മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. ഒരു കാലത്ത് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിന്റെ മികവിൽ ലക്ഷങ്ങൾ പ്രതിഫലം കൈപ്പറ്റിയ നായികമാർ നിരവധിയായിരുന്നു. അഭിനയത്തിന് വേണ്ടി നായികമാര്‍ എടുക്കുന്ന സ്ട്രെയിനിന്റെ ഇരട്ടിയിലധികം ബുദ്ധിമുട്ടോടെ പ്രതിസന്ധികളെ അതിജീവിച്ച് ഡബ്ബിംഗ് തിയേറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍ ഉയരം കീഴടക്കിയ എത്രയോ നായികമാര്‍ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. സിനിമാ ജീവിതത്തിലെ തന്റെ ഡബ്ബിംഗ് അനുഭവത്തിനെയുണ്ടായ ഏറ്റവും അപകടകരമായ ഒരു നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി .
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവമാണ് ‘ഉള്ളടക്കം’ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ ഡബ്ബ് ചെയ്യാൻ പോയത്. ഉള്ളടക്കം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ ഡബ്ബ് ചെയ്യാൻ വിളിക്കുന്നത് ഒരു ഓഗസ്റ്റ് പന്ത്രണ്ടിനാണ്. ഓഗസ്റ്റ് പതിനേഴാം തീയതിയാണ് എന്റെ രണ്ടാമത്തെ മകന്റെ ഡെലിവറി. അപ്പോൾ ഡോക്ടർ പറഞ്ഞു പതിനേഴാം തീയതി എന്തായാലും ഡെലിവറിയുണ്ടാകും. പതിനാറാം തീയതി വന്നു അഡ്മിറ്റ് ആകണമെന്ന്. പന്ത്രണ്ടാം തീയതി ഡയറക്ടർ കമൽ എന്നെ വിളിച്ചു പറയുന്നു. ഭാഗ്യലക്ഷ്മി വന്നു ഡബ്ബ് ചെയ്യണമെന്ന്. അമലയ്ക്ക് വേണ്ടിയാണ് ഞാനതിൽ ശബ്ദം നൽകിയത്. ഞാൻ കമലിനോട് പറഞ്ഞു. ‘പതിനേഴാം തീയതി എനിക്ക് ഡെലിവറി പറഞ്ഞിരിക്കുവാ എനിക്ക് വരാൻ പറ്റില്ല’ എന്ന്. അപ്പോൾ കമൽ പറഞ്ഞു, “അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല വന്നേ മതിയാകൂ, ഭാഗ്യലക്ഷ്മി ഇല്ലാതെ ഞാൻ എങ്ങനെ പടം റിലീസ് ചെയ്യുമെന്ന്” അങ്ങനെ ചോദിച്ചപ്പോള്‍ ഞാനും ഒരു നിമിഷം ചിന്തിച്ചു. ഒടുവില്‍ നോക്കട്ടെ എന്ന് പറഞ്ഞു ഫോണ്‍വച്ചു. എന്തായാലും കമൽ പറഞ്ഞ ദിവസം തന്നെ ഞാൻ ആ സിനിമയുടെ ഡബ്ബിംഗിന് പോയി. അവിടെ അമലയും ഉണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു ഈ അവസ്ഥയിലായത് കൊണ്ട് എനിക്ക് കുറച്ചു ടെൻഷനുണ്ട്. അത് കൊണ്ട് സ്ക്രീമിംഗ് ഒന്നും ഞാൻ ചെയ്യില്ല, എന്ന് പറഞ്ഞു. അതൊക്കെ അമല തന്നെ ചെയ്തോളും എന്ന് കമൽ പറഞ്ഞു. അങ്ങനെ അമല എന്റെ കൂടെ വന്നിരുന്നു. അവർ സ്ക്രീമിംഗ് ചെയ്യും ഞാൻ ഡയലോഗ് പറയും. അങ്ങനെ ഒരു രീതിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമലയ്ക്ക് പോകേണ്ടി വന്നു. ‘ഉള്ളടക്കം’ സിനിമയുടെ ക്ലൈമാക്സ് ആണ് ഇനി ചെയ്യേണ്ടത്. അമല പോയപ്പോൾ ഞാൻ പറഞ്ഞു സ്ക്രീമിംഗ് ഞാൻ തന്നെ ചെയ്തോളം പ്രശ്നമില്ലെന്ന്. അങ്ങനെ അത് ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തിൽ ഞാൻ ഇങ്ങനെ നിശ്ചലമായി ഇരുന്നു പോയി. പെട്ടെന്ന് കമൽ ഓടി വന്നു കാര്യം ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് ഒരു സംശയം ഫ്ലൂയിഡ് പോകുന്നുണ്ടോ? എന്ന്. ആ സമയം എന്ത് ചെയ്യുമെന്നറിയാതെ കമൽ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിൽ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞു, ഈ നിമിഷം ഇവർ പ്രസവിക്കുമെന്ന്. പക്ഷേ ഞാൻ തിരുവനന്തപുരത്തേക്ക് എന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവിടുത്തെ ഹോസ്പിറ്റലിൽ വന്ന ശേഷമാണ് എന്റെ രണ്ടാമത്തെ കുഞ്ഞിന് ഞാൻ ജന്മം നൽകിയത്’. (സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ പങ്കുവച്ചത്.)
Post Your Comments