ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന നടി രോഹിണിയുമായി ബന്ധപ്പെട്ട ഒരു സിനിമാനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് മണിയന് പിള്ള രാജു. അന്ന് രോഹിണിയോട് ചെയ്ത ആ തെറ്റ് ഇന്നും ഒരു വിഷമം പോലെ തന്റെ മനസ്സിലുണ്ടെന്നും രാജു പറയുന്നു. തമാശയ്ക്ക് ആണ് ചെയ്തതെങ്കിലും സിനിമയുടെ ചിത്രീകരണം വരെ നിന്ന് പോയ നിമിഷമായിരുന്നു അതെന്നും മണിയന്‍പിള്ള രാജു ഓര്‍ക്കുന്നു.
‘കെഎസ് സേതുമാധവന് സംവിധാനം ചെയ്ത ‘അറിയാത്ത വീഥികള്‍’ എന്ന സിനിമയുടെ ചിത്രീകരണം ഒരു വീട്ടില്‍ നടക്കുമ്പോള്‍ അവിട ഒരു ചെടി ഉണ്ടായിരുന്നു. അതില്‍ ചുവന്ന ഫ്രൂട്ട് പോലെ കുറേ പിടിച്ചു നില്ക്കുന്നുണ്ടായിരുന്നു, ഞാന്‍ അതിനെക്കുറിച്ച് വീട്ടുകാരോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, അത്രയ്ക്ക് എരിവുള്ള ഒരുതരം മുളക് ആണെന്നും, ഇത് കഴിച്ചാല്‍ ഒരാഴ്ച വരെ അതിന്റെ എരിവ് വായില്‍ നിന്നും പോകില്ല എന്നൊക്കെയാണ്. അവര്‍ ഇങ്ങനെ പറഞ്ഞതോടെ ഇത് രോഹിണിയില്‍ പരീക്ഷിച്ചാലോ എന്ന് ഞാന്‍ തീരുമാനിച്ചു. ഫ്രൂട്ട് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഹിണിയെ കൊണ്ട് ഞാനത് കഴിപ്പിച്ചു. പക്ഷെ പിന്നീട് അവിടുത്തെ ചിത്രം മൊത്തത്തില്‍ മാറി. രോഹിണിയ്ക്ക് അതിന്റെ എരിവ് താങ്ങാന്‍ കഴിഞ്ഞില്ല. വായില്‍ വെളിച്ചെണ്ണയൊക്കെ ഒഴിച്ച് പുറത്തേക്ക് തുപ്പിച്ചു, എരിവ് മാറാന്‍ വായിലേക്ക് ഐസൊക്കെ എടുത്തിട്ടു. സംഗതി ആകെ വഷളായി ഒടുവില്‍ സിനിമയുടെ ചിത്രീകരണം വരെ നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇന്നും അത് ഓര്‍ക്കുമ്പോള്‍ അന്ന് അങ്ങനെ ചെയ്തത് തെറ്റായി പോയല്ലോ എന്ന് എനിക്ക് തോന്നാറുണ്ട്’. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് പഴയ സിനിമ നിമിഷങ്ങളെക്കുറിച്ച് മണിയന് പിള്ള രാജു മനസ്സ് തുറന്നത്.
Post Your Comments