കൊറോണ വൈറസ് വ്യാപനത്തിന്റെ കാലത്ത് രാജ്യം 21 ദിവസത്തെ ലോക്ക് ഡൌണിലാണ്. ആരും അനാവശ്യമായി പുറത്തിറങ്ങാതെ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ ലോക്ഡൗൺ കാലത്ത് നടൻ ജോജു ജോർജ് വയനാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. കൊറോണ ഭീതി നാട്ടിൽ പടരും മുമ്പെ ആയുർവേദ ചികിത്സയുടെ ഭാഗമായി വയനാട്ടിൽ എത്തിയതായിരുന്നു താരം. എന്നാല്‍ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ തന്നെ തുടരാനാണ് ജോജുവിന്റെ തീരുമാനം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കണമെന്നും ഇത് നമ്മുടെ നല്ലതിനു വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ താരം പറഞ്ഞു.
ജോജുവിന്റെ വാക്കുകൾ:
‘കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ലോക്ഡൗൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.
‘ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക. ഈ പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടു കൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ്.’
‘വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുക. ഈ സമയവും കടന്നുപോകും.’
https://www.facebook.com/653080358/videos/10158077228345359/
Post Your Comments