മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എണ്‍പതുകളില്‍ തന്നെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നടനായിരുന്നു മുകേഷ്. 1982-ല്‍ പുറത്തിറങ്ങിയ ‘ബലൂണ്‍’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രത്തെയാണ് മുകേഷ് ബലൂണില്‍ അവതരിപ്പിച്ചത്. ആദ്യം സീരിയസ് വേഷങ്ങളിലൂടെയായിരുന്നു മുകേഷ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. പിന്നീട് പ്രിയദര്‍ശന്‍ സിനിമകളിലൂടെ കോമഡി ട്രാക്കില്‍ നിറഞ്ഞു നിന്ന താരത്തിന് മലയാളത്തില്‍ കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു തനിയാവര്‍ത്തനത്തിലെ ഗോപിനാഥന്‍ എന്ന കഥാപാത്രം. മമ്മൂട്ടിയുടെ സഹോദര കഥാപാത്രമായി സിനിമയില്‍ അഭിനയത്തിന്റെ മറ്റൊരു മാസ്മരികത സൃഷ്ടിച്ച മുകേഷ് അതിന് മുന്‍പോ പിന്‍പോ അത്തരമൊരു വേഷം ചെയ്തിട്ടില്ല.വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആ കഥാപാത്രത്തെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് മുകേഷ്.
‘എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു തനിയാവര്‍ത്തനത്തിലെ ഗോപിനാഥന്‍. ആ വേഷം എനിക്ക് നല്‍കിയപ്പോള്‍ എല്ലാവരും പറഞ്ഞു അത് മുകേഷ് ചെയ്‌താല്‍ ശരിയാകില്ല എന്ന്. പക്ഷെ സംവിധായകന്‍ സിബി മലയില്‍ അത് തിരുത്തി. ആ വേഷം മുകേഷിന് മനോഹരമായി ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം എല്ലാവരെയും ബോധ്യപ്പെടുത്തി. ഒടുവില്‍ സിനിമയിലെ എന്റെ ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ തന്റെ തീരുമാനം എല്ലാവരും ശരിവച്ചുവെന്ന് സിബി മലയില്‍ എന്നോട് പറഞ്ഞു.ആ വാക്കുകള്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് നല്‍കിയ സന്തോഷം വളരെ വലുതായിരുന്നു’. മുകേഷ് പറയുന്നു.
Post Your Comments