എംകെ അര്‍ജുനന്‍ എന്ന സംഗീത പ്രതിഭ മലയാള സിനിമയുടെ ചലച്ചിത്ര ഗാന ശാഖയില്‍ എന്നും നിറ ദീപമായി തെളിഞ്ഞു നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിയോഗം ഗാനസ്വദകരെ സംബന്ധിച്ച് വലിയൊരു അകലം നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ മഹാ മനുഷ്യനിലെ സംഗീത വിജ്ഞാനവും വ്യക്തി മികവും അടുത്തറിഞ്ഞ ഭാവ ഗായകന്‍ പി ജയചന്ദ്രന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ മനസ്സ് തൊടുകയാണ്.
‘കറുത്ത പൗര്‍ണമി എന്ന സിനിമയുടെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വച്ചാണ് ആദ്യം അര്‍ജുനന്‍ മാഷിനെ കാണുന്നത്. അഞ്ച് പാട്ടുകളും യേശുദാസാണ് പാടിയത്. പുറത്തിറങ്ങുമ്പോള്‍ അടുത്ത് വിളിച്ച് എന്താണ് മോനെ എന്ന് ചോദിച്ചു. ഒരു പാട്ട് പാടാന്‍ തോന്നി എന്ന് പറഞ്ഞു. ആ മനോഹരമായ ചിരി തന്നെയായിരുന്നു മറുപടി. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ റെസ്റ്റ് ഹൗസില്‍ എന്നെ പാടിച്ചു. വലിയ സംഗീതജ്ഞനായിരുന്നു അദ്ദേഹം. അതിനൊപ്പം തന്നെ വലിയ മനുഷ്യനുമായിരുന്നു. ഇത് പോലെ തെളിഞ്ഞ സ്നേഹമുള്ള ഒരാളെ കണ്ടിട്ടില്ല. ഒന്നും തിരിച്ച് പ്രതീക്ഷിക്കാത്ത സ്നേഹം. ആരോടും കടുപ്പിച്ച് പറയുന്നത് കേട്ടിട്ടില്ല. ദേഷ്യമില്ല. ചതിച്ചവരോട് പോലും പകയില്ല. ആ വാക്ക് എന്താണെന്ന് പോലും അറിയാത്ത വലിയ മനുഷ്യന്‍. ജോണ്‍സണും ഗിരീഷ് പുത്തഞ്ചേരിയും പലതും പൂര്‍ത്തിയാക്കാതെ നേരത്തെ പോയി. അര്‍ജുനന്‍ മാഷാകട്ടെ 84 വയസ്സ് വരെ ജീവിച്ച് വേണ്ടതെല്ലാം ചെയ്തു തീര്‍ത്താണ് പോകുന്നത്’. പി. ജയചന്ദ്രന്‍ പറയുന്നു.
(മലയാള മനോരമയുടെ കാഴ്ചപ്പാട് പേജില്‍ നിന്ന്)
Post Your Comments