
കൊറോണ വൈറസ് വ്യാപനം ലോകത്ത് ശക്തമാകുകയാണ് കൂടുതലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് ഇപ്പോള്‍ സ്‌പെയിന്‍, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ് .എഴുത്തുകാരനും നിര്‍മാതാവുമായ തമ്പി ആന്റണി ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്‌തൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ചൈന ജയിച്ചാലും ക്യൂബ ജയിച്ചാലും അമേരിക്ക തകരണം ആ രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് തമ്പി ആന്റണിപറയുന്നു.
”ചൈന ജയിച്ചാലും ക്യൂബ ജയിച്ചാലും പാക്കിസ്ഥാൻ ജയിച്ചാലും വേണ്ടില്ല അമേരിക്ക തകരണം ആ രീതിയിലാണ് മാധ്യമങ്ങൾ വാർത്തകൾ പടച്ചുവിടുന്നത്. ‘അമേരിക്ക നിശ്ചലമായി’, ‘അമേരിക്ക തകരുന്നു’, ‘അമേരിക്ക പകച്ചു നിൽക്കുന്നു’, ‘ട്രംപ് കരയുന്നു’ എന്നൊക്കെ മുകളിൽ കൊടുത്താൽ നല്ല ഹിറ്റ് കിട്ടുമെന്നറിയാം . ‘മകൻ ചത്താലും വേണ്ടില്ല മരുമകൾ കരയണം’ എന്ന പഴഞ്ചൊല്ലുകളൊക്കെ ഓർക്കാൻ പറ്റിയ സമയം എന്നാണു ഇപ്പോൾ തോന്നുന്നത്. ഞാനും അതുകൊണ്ടുതന്നെയാണ് അങ്ങനെ ഒരു ശീർഷകം കൊടുത്തത് . എന്നാലും ഇത് വായിച്ചുവരുബോൾ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വരുമെന്ന് കരുതുന്നു. കമ്യൂണിസ്റ്റ് മന്ത്രിമുതൽ ഏതു രാഷ്ട്രീയക്കാരനും ഇപ്പോഴും വിദഗ്‌ദ്ധ ചികിത്സക്കെത്തുന്ന രാജ്യംകൂടെയായ അമേരിക്കയെപ്പറ്റിത്തന്നെയാണീ പറയുന്നത്.
അമേരിക്കയിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്നല്ല ഉദ്ദേശിച്ചത്. ഇതൊരാഗോളപ്രതിസന്ധിയാണ് എന്ന കാര്യം പലപ്പോഴും നമ്മൾ മറന്നുപോകുന്നു. കൊറോണയെ ആദ്യം ‘ചൈനീസ് വൈറസ്’ എന്നു പറഞ്ഞ് അധിക്ഷേപിച്ച ട്രംപിനുപോലും പിന്നീട് അതു തിരുത്തിപ്പറയേണ്ടി വന്നു. കാരണം അതിന്റെ ഗൗരവം അദ്ദേഹം മുഖവിലക്കെടുത്തില്ല. അതുകൊണ്ടു അമേരിക്കയിലെ ജനങ്ങൾ ഒരു പാഠം പഠിച്ചു, അല്ലെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർഥ്യമാണ്.
ഈ മഹാമാരിക്ക് കേരളത്തിന്റെ അത്രയൊന്നും പോലും പരിഗണന കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്. അതിന്റെ നൂറുശതമാനും ക്രെഡിറ്റും നമ്മുടെ മുഖ്യൻ പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കുമാണ്. എന്തായാലും ഇപ്പോൾ ലോകം മുഴുവനും വിശ്രമിക്കുകയാണ് വീട്ടിൽ ഇരിക്കുകയാണ്. സാൻ ഫ്രാൻസിക്കോയിൽ താമസിക്കുന്ന ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ പറഞ്ഞതാണിപ്പോൾ ഓർക്കുന്നത്.
‘എനിക്കിപ്പോൾ ഒരുപാടു സമയമുണ്ട്. എന്റെ വീടിന്റെ ജനാലക്കപ്പുറത്തു നഗരം നിശബ്ദമാണ്, അന്തരീഷം ശുദ്ധമാണ്, ആകാശത്തിന്റെ നീലിമ എന്നെ അദ്ഭുതപ്പെടുത്തുന്നു. ശബ്ദ മലിനീകരണങ്ങളൊന്നുമില്ല. പലതരം കിളികളുടെ കളകളാരവങ്ങൾകൊണ്ട് മുഖരിതമാണീ പുതിയ ആകാശവും പുതിയ നഗരവും. പാലങ്ങളും കുന്നും മലയും കടലോരങ്ങളും നിറഞ്ഞ സാൻ ഫ്രാൻസിസ്‌കോ ഒരു സുന്ദരിയാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഇവിടെ എത്തുന്ന സന്ദർശകർ പാടുന്ന പ്രസിദ്ധമായ പാട്ട് ഞാനും അറിയാതെ ഒന്ന് മൂളിപ്പോയി , I left my heart in San Francisco’.
