‘സത്യമേവ ജയതേ’ എന്ന സുരേഷ് ഗോപി ചിത്രത്തിലെ യാചകന്റെ വേഷമാണ് സലിം കുമാര്‍ എന്ന നടന് ‘തെങ്കാശിപ്പട്ടണം’ എന്ന സിനിമയിലേക്കുള്ള വഴിതുറന്നത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്തു 2000-ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സലിം കുമാര്‍ എന്ന നടന് വലിയ ബ്രേക്ക് സമ്മാനിച്ച ചിത്രമായിരുന്നു. സത്യമേവ ജയതേ എന്ന സിനിമയിലെ ഒരു സീനിലുള്ള പ്രകടനമാണ് സലിം കുമാറിന് തെങ്കാശിപ്പട്ടണം ഗ്രൂപ്പിലേക്ക് എന്ട്രി കിട്ടിയതിന് കാരണമായത്.
‘തെങ്കാശിപ്പട്ടണം’ എന്ന സിനിമയില്‍ ശത്രുഘ്നന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പമുള്ള സലിം കുമാറിന്റെ മുഴുനീള കോമഡി കഥാപാത്രം ഇന്ദ്രന്‍സ് ചെയ്യാനിരുന്ന വേഷമായിരുന്നു. എന്നാല്‍ ഇന്ദ്രന്‍സിന് മറ്റു സിനിമകളുടെ തിരക്ക് കാരണം തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ഉള്‍പ്പെടാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ആ വേഷത്തിലേക്ക് പിന്നെ ആര്? എന്ന ചോദ്യമായി. അങ്ങനെയാണ് സലിം കുമാര്‍ എന്ന നടനെക്കുറിച്ച് റാഫി മെക്കാര്‍ട്ടിന്‍ ടീം അന്വേഷിക്കുന്നത്. പക്ഷെ ചിത്രത്തിന്റെ നിര്‍മ്മാതാവായ ലാലിന് പുതിയ ഒരാളെ ആ റോളിലേക്ക് പരിഗണിക്കാന്‍ താല്പര്യമില്ലായിരുന്നു. ഒടുവില്‍ തെങ്കാശിപ്പട്ടണത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ സുരേഷ് ഗോപി ചിത്രത്തിലെ സലിം കുമാറിന്റെ പ്രകടനത്തെക്കുറിച്ച് അറിയുകയും ആ സിനിമ കാണാന്‍ ലാലും റാഫി മെക്കാര്‍ട്ടിനും ഉള്‍പ്പടെയുള്ളവര്‍ തിയേറ്ററിലേക്ക് പോകുകയും ചെയ്തു. അപ്പോഴേക്കും സെക്കന്റ് ഷോ പകുതിയായിരുന്നു. പിന്നീട് അവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എക്സ്ട്രാ ഷോ കണ്ട ശേഷമാണ് സലിം കുമാറിനെ തെങ്കാശിപ്പട്ടണം എന്ന സിനിമയിലേക്ക് ഫിക്സ് ചെയ്തത്.
കഴിഞ്ഞ ദിവസം ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന ഗെയിം ഷോയില്‍ സലിം കുമാര്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു ‘തെങ്കാശിപ്പട്ടണം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സലിം കുമാറിന് ലഭിച്ച അവസരത്തെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞത്.
Post Your Comments