സിദ്ധിഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ബോക്സ് ഓഫീസില്‍ വലിയ വിജയം കണ്ടില്ലെങ്കിലും തന്നെ സംബന്ധിച്ച് അതൊരു വലിയ എക്സ്പീരിയന്‍സ് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഇളയ സഹോദരനായി അഭിനയിച്ച സര്‍ജിനോ ഖാലിദ്.ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാളത്തില്‍ താന്‍ അഭിനയിച്ച ഏറ്റവും വമ്പന്‍ സിനിമയെക്കുറിച്ച് സര്‍ജിനോ മനസ്സ് തുറന്നത്.
‘വലിയ ഒരു യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ച അനുഭവമാണ് ‘ബിഗ് ബ്രദര്‍’ എന്ന ചിത്രം സമ്മാനിച്ചത്. ഒപ്പം അഭിനയിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ സാക്ഷാല്‍ ലാലേട്ടന്‍. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സിദ്ധിഖ് സാറിനെ പോലെ വലിയ സംവിധായകന്‍. വളരെ നല്ല മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹം മലയാള ഇന്‍ഡസ്ട്രിയില്‍ വന്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന കാലത്ത് ഞാന്‍ ജനിച്ചിട്ട് പോലുമില്ല എന്ന് ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നെ അനൂപ് ഏട്ടന്‍, ബോളിവുഡില്‍ നിന്ന് അര്‍ബാസ് ഖാന്‍, അങ്ങനെ സീനിയറായ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ലാല്‍ സാറിനെ പോലെയൊരു സൂപ്പര്‍ താരം തന്റെ കഥാപാത്രത്തിനായി കൊടുക്കുന്ന സമര്‍പ്പണം കണ്ടപ്പോഴാണ് നമ്മളൊക്കെ ചെയ്യുന്നത് ഒന്നുമല്ലെന്ന് മനസിലാകുന്നത്. സംവിധായകന്‍ പറയുന്നത് എന്തും ചെയ്യാന്‍ റെഡിയാണ് അദ്ദേഹം. എത്ര സമയം വേണെമെങ്കിലും ചെലവഴിക്കും. സെറ്റിലുള്ള എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറും. എന്നോട് ഇടപഴകുമ്പോള്‍ എന്റെ പ്രായത്തിലേക്ക് അദ്ദേഹം ഇറങ്ങിവരും. നന്മ മാത്രമുള്ള ഒരു മനുഷ്യനായാണ് തോന്നിയത്. ലാലേട്ടന്‍ ഒരു മനുഷ്യന്‍ തന്നെയാണ് അതോ അതിനും മുകളിലുള്ള എന്തെങ്കിലും അത്ഭുതമാണോ എന്നത് പോലും സംശയം തോന്നിപ്പോയി. വീട്ടില്‍ പോയി ഉപ്പയോട് അദ്ദേഹത്തെ കുറിച്ച് തന്നെ പറഞ്ഞു കൊണ്ടിരുന്നു’.
Post Your Comments