സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുള്ള കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മോഹന്‍ലാലിനോട് നന്ദി അറിയിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അങ്ങോട്ട് സമീപിക്കാതെയാണ് മോഹന്‍ലാല്‍ സഹായം വാഗ്ദാനം ചെയ്തതെന്നും മോഹന്‍ലാലിന്റെ മാതൃകയാണ് മറ്റുള്ളവര്‍ പിന്തുടര്‍ന്നതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ കത്തില്‍ പറയുന്നു.
ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്
എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹന്‍ലാല്‍, തൊഴില്‍ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍, ഞങ്ങള്‍ താങ്കളെ സമീപിക്കാതെ തന്നെ ഞങ്ങള്‍ രൂപപ്പെടുത്തുന്ന ‘കരുതല്‍ നിധിയിലേക്ക്’ 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍- അവര്‍ എണ്ണത്തില്‍ അധികമില്ല- പിന്തുടര്ന്നത്.
ഈ സഹജീവി സ്നേഹവും കരുതലും സാഹോദര്യ മനോഭാവവും തന്നെയാണ് ഒരു മഹാനടന് എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്ര വ്യവസായത്തിനാകെ പ്രിയങ്കരനാക്കി തീര്‍ക്കുന്നത്. ഒരോ തവണ നമ്മള് ഫോണില്‍ സംസാരിക്കുമ്പോഴും സന്ദേശങ്ങള്‍ കൈമാറുമ്പോഴും നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാന്‍ കഴിയും എന്ന് മാത്രമാണ് താങ്കള്‍ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും ഈ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കള്‍ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം.
മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനില്ക്കുമ്പോള് പോലും സിനിമാ ലൊക്കേഷനുകളില്‍ താങ്കള്‍ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ മുതല്‍ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലര്‍ത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമര്‍ശിക്കാറുള്ളതാണ്. താങ്കള്‍ പുലര്‍ത്തി വരുന്ന ആ മൂല്യങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍, ഈ വിഷമസന്ധിയില്‍ താങ്കള്‍ നല്കിയ സഹായവും. താങ്കളോട് അളവറ്റ നന്ദിയും സ്നേഹവും കൂടെ നിന്നതിന് കൈ പിടിച്ചതിന് സ്നേഹത്തോടെ, ഉണ്ണിക്കൃഷ്ണന് ബി (ജനറല്‍ സെക്രറ്ററി: ഫെഫ്ക).
Post Your Comments