ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ നല്കിയ സംവിധായകനാണ് ഫാസില്‍. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘മണിച്ചിത്രത്താഴ്’ തുടങ്ങിയ ഫാസില്‍ ചിത്രങ്ങളില്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ സിനിമയ്ക്ക് കൂടുതല്‍ മികവുണ്ടാക്കുന്നതില് നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്നു.ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അനിയത്തി പ്രാവ്’ എന്ന സിനിമയ്ക്ക് വേണ്ടി ശാലിനിയ്ക്ക് ശബ്ദം നല്കാന് ആദ്യം ക്ഷണിച്ചത് ഭാഗ്യലക്ഷ്മിയെയായിരുന്നു.എന്നാല്‍ തന്റെ വോയിസ് ശാലിനിയ്ക്ക് യോജിക്കില്ലെന്ന കാരണം പറഞ്ഞു ഭാഗ്യലക്ഷ്മി ആ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു. .താന്‍ അത് നിരസിച്ചത് തന്റെ അഹങ്കാരമായി ഫാസില്‍ കരുതിയെന്നും അതുകൊണ്ട് പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ തന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചില്ലെന്നും ഒടുവില്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തില്‍ സംയുക്തയ്ക്ക് ശബ്ദം നല്കാന് വിളിച്ചപ്പോഴാണ് ആ പ്രശ്നം പറഞ്ഞു തീര്‍ത്തതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘അനിയത്തി പ്രാവ്’ എന്ന സിനിമയ്ക്ക് വേണ്ടി ഫാസില്‍ സാര്‍ എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ആര്‍ക്കാണെന്ന്? അപ്പോള്‍ ഫാസില്‍ സാര്‍ പറഞ്ഞു. “ശാലിനിയ്ക്ക് വേണ്ടിയാണെന്ന്”, ഞാന്‍ കേട്ടപ്പോഴേ ചോദിച്ചു, ശാലിനിയ്ക്ക് വേണ്ടി എന്റെ ശബ്ദമൊക്കെ യോജിക്കുമോയെന്ന്?. ഫാസില്‍ സാര്‍ മറ്റാരെയെങ്കിലും ട്രൈ ചെയ്യൂ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു. കുറെ പേരെ നോക്കിയിട്ട് അദ്ദേഹം വീണ്ടും എന്നെ തന്നെ വിളിച്ചു. അപ്പോഴും ഞാന്‍ ഒഴിഞ്ഞു മാറി. അത് കഴിഞ്ഞു പിന്നീടുള്ള കുറച്ചു സിനിമകളില്‍ അദ്ദേഹം എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചിട്ടില്ല. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ‘അനിയത്തി പ്രാവ്’ എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയത് എന്റെ എന്തോ അഹങ്കാരം കൊണ്ടാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന സിനിമയില്‍ സംയുക്തയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആ തെറ്റിദ്ധാരണ ഞാന്‍ തിരുത്തിയത്’. ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments