GeneralLatest NewsMollywood

“ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും “; മറുപടിയുമായി സിതാര 

നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും

ലോകം മുഴവന്‍ കൊറോണ ഭീതിയിലാണ്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത്  സമ്പൂര്‍ണ്ണ ലോക്ക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഈ ദിവസങ്ങളില്‍ വീടുകളില്‍ കഴിയുന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിരസത അകറ്റുവാന്‍ കൂടുതലും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍  പാട്ടു പാടി പോസ്റ്റ് ചെയ്യുമ്പോള്‍ ഉയരുന്ന വിമര്‍ശനത്തിനു മറുപടിയുമായി ഗായിക സിതാര കൃഷ്ണകുമാര്‍. നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും എന്ന് സിതാര സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു

ഗായിക സിതാര കൃഷ്ണകുമാറിന്റെ പോസ്റ്റ്‌ 

ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക് പലർക്കും ലഭിച്ച കമന്റുകളിൽ ചിലത് ഇങ്ങനെയാണ് , “ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും “, “പാട്ടുപാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ “, “ലോകം മുഴുവൻ പ്രശ്‍നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ” !!!

ഒന്നു പറയട്ടെ സുഹൃത്തേ , നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും !!!! ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാർ മിക്കവരും മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ് !!! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാൽ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട കൂട്ടർ കലാകാരന്മാർ തന്നെയാവും !!! എല്ലാവരും സൗഖ്യമായി , എല്ലാവരും ജോലികൾ തുടങ്ങി എന്നുറപ്പായ ,ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ !!!ഈ സത്യവും ,ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാൾ , വരുമാനത്തേക്കാൾ പ്രധാനപ്പെട്ടതായി കലാകാരന്മാർ കരുതുന്ന ചിലതുണ്ട് — നില്ക്കാൻ ഒരു വേദി , മുന്നിൽ ഇരിക്കുന്ന ആസ്വാദകർ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി -ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !!! ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടർമാരും , ഇതാ ഇന്ന് സർക്കാരുകളും എല്ലാം ഓർമിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാർഗങ്ങളിൽ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് !!! അതിനാൽ ഞങ്ങൾ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും !!

പ്രാർത്ഥിക്കാൻ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാർത്ഥനയും !! അതിനാൽ ഉടലിൽ ഉയിരുള്ളത്രയും നാൾ പാടും ,ആടും ,പറയും !!!!

shortlink

Related Articles

Post Your Comments


Back to top button