മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി വായനക്കാര്‍ക്ക് നല്‍കുന്ന സമ്മാനമാണ് ധർമ്മദർശനം എന്ന ചെറുകഥ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മ ദര്‍ശനം എന്ന ചെറുകഥ വീണ്ടും തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് രഘുനാഥ് പലേരി. എക്കാലത്തെയും തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മഴവില്‍ക്കാവടി’ എന്ന സിനിമ പരാമര്‍ശിച്ചു കൊണ്ടായിരുന്നു രഘുനാഥ് പലേരി തന്റെ ജനപ്രിയ ചെറുകഥയുടെ ആമുഖം കുറിച്ചത്.
രഘുനാഥ് പലേരിയുടെ ധര്‍മ്മ ദര്‍ശനം എന്ന ചെറുകഥ
1989 ൽ ആണ് ”മഴവിൽക്കാവടി” എന്ന സിനിമ തിരശ്ശീലയിൽ വീഴുന്നത്. പഴനിയുടെ പശ്ചാത്തലം ആ സിനിമയുടെ പ്രാണന്റെ പ്രാണനാണ്. കുട്ടിക്കാലത്തൊരിക്കൽ പഴനിയിൽ പോയൊരു ഓർമ്മ അമ്മയിൽ നിന്നും പകർന്നു കിട്ടിയ ആനന്ദത്തിലാണ് തിരക്കഥ എഴുതിയത്. ശ്രീ സത്യൻ അന്തിക്കാടും അതിനു മുൻപ് പഴനിയിൽ പോയിരുന്നോ എന്നറിയില്ല. ചിത്രീകരണത്തിനു ചെന്ന സത്യൻ എന്നെ വിളിച്ചു പറഞ്ഞത്, ”നീ തിരക്കഥയിൽ എന്ത് പഴനിയാണോ കണ്ടത് അതേ പഴനി തന്നെയാണ് ഇവിടെ,” എന്നാണ്. അതൊരു അനുഗ്രഹം. അവന്റെ നന്മ നിറഞ്ഞ മനോ മധുരം.
മനസ്സിൽ മുങ്ങാംങ്കുഴിയിട്ട് കാലത്തിന്റെ ആരംഭത്തോളം ഇറങ്ങിച്ചെല്ലാൻ നീന്തൽ അറിയേണ്ടതില്ല എന്നതാണ് സത്യം. ഏകാഗ്രതയോടെ അവനവനിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുക. പല പഴനികളും തെളിഞ്ഞു വരും. അതെങ്ങിനെയെന്ന് അറിയില്ല. പക്ഷെ തെളിഞ്ഞു വരും എന്ന് ഉറപ്പായും അറിയാം.
പിന്നീട് വർഷങ്ങൾക്ക് ശേഷം തനിച്ച് പഴനിയിൽ പോയി. കോഴിക്കോട് നിന്നും ബസ്സിൽ കയറി മധുരക്കാണ് പുറപ്പെട്ടത്. ആദ്യം എത്തിയത് പഴനിയാണെന്ന് അറിഞ്ഞതും കണ്ടക്ടറോട് പറഞ്ഞ് അവിടെ ഇറങ്ങി രണ്ടു ദിവസം തങ്ങി. തിരിച്ചു വരും വരെ മല കയറാനോ മുരുക ബിംബം കാണാനോ സാധിച്ചില്ല. പകരം കാർമേഘത്തെ കണ്ടു. അതൊരു സായൂജ്യമായിരുന്നു. ആ കഥയാണ് “ധർമ്മദർശനം.”
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ “ധർമ്മദർശനം” വന്ന കാലത്ത് വാരികയുടെ പത്രാധിപർ ആരായിരുന്നു വെന്ന് ഓർമ്മയില്ല. സഹപത്രാധിപന്മാരിൽ ഒരാൾ കഥ വായിച്ച് തെല്ലിട നേരം ഫോണിൽ സംസാരിച്ച ശബ്ദവും സ്‌നേഹവും മറ്റൊരു ധർമ്മദർശനമായി ഇന്നും മനസ്സിൽ പീലിയാടുന്നു.
ഇതാണ് ആ കഥ.
ഒരു കഥയിലേക്ക് മനസ്സ് നൽകാനുള്ള സമയമുണ്ടെങ്കിൽ മാത്രം വായിക്കുക.
:)
ധർമ്മദർശനം
………………………….
