ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെയും സാമൂഹിക അകലത്തിലൂടെയും ഇതിനെ പ്രതിരോധിക്കുകയാണ് രാജ്യങ്ങള്‍. കൊറോണ വൈറസ് ബാധയുണ്ടായ രണ്ടു താരങ്ങളാണ് അമേരിക്കന്‍ നടന് ടോം ഹാങ്ക്സും ഭാര്യ റിത വില്‍സണും. രോഗം സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങള്‍ വഴി ടോം ആരാധകരെ അറിയിച്ചിരുന്നു. അറുപതുകാരായ ഇരുവരും രോഗബാധയെ ചെറുക്കാന്‍ ക്ലോറോക്വിന് മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റിത.
വൈറസ് ബാധ മൂലമുണ്ടായിരുന്ന ശക്തമായ പനി കുറഞ്ഞത് ക്ലോറോക്വിന് കഴിച്ചതിന് ശേഷമാണെന്നു റിത പറയുന്നു. പക്ഷേ ആ മരുന്നു കഴിച്ചതുകൊണ്ട് തന്നെയാണോ പനി വിട്ടുമാറിയത് എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു.
“ഞാന്‍ വളരെയധികം ക്ഷീണിതയായിരുന്നു. ഭയങ്കര വേദനയായിരുന്നു. വളരെയധികം അസ്വസ്ഥത തോന്നിയിരുന്നു, ആരും തൊടുന്നതുപോലും ഇഷ്ടമല്ല. അതിനുശേഷമാണ് പനി തുടങ്ങിയത്. ഒരിക്കലും തോന്നാത്തത്ര തണുപ്പ് അനുഭവപ്പെട്ടിരുന്നു. രുചിയും മണവുമൊന്നും അറിയാന്‍ സാധിക്കില്ല. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷം ഒന്‍പത് ദിവസം ശക്തമായ പനി തുടര്‍ന്നു. എനിക്കുതോന്നുന്നു 102 ഡിഗ്രി പനി ഉണ്ടായിരുന്നു”.
കൊറോണ വൈറസ് ചികിത്സയ്ക്ക് ഗുണകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മലേറിയ മരുന്നായ ക്ലോറോകൈ്വന്‍ ആണ് കഴിച്ചത്. അതിന് അതിശക്തമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു. ‘ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു. പേശികള്‍ വളരെയധികം തളര്‍ന്ന അവസ്ഥയായിരുന്നു അതിനാല്‍ നടക്കാന്‍ പോലും കഴിയാതെയായി’. അതുകൊണ്ടുതന്നെ ക്ലോറോക്വിന് കഴിക്കുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും ആ മരുന്ന് ഫലപ്രദമാണോ എന്ന് ഇനിയും ഉറപ്പില്ലെന്നും റിത പറഞ്ഞു.
ടോം ഹാങ്ക്സിന് നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു എന്നും അദ്ദേഹത്തിന് പനി കടുത്തിരുന്നില്ലെന്നും റിത കൂട്ടിച്ചേര്‍ത്തു
Post Your Comments