ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; വെളിപ്പെടുത്തലുമായി സംവിധായകൻ ആർ.എസ് വിമൽ

ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്

കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സംവിധായകൻ ആർ.എസ് വിമൽ. ആരോപണവിധേയമായ അമേരിക്കൻ കമ്പനി സ്പിംഗ്ലർ ഒരു മലയാളിയുടെ സ്ഥാപനമാണെന്നും പ്രതിപക്ഷനേതാവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആർ.എസ് വിമൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം………………………………………

കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അമേരിക്കന്‍ കമ്പനിയായ Sprinklrന് ചോര്‍ത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാര്‍ത്ത. പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് ആണ്. ശ്രീ.രാജി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യന്‍ കൂടിയാണ്.

കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് രാജി. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ പുറത്ത് വരാതിരിക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തീവ്രശ്രമം നടത്തിയപ്പോള്‍ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തില്‍ രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ. കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ് രാജി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്.

ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്. കൊറോണയെന്ന മഹാവിപത്തിന് മുന്നില്‍ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികള്‍. അതിലൊരാളാണ് Sprinklrന്‍റെ തലവനും മലയാളിയുമായ രാജിതോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.

Share
Leave a Comment