സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകളത്രയും ഇന്നും കാലത്തെ അതിജീവിച്ച് സിനിമാ പ്രേമികള്‍ ആഘോഷമാക്കുന്ന സിനിമകളാണ്. റാം ജിറാവു സ്പീക്കിങ്ങും, വിയറ്റ്നാം കോളനിയും, കാബൂളിവാലയും, ഗോഡ് ഫാദറും മലയാള സിനിമയില്‍ വലിയൊരു വിജയ ചരിത്രം കുറിച്ചപ്പോള്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു മെഗാ ഹിറ്റ് ചിത്രമാണ് ‘ഇന്‍ ഹരിഹര്‍ നഗര്‍’. മഹാദേവനും, തോമസ് കുട്ടിയും, അപ്പുക്കുട്ടനും ഗോവിന്ദന് കുട്ടിയുമൊക്കെ ചിരിയുടെ വെടിക്കെട്ട് തീര്‍ത്ത ചിത്രം അക്കാലത്തെ ഇന്ടസ്ട്രി ഹിറ്റ് എന്ന നിലയിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മറ്റു ഭാഷകളിലും വലിയ ഡിമാന്റ് ഉണ്ടായിരുന്ന സിനിമ അന്നത്തെ ബോളിവുഡ് വരെ ചര്‍ച്ച ചെയ്തിരുന്നു. ആര്‍ബി ചൗധരിയെ പോലെയുള്ള പ്രമുഖര്‍ ബോളിവുഡിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ എല്ലാ ഭാഷയിലുള്ളവരും മുന്നില്‍വെച്ച ഒരേയൊരു നിര്‍ദ്ദേശം ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി റിസബാവയെ തന്നെ കിട്ടണമെന്നായിരുന്നു.
മുകേഷ് ജഗദീഷ് സിദ്ധിഖ് അശോകന് തുടങ്ങിയ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്ത നായക കഥാപാത്രങ്ങളെ പോലും പിന്നിലാക്കി കൊണ്ടായിരുന്നു ജോണ്‍ ഹോനായി പലര്‍ക്കും അവിഭാജ്യഘടകമായി മാറിയത്. ചിത്രത്തിലുടനീളം വേറിട്ട ശരീര ഭാഷയുമായി തിളങ്ങി നിന്ന ഹരിഹര്‍ നഗറിലെ വില്ലന്‍ കഥാപാത്രം ജോണ്‍ ഹോനായിയെ റിസബാവ പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വിധം അടയാളപ്പെടുത്തുകയായിരുന്നു.
Post Your Comments