മുപ്പത്തെട്ടു വർഷങ്ങൾക്കുശേഷം ഞാനിവിടെ വീണ്ടും ദർശനത്തിനായി വന്നിരിക്കയാണ്. ആദ്യം വന്നത് എനിക്ക് ഒൻപതു മാസം പ്രായമുള്ളപ്പോഴായിരുന്നു. അതും അമ്മയുടെ ഒക്കത്തും അഛന്റെ തോളിലുമൊക്കെയായി ഒരു ഓട്ടപ്രദക്ഷിണം. അന്ന് എന്താണ് ദർശിച്ചതെന്ന് ഒരു പിടിയുമില്ല. അതേ അപരിചിതത്വത്തോടെ ഇന്നിതാ വീണ്ടും വന്നിരിക്കുന്നു. ദർശനം സാധിച്ചാൽ എന്നെക്കാൾ സന്തോഷം അമ്മയ്ക്കാവും. സാധിക്കുമോ എന്നാണ് ഭയം. അത്രയ്ക്കും തിരക്കുണ്ട് ഇവിടെ.
ഈശ്വരന്റെ ശ്വാസം പോലെ പഴനിമലയ്ക്കുചുറ്റും മഞ്ഞ് നിറഞ്ഞു നിൽക്കുന്നു. കുളിരേറ്റ കാറ്റുവരെ നിൽക്കക്കള്ളിയില്ലാതെ ഓടിക്കളിക്കുന്നു. തണുപ്പത്ത് പാടുന്നതുകൊണ്ടാവാം സുബ്ബലക്ഷ്മിയുടെ പ്രഭാതകീർത്തനത്തിനുപോലും ഒരു വിറയലുണ്ട്.
കീർത്തനത്തിന് താളം പിടിച്ച് തണുപ്പത്ത് ഞാനും നിന്നു. എവിടെയെങ്കിലും ഒരു മുറിയെടുക്കണം. ഒന്നു കുളിക്കണം. സുഖമായി കുറച്ചുനേരം ഉറങ്ങി തിരക്കൊഴിഞ്ഞാൽ മുരുകനെ ചെന്നൊന്ന് കണ്ട് അമ്മ പറഞ്ഞയച്ചു വന്നതാണെന്നു പറയണം. അമ്മയെ ഓർമ്മ കാണും മുരുകന്. അത്ര പെട്ടെന്ന് എന്തായാലും മറന്നുകാണില്ല. അതുറപ്പാണ്.
അമ്മയിലൂടെ മകനെ കാണുക
മകനിലൂടെ അമ്മയെ കാണുക
ഈശ്വരന് അതെല്ലാം നിസ്സാരമാണ്. ഹൃദയാഘാതം വന്ന അഛന്റെ ഹൃദയത്തിലേക്ക് എന്നെ ആവാഹിക്കാൻ വന്ന അമ്മയുടെ മകനല്ലെ നീ എന്ന് ഒരൊറ്റ നോട്ടത്തിൽ മുരുകൻ ഈ മകനെ തിരിച്ചറിയും എന്നെനിക്കുറപ്പുണ്ട്.
അന്നത്തെ ആ പ്രാർത്ഥനക്കിടയിലെങ്ങോ അഛൻ അമ്മയ്ക്കു സമ്മാനിച്ച കല്ലുവെച്ച വിവാഹമോതിരം കളഞ്ഞുപോയിരുന്നു. എവിടെപോയെന്ന് ഒരു രൂപവുമില്ല. അമ്മ അതു വല്ലവർക്കും ദാനം ചെയ്തു കാണുമെന്ന് അഛൻ
പറഞ്ഞു. അതായിരിക്കില്ല അവളത് ഭണ്ഡാരത്തിലിട്ടു കാണുമെന്ന് മുത്തച്ഛനും. അമ്മ തർക്കിക്കാൻ നിൽക്കാറില്ല.
‘ ദാനമാണെങ്കിൽ ദാനം. ഭണ്ഡാരമാണെങ്കിൽ ഭണ്ഡാരം. അതൊരു വഴിപാടുപോലെ ഞാനങ്ങു കളഞ്ഞു. മോതിരം പോയാലും സാരല്ല്യ ഡോക്ടർമാർ ആറുമാസത്തെ അവധി പറഞ്ഞ എന്റെ കുഞ്ഞിന്റെ അഛനെ എനിക്ക് തന്നെ തിരിച്ചു കിട്ടിയില്ലെ…..’
അതു കേൾക്കെ, ഇവിടെ നിന്നും അമ്മ വാങ്ങിക്കൊണ്ടുവന്ന മുരുകന്റെ ചിത്രവും നോക്കി അഛൻ പതിയെ ചിരിക്കും. മുരുകൻ കൈകൊട്ടുന്ന ഹൃദയത്തിൽ സാവകാശം തടവും.
‘ആറു മാസം ആറു വർഷംന്നൊക്കെ പറയാൻമാത്രം ജ്ഞാനംള്ള ഡോക്ടർമാരൊന്നും ഇപ്പഴില്ല പാർവ്വതീ. ഈ മിടിക്കുന്നത് എന്റെ മന:ശക്തിയാ. അല്ലാതെ നീ ചില്ലിട്ടു കൊണ്ടുവന്ന ഈ മുരുകനും ഡോക്ടറും ഒന്നും അല്ല.’
