GeneralLatest NewsMollywood

ഇത്രയൊക്കെ ദ്രോഹിക്കാന്‍ മാത്രം ആ മനുഷ്യന്‍ എന്ത് അപരാധമാണ് ചെയ്തത്! മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്

ക്ലാപ് ചെയ്താല്‍ കൊറോണ വൈറസ് നശിക്കും എന്ന് പറഞ്ഞപ്പോള്‍ ഞാനും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു.ആ പ്രസ്താവന തിരുത്താനുള്ള മനസ്സ് അദ്ദേഹം കാണിച്ചു

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കിയത് വാര്‍ത്തയായിരുന്നു. പലരും താരം നല്‍കിയത് കുറഞ്ഞു പോയി എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. 50 ലക്ഷമേ നല്‍കിയുള്ളോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സന്ദീപ് ദാസ് എന്ന വ്യക്തി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. പ്രശസ്തിയ്ക്കുവേണ്ടിയാണ് ലാല്‍ പണംകൊടുത്തത് എന്ന വിമര്‍ശനത്തെ ഖണ്ഡിക്കുകയാണ് സന്ദീപ്‌.

പോസ്റ്റ് പൂര്‍ണ്ണ രൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്.തികച്ചും മാതൃകാപരമായ,അഭിനന്ദനമര്‍ഹിക്കുന്ന ഒരു പ്രവൃത്തി.പക്ഷേ ലാലിനെ പരിഹസിച്ചുകൊണ്ട് ധാരാളം പേര്‍ രംഗത്തുവന്നിട്ടുണ്ട്.കൊടുത്ത തുക കുറഞ്ഞുപോയി എന്നതാണ് പ്രധാന പരാതി.ലാല്‍ പബ്ലിസിറ്റിയ്ക്കുവേണ്ടി നന്മ ചെയ്തതാണെന്ന് ചിലര്‍ ആരോപിക്കുന്നു.വിമര്‍ശകര്‍ ഒരു കാര്യം മനസ്സിലാക്കണം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ആദ്യത്തെ മലയാളനടനാണ് മോഹന്‍ലാല്‍.കോടിക്കണക്കിന് രൂപയുടെ സമ്ബാദ്യമുള്ള ധാരാളം അഭിനേതാക്കള്‍ മലയാളസിനിമയിലുണ്ടല്ലോ.അവര്‍ക്കാര്‍ക്കും ഇത്തരമൊരു മാതൃക കാട്ടാന്‍ തോന്നിയില്ലല്ലോ.സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.കൊറോണയെ അതിജീവിക്കാന്‍ ധാരാളം പണം ആവശ്യമാണ്.ഒരു സംഭാവനയും ചെറുതല്ല.ഒാരോരുത്തരും കൊടുത്തതിന്റെ കണക്കെടുത്ത് താരതമ്യം ചെയ്ത് മാര്‍ക്കിടുന്നത് തികഞ്ഞ അല്‍പ്പത്തരമാണ്.

പ്രശസ്തിയ്ക്കുവേണ്ടിയാണ് ലാല്‍ പണംകൊടുത്തത് എന്ന വിമര്‍ശനം രസകരമാണ്.കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍.അങ്ങനെയുള്ള ഒരു മനുഷ്യന് കുറുക്കുവഴികളിലൂടെയുള്ള പ്രശസ്തി ആവശ്യമുണ്ടോ?4.9 മില്യണ്‍ ആളുകള്‍ ലൈക്ക് ചെയ്തിട്ടുള്ള ഒരു ഫെയ്സ്ബുക്ക് പേജ് ലാലിന് സ്വന്തമായുണ്ട്.വേണമെങ്കില്‍ ഈ വിവരം അവിടെ പോസ്റ്റ് ചെയ്യാമായിരുന്നു.ആ ഫെയ്സ്ബുക്ക് പോസ്റ്റ് ദിവസങ്ങളോളം കൊണ്ടാടപ്പെടുമായിരുന്നു.പക്ഷേ മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ലാലിന്റെ സംഭാവനയുടെ കാര്യം ലോകം അറിഞ്ഞത്.