അപ്പോൾ പിന്നെ ന്യൂയോർക്കിന്റെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ. ലോക തലസ്ഥാനമായ ആ മഹാനഗരത്തിൽ എല്ലാ ദേശക്കാരുമുണ്ട് ജാതിക്കാരുമുണ്ട് . ഏറ്റവും വലിയ ചൈനാടൗണും അതെ നഗരത്തിൽത്തന്നെയാണ്.
ഇത്രയുമൊക്കെ സംഭവിച്ചില്ലങ്കിലേ അദ്ഭുതമൊള്ളൂ. പകർച്ചവ്യാധി ഏതാണ്ട് നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ എത്തികൊണ്ടിരിക്കുന്നു എന്നതും ഒരു പരിധിവരെ ശരിയാണ്. ഇനിയിപ്പോൾ ഇതിനൊരു പരിഹാരം കണ്ടുപിടിക്കാനും എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നത് അമേരിക്കയെയാണ്. പുതിയ വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ്, കണ്ടുപിടിച്ചാലും ജനങ്ങളിൽ എത്താൻ കാലതാമസമുണ്ടാകും.
കണ്ടു പിടിച്ചില്ലങ്കിലോ മാനവവംശംതന്നെ ഈ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റപ്പെടും. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് എന്നാണു ഇപ്പോൾ തോന്നുന്നത്. ചിലപ്പോൾ മനുഷ്യരാശിയെ തുടച്ചു മാറ്റപ്പെടേണ്ട സമയം സംജാതമായിരുന്നിരിക്കണം. ഒരു യുഗം മുഴുവൻ കൂത്താടിനടന്ന ഭീകരജീവികളായ ഡൈനോസറുകൾപോലും ഭൂമിയിൽനിന്നും തുടച്ചു മാറ്റപ്പെട്ടതും അതേ കാരണം കൊണ്ടുതന്നെയാണ്.
പ്രകൃതിയെ പലരീതിയിലും ബലാത്സംഗം ചെയ്യുന്ന മനുഷ്യ വർഗ്ഗത്തിന് കിട്ടുന്ന ആദ്യത്തെ ഒരു മുന്നറിയിപ്പാണിത്. ജനസംഖ്യ വർധനവ് മുതൽ പരിസ്ഥിതി മലിനീകരണം വരെ എന്തെല്ലാം പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ ഉള്ളത്. ഒന്നും പ്രകൃതി ശക്തികൾക്കതീതമല്ല . ഇന്നല്ലെങ്കിൽ നാളെ പ്രകൃതിതന്നെ അതിനൊക്കെ പരിഹാരം കണ്ടുകൊള്ളും എന്നുള്ളതിന് ഒരു സംശയവും വേണ്ട.
Nature has it’s own way to correct everything, എന്നാണ് ശാസ്ത്രം പറയുന്നത്. മതം പോലും ഇപ്പോൾ പകച്ചുനിൽക്കുന്നത് ഈ അദൃശ്യമായ വൈറസിനു മുൻപിലാണ്.
മാനവരാശിയെ നശിപ്പിക്കാൻ ഉണ്ടാക്കിയ മിസൈലുകളും ന്യുക്ലിയർ ബോംബുകൾപോലും നിഷ്പ്രഭമാകുന്ന കാഴ്ച്ച നമ്മളൊക്കെ ഇന്ന് നേരിൽ കാണുകയാണ്, അനുഭവിക്കുകയാണ്.
പ്രകൃതിക്കു മുൻപിൽ മനുഷ്യന്റെ നിസഹായത ഇത്രയധികം പരിതാപകരമാണല്ലോ എന്ന യാഥാർഥ്യം നമ്മളെ ഒന്നോർമ്മിപ്പിക്കുകയാണ് കൊറോണ എന്ന അദൃശ്യജീവി. കൂടുതൽ മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റിയ ബ്ലാക്ക് പ്ളേഗ് വന്നപ്പോഴും ഏറ്റവും കൂടുതൽ മരണനിരക്കുണ്ടായിരുന്നത് ഇറ്റലിയിലാണ്. എന്നിട്ടും അവർ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റു വന്നു. പതിനാലാം നൂറ്റാണ്ടിൽ ഏതാണ്ട് അമ്പതു ലക്ഷം പേരാണ് പ്ളേഗ് വന്നു മരിച്ചതെന്നോർക്കണം. എന്തായാലും എല്ലാത്തിനും ഒരു പരിഹാരം കാണാതിരിക്കില്ലല്ലോ . അതിഭീകരനായിരുന്ന പ്ളേഗും , ക്ഷയവും , ടൈഫോയ്ഡും , കോളറായും , ഏഡ്‌സും ഗുണേറിയയും വരെ നമ്മൾ അതിജീവിച്ചില്ലേ, അതുകൊണ്ടു ആ നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.”
കടപ്പാട് : മനോരമ
Post Your Comments