തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ആചാര്യയില്‍ നിന്നും നടി തൃഷ കൃഷ്ണന് പിന്മാറിയത് വലിയ ചര്‍ച്ചയായിരുന്നു. 2006ല്‍ എ ആര് മുരുഗദോസ് സംവിധാനം ചെയ്ത സ്റ്റാലിനു ശേഷം കോടല ശിവ ഒരുക്കുന്ന ആചാര്യയിലൂടെ ഇരുവരും ഒന്നിക്കുന്നതില്‍ ആരാധകര്‍ ആകാംഷയിലായിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ചിത്രത്തില്‍ നിന്ന് പിന്മാറുന്നുവെന്നു നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ യഥാര്‍ഥത്തില്‍ സംഭാവിച്ചതെന്തെന്നു വെളിപ്പെടുത്തി ചിരഞ്ജീവി രംഗത്ത്.
തന്റെ അറിവില്‍ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ് തൃഷ ആചാര്യയില്‍ നിന്നും പിന്മാറിയതെന്നും ചിരഞ്ജീവി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“തൃഷയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ഞാനെന്റെ ടീമിനോട് ചോദിച്ചിരുന്നു. എന്റെ മകള്‍ സുഷ്മിത തൃഷയ്ക്കുള്ള വസ്ത്രങ്ങള്‍ ഒരുക്കിയിരുന്നു, അവര്‍ ചിത്രത്തില്‍ നിന്നും പിന്മാറി എന്നറിഞ്ഞ് ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി, പിന്നീടാണ് ഞാന്‍ അറിഞ്ഞത് അവര്‍ മണിരത്നത്തിന്റെ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടെന്നും ആവശ്യത്തില്‍ കവിഞ്ഞ ഡേറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും. അതുകൊണ്ടാണ് അവര്‍ ആചാര്യ വേണ്ടെന്ന് വച്ചത്. അല്ലാതെ ആര്‍ക്കും തൃഷയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല”. ചിരഞ്ജീവി പ്രതികരിച്ചു.
മണിരത്നം ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വത്തില്‍ തൃഷ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Post Your Comments