ഇതിനുമുമ്ബ് ഫെഫ്കയ്ക്ക് ലാല്‍ പത്തുലക്ഷം രൂപ നല്‍കിയിരുന്നു.ദിവസവേതനം കൊണ്ട് ജീവിക്കുന്ന സിനിമയിലെ തൊഴിലാളികള്‍ക്ക് ആ തുക വലിയ അനുഗ്രഹമായി.കൊറോണ മൂലം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന ഒരു വിഭാഗത്തെയാണ് ലാല്‍ സഹായിച്ചത്.തന്റെ സഹപ്രവര്‍ത്തകരോട് ഇത്രയേറെ സൗഹാര്‍ദ്ദപരമായി പെരുമാറുന്ന മറ്റൊരു സൂപ്പര്‍താരമുണ്ടാവില്ല.പുലിമുരുകന്റെ സെറ്റില്‍ ഒരു സാധാരണ തൊഴിലാളിയെപ്പോലെ ജോലി ചെയ്യുന്ന ലാലിന്റെ വിഡിയോ യൂട്യൂബിലുണ്ട്.എളിമയുള്ള ഒരു മനസ്സ് ലാല്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമയിലെ സാധാരണക്കാരുടെ സങ്കടങ്ങള്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചത്.ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ് ലാല്‍.പക്ഷേ അവയില്‍ പലതും പുറത്തെത്താറില്ല.കാരണം അക്കാര്യത്തില്‍ അദ്ദേഹം പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല.ലാലിനെ അടുത്തറിയാവുന്നവര്‍ എത്രയോ തവണ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണത്.മോഹന്‍ലാലിനോട് എല്ലാ വിഷയങ്ങളിലും യോജിപ്പൊന്നുമില്ല.

ക്ലാപ് ചെയ്താല്‍ കൊറോണ വൈറസ് നശിക്കും എന്ന് പറഞ്ഞപ്പോള്‍ ഞാനും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു.ആ പ്രസ്താവന തിരുത്താനുള്ള മനസ്സ് അദ്ദേഹം കാണിച്ചു.കൊറോണയുമായി ബന്ധപ്പെട്ട ഒരുപാട് ആധികാരികമായ കാര്യങ്ങള്‍ ലാല്‍ പങ്കുവെച്ചിരുന്നു.പക്ഷേ അതെല്ലാം ട്രോളുകളില്‍ മുങ്ങിപ്പോയി.മോഹന്‍ലാല്‍ മരിച്ചു എന്ന വ്യാജവാര്‍ത്ത ഒരാള്‍ പ്രചരിപ്പിച്ചിരുന്നു.പഴയ ഒരു ലാല്‍ സിനിമയിലെ ചിത്രമാണ് അതിനുവേണ്ടി ഉപയോഗിച്ചത്.ഇത്രയൊക്കെ ദ്രോഹിക്കാന്‍ മാത്രം ആ മനുഷ്യന്‍ എന്ത് അപരാധമാണ് ചെയ്തത്!? ഇന്ത്യയുടെ അഭിമാനമായ ഒരു നടനോടാണ് ഈ ക്രൂരത!മോഹന്‍ലാലിനോട് നിങ്ങള്‍ക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.പക്ഷേ ഒരു കാര്യവുമില്ലാതെ അദ്ദേഹത്തിനുനേരെ ചെളിവാരിയെറിയരുത്.അഭിനന്ദിക്കാനുള്ള മനസ്സില്ലെങ്കില്‍ മൗനം പാലിക്കുക എന്ന ഒാപ്ഷന്‍ ഉപയോഗപ്പെടുത്തുക.ചരിത്രം മോഹന്‍ലാലിനെ ‘മഹാനടന്‍’ എന്ന് രേഖപ്പെടുത്തും.അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യമുള്ളവരാണെന്ന് വരുംതലമുറകള്‍ പറയും.കേരളത്തിന്റെ കൊറോണ അതിജീവനഗാഥയുടെ ഒരു താള്‍ മോഹന്‍ലാലിന് അവകാശപ്പെട്ടതായിരിക്കും.ഈ കരുതലിന് നന്ദി.

shortlink

Related Articles

Post Your Comments


Back to top button