എന്നെ പേടിപ്പിച്ച ജോമോളിനെയല്ല അന്ന് ഞാനവിടെ കണ്ടത്: പഴയ നായികയെക്കുറിച്ച് തുറന്നു പറഞ്ഞു വിനീത് കുമാര്‍

'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമയില്‍ ഞങ്ങളുടെ ഒരു ശൈവ വിവാഹം കാണിക്കുന്ന രംഗമുണ്ട്

ബാലതാരമായി അഭിനയിക്കുന്ന കാലത്ത് താന്‍ പേടിയോടെ നോക്കിയിരുന്നത് ഒരാളെ മാത്രമായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ വിനീത് കുമാര്‍. താന്‍ ബാലതാരമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കൊപ്പം ബാലതാരമായി സിനിമയിലുണ്ടായിരുന്ന ജോമോള്‍ എന്ന നടിയെ അന്ന് പേടിയോടെയാണ് കണ്ടിരുന്നതെന്നും ആ പേടി അവസാനിച്ചത് ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയില്‍ അഭിനയിക്കാനായി വിളിച്ചപ്പോള്‍ ഹരിഹരന്‍ സാറിനെ കാണാന്‍ പോയ നിമിഷത്തിലാണെന്നും വിനീത് കുമാര്‍ പങ്കുവയ്ക്കുന്നു.

‘ജോമോളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയോടെ മാത്രമേ എനിക്ക് പഴയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ. അത്രയും ഓവര്‍ സ്മാര്‍ട്ട് ആയ ഒരു കുട്ടിയോടൊപ്പം അന്ന്  സ്ക്രീന്‍ ഷെയര്‍ ചെയ്തപ്പോള്‍ എന്നിലെ കുട്ടിക്ക് ശരിക്കും ഭയമായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയില്‍ ഞങ്ങളുടെ ഒരു ശൈവ വിവാഹം കാണിക്കുന്ന രംഗമുണ്ട്. അതൊക്കെ ശരിക്കും ഞാന്‍ ജോമോളിനൊപ്പം പേടിച്ചാണ് അഭിനയിച്ചത്. ‘വടക്കന്‍ വീരഗാഥ’ എന്ന സിനിമയ്ക്ക് മുന്‍പേ ഞങ്ങള്‍ ‘അനഘ’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. കുട്ടിക്കാലത്തെ എന്റെ ആ പേടി മാറിയത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലേക്ക് ഹരിഹരന്‍ സാര്‍ എന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. അന്ന് അവിടെ വെച്ചാണ് ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജോമോളെ വീണ്ടും കാണുന്നത്. അന്ന് എന്നെ പേടിപ്പിച്ചിരുന്ന ജോമോളില്‍ നിന്ന് മാറി വളരെ സൗമ്യയായ ഒരു പെണ്‍കുട്ടിയെയാണ് ഞാനവിടെ കണ്ടത്’. തന്റെ കുട്ടിക്കാലത്തെ നായികയെ ഓര്‍ത്ത്‌ കൊണ്ട് വിനീത് കുമാര്‍ പറയുന്നു.

Share
Leave a Comment