സോഷ്യൽ മീഡിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടൻ ഇന്ദ്രൻസ് മാസ്ക് നിർമിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. അത്യാവശ്യം തയ്യൽ വശമുള്ള ആർക്കും മാസ്ക് നിർമിക്കാമെന്നാണ് വീഡിയോയിലൂടെ താരം പറഞ്ഞിരുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ തയ്യൽ യൂണിറ്റിലെത്തിയാണ് മാസ്ക് നിർമാണത്തെ കുറിച്ച് അദ്ദേഹം വിവരിച്ചത്. ഇപ്പോഴിതാ താരത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. കടന്നുവന്ന വഴികളെ ഇന്നും ഓർക്കുകയും, അത് അഭിമാനത്തോടെ പറയുകയും ചെയ്യുന്ന അപൂർവ്വം ആളുകളിൽ ഒരാണ് അദ്ദേഹമെന്നാണ് ഷാജി പട്ടിക്കര പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………………
#അപൂർവ്വം_ചിലരിൽ
#ഒരാൾ
അതേ, ഇന്ദ്രൻസ് ഒരിക്കലും ഒരു താരമല്ല, പച്ച നുഷ്യനാണ്.
ഒരു ‘നടൻ’ എന്ന ലേബലിനുമപ്പുറം മികച്ച അഭിനേതാവ്. ആ അഭിനയം ക്യാമറയ്ക്കു മുന്നിൽ മാത്രമാകുന്നത് കൊണ്ടാണ് അദ്ദേഹം സിനിമ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ടവനാകുന്നത്.
കടന്നുവന്ന വഴികളെ ഇന്നും ഓർക്കുന്ന, അതേക്കുറിച്ച് അഭിമാനത്തോടെ മാത്രം പറയുന്ന അപൂർവ്വം ചിലരിൽ ഒരാൾ..
വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി വസ്ത്രാലങ്കാര വിദഗ്ധനായി, അഭിനയത്തിൽ ചുവട് വച്ച് തുടങ്ങി ഒടുവിൽ സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്ക്കാരവും അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും നേടി പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും കയ്യെത്താ ദൂരത്തെ താരമാകാതെ മണ്ണിലിറങ്ങി വന്ന് ജീവിക്കുന്ന പച്ച മനുഷ്യൻ.
വർണ്ണനൂലുകളിൽ തുന്നിപ്പിടിപ്പിച്ച ആ ജീവിതത്തിന് സിനിമാതാരത്തിന്റെ പരിവേഷം
ഒരു ഭാരമല്ല അലങ്കാരമാണ്.
എളിമയും, നന്മയുമുള്ള ഇന്ദ്രൻസിന് ആ അലങ്കാരം പൊന്നിൻകുടത്തിന് പൊട്ടു പോലെ പരിശുദ്ധം.
ഇപ്പോഴും തിരക്കുള്ള സെറ്റുകളിൽ അഭിനയത്തിന്റെ ഇടവേളകളിൽ തയ്യൽ ജോലിക്കാരെ
സഹായിക്കുവാൻ കാണിക്കുന്ന സൗമനസ്യം പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തും. അപ്പോഴൊക്കെ അറിയാതെ തന്നെ ആ മനുഷ്യനോട് ആരാധന തോന്നും..
ഇപ്പോഴിതാ നാടൊട്ടുക്ക് ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ഈ അവസരത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്കൊപ്പം മാസ്ക്ക് നിർമ്മാണത്തിൽ കൂടിയിരിക്കുന്നു ആ മനുഷ്യൻ.
നിർമ്മാണത്തിന്റെ വീഡിയോ പങ്കുവയ്ക്കുന്നതിനായി അവിടെയെത്തിയ അദ്ദേഹം അവരോടൊപ്പം തയ്യൽ ജോലിയിലും സജീവമായി.
അഭിനന്ദനങ്ങൾ.
ഇന്ദ്രൻസേട്ടാ…
കഴിഞ്ഞ ഇരുപത് വർഷമായി ഈ മനുഷ്യനെ ഞാൻ കാണുന്നു. എന്റെ നല്ലൊരു കുടുംബ സുഹൃത്ത് കൂടിയാണ് അദ്ദേഹം. പരിചയപ്പെട്ട കാലം മുതൽ ഇന്നുവരെ പുഞ്ചിരിയോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല.
സ്നേഹത്തോടെയല്ലാതെ പരസ്പരം സംസാരിച്ചിട്ടില്ല, ഫോൺ എടുത്തില്ലെന്ന് പരാതിയുണ്ടായിട്ടില്ല. ലൊക്കേഷനിലെത്താൻ വൈകിയിട്ടില്ല. ആരോടും മുഖം കറുത്ത് സംസാരിക്കുന്നത് കേട്ടിട്ടില്ല.
അഭിനയിക്കുമ്പോഴല്ലാതെ ദേഷ്യ ഭാവത്തിൽ കണ്ടിട്ടില്ല. അങ്ങനെയുള്ള അത്യപൂർവ്വം ചിലരിൽ
ഒരാൾ ..
അതാണ് എന്റെ പ്രിയപ്പെട്ട
ഇന്ദ്രൻസേട്ടൻ…..
Post Your Comments