കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യം ലോക്ഡൌണിലാണ്. എന്നാല്‍ ഈ സമയത്ത് വയോധികയായ സഹോദരിയെ ഫോണിൽ വിളിച്ച് പരിഭ്രാന്തി പരത്താൻ ശ്രമിച്ച അജ്ഞാതനെതിരെ നടൻ പ്രതാപ് പോത്തൻ. ആലുവയിൽ താമസിക്കുന്ന സഹോദരിയെ പ്രതാപ് പോത്തനാണെന്ന വ്യാജേന വിളിച്ച് കോവിഡ് ഭീതി പരത്താൻ ശ്രമിക്കുന്നതായി അദ്ദേഹം പറയുന്നു. ഫോണിൽ വിളിച്ച് പ്രതാപ് പോത്തനാണെന്ന് പറഞ്ഞ് തുടർച്ചയായി ചുമയ്ക്കുകയായിരുന്നു. വിളിച്ച വ്യക്തിയെ കൃത്യമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കൽ തുടർന്നാൽ നിയമനടപടിയുണ്ടാകുമെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. കൂടാതെ സഹോദരിയെ വിളിച്ചത് തിരുവനന്തപുരത്തുള്ള ഒരു നമ്പറിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു
പ്രതാപ് പോത്തന്റെ വാക്കുകള്‍ ഇങ്ങനെ…
”എന്റെ സഹോദരി അവരുടെ എൺപതുകളിലാണ്. ദീർഘകാലമായി ഇറ്റലി ആയിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുൻപു തന്നെ അവർ ഇറ്റലിയിൽ നിന്നു തിരിച്ചെത്തി ആലുവയിലെ വീട്ടിൽ താമസമാക്കിയിരുന്നു. അവരുടെ ഭർത്താവും മകനും മരിച്ചുപോയതിനാൽ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കിൽ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും അവർ വിസമ്മതിച്ചു.
ഇന്നലെ, ഒരാൾ ഞാനാണെന്നു പറഞ്ഞ് മൊബൈലിൽ നിന്ന് എന്റെ സഹോദരിയെ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. മറുതലക്കൽ ഞാനാണെന്ന് കരുതി ഡ്രൈവർ ഫോൺ എന്റെ സഹോദരിക്കു നൽകി. സഹോദരി ഫോണെടുത്തതും അയാൾ ചുമയ്ക്കാൻ തുടങ്ങി. തുടർച്ചയായി ചുമയക്കുകയും ഇടയ്ക്ക് ഞാൻ പ്രതാപ് ആണെന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ സഹോദരി ഫോൺ കട്ട് ചെയ്ത് എന്റെ നമ്പറിൽ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എനിക്ക് ഫോൺ കോൾ എടുക്കാൻ കഴിഞ്ഞില്ല. നേരത്തെ വിളിച്ചത് ആരാണെന്ന് ഫോണെടുത്ത് നോക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അവർ. ഒടുവിൽ, ഞാൻ തിരിച്ചു വിളിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്.”
സഹോദരിയെ വിളിച്ചത് തിരുവനന്തപുരത്തുള്ള ഒരു നമ്പറിൽ നിന്നാണെന്ന് പ്രതാപ് പോത്തൻ പറഞ്ഞു. വിളിച്ചത് ആരാണെന്നു അറിയാമെന്നും ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി ഇതുപോലെ ആയിരിക്കില്ലെന്നും പറഞ്ഞ താരം തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇതുപോലുള്ള പ്രവർത്തികളെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി
Post Your Comments