അമ്മ ഒന്നും പറയില്ല. മുരുകനെങ്കിൽ മുരുകൻ. മന:ശക്തിയെങ്കിൽ
മന:ശക്തി. ആശ്രയം നഷ്ടപ്പെടുമ്പോൾ ഏതു ചെകുത്താനും ദൈവത്തെ വിളിക്കും. പിന്നെയാണോ ഒരു സാധാരണ ഭാര്യ. എന്നാലും ആ കല്ലുവച്ച മോതിരം എവിടെയാണു കളഞ്ഞത്. പഴനിയിൽ എത്തുന്നതുവരെ അത് വിരലിൽത്തന്നെ ഉണ്ടായിരുന്നു. പഴനിയിൽ നിന്നും പുറപ്പെടുമ്പോൾ വിരലിൽ ഇല്ലായിരുന്നു. നല്ല തിരക്കുള്ള സമയത്തായിരുന്നു ധർമ്മദർശനത്തിന് വരി നിന്നത്.
തിരക്കിൽ ആരെങ്കിലും കൈവിരലിൽ നിന്നു ഊരിയെടുത്തിട്ടുണ്ടാകുമോ. അതോ അറിയാതെങ്ങാനും താൻ തന്നെ അത് ഭണ്ഡാരത്തിലിട്ടോ.
അമ്മ ഓർക്കുന്നത് മനസ്സു തൊട്ടറിഞ്ഞ് അഛൻ ചിരിക്കും.
അതു കാണവെ അമ്മ തറപ്പിച്ചു പറയും.
‘നേരാ. ഞാനത് ഭണ്ഡാരത്തിലിട്ടു. വിവാഹമോതിരം വിരലിൽ ഇല്ലേലും സാരംല്ല, വിവാഹം കഴിച്ച ആള് എന്റെ മരണം വരെ ഒപ്പംണ്ടായാൽ മതി.’
‘നിന്റെ മരണംവരെ ഉണ്ടാവോന്ന് പറയാൻ പറ്റില്ല. പക്ഷേ, എന്റെ മരണം വരെ ഞാനെന്തായാലും നിന്നോടൊപ്പം ഉണ്ടാവും.’
‘മരണംവരെ ഉണ്ടാവുംന്ന് വച്ച് നാളെ തന്നെ അങ്ങ് മരിച്ചു പോയാൽ ഞാനും എന്റെ കുഞ്ഞും ഒറ്റയ്ക്കാവും. വയസ്സനായിട്ട് മരിച്ചാൽമതി, എനിക്ക് നിങ്ങളെ വയസ്സനായിട്ട് കാണണം.’
അതു കേൾക്കെ ഉച്ചത്തിൽ ഒരു ചിരിയോടെ അമ്മയുടെ മോതിരവിരലിൽ അഛൻ സാവകാശം ചുംബിച്ചു. അവരുടെ നനഞ്ഞ കണ്ണിലെ സുവർണ്ണ ഗോപുരം സൂര്യരശ്മി പ്രഭയാൽ ആരോ അപ്പോൾ പൊതിയുകയായി. ആരോരുമറിയാതെ സ്‌നേഹം കൊണ്ടവർ പരസ്പരം വേദനിപ്പിക്കുകയായി.
ഇതത്രയും ഞാൻ അനുഭവിച്ചതല്ല.
അമ്മ പറഞ്ഞുതന്നതാണ്.
ഞാൻ പറഞ്ഞല്ലോ അന്നെനിക്ക് ഒൻപത് മാസം പ്രായം. അവരുടെ നിഴലിൽ ഓടിനടന്ന് നക്ഷത്രങ്ങളെ പിടിക്കുന്ന കാലം. ഇപ്പോൾ ഈ മുപ്പത്തിയെട്ടാം വയസ്സിൽ അന്നു പിടിച്ച നക്ഷത്രങ്ങളെല്ലാം ആകാശത്താണ്. വയസ്സനാവാൻ അമ്മ കാത്തുനിന്ന അഛനും ഒരു വയസ്സൻ നക്ഷത്രമായി ആകാശത്തെവിടെയോ ഉണ്ട്.
ഒരു വർഷം മുമ്പ് മരണസമയത്ത് വിറയാർന്ന ശബ്ദത്തിൽ അഛൻ അമ്മയോട് പറയുന്നത് ഞാനും കേട്ടിരുന്നു.
‘ഞാൻ വയസ്സനായിക്കാണാൻ മോഹിച്ചതല്ലേ. കണ്ണുനിറച്ചു കണ്ടോളൂ. ഇതാ ഒരു മഹാവയസ്സൻ വയ്യാതായി കിടക്കുന്നു.’
‘അറുപത്തേഴ് വയസ്സ് ഒരു വയസ്സാണെങ്കിൽ നിങ്ങള് വയസ്സനായി. എന്താ സന്തോഷായോ ?’
‘എന്നാലിനി മരിക്കാം. അല്ലേ.’
‘പാടില്ല. മരിക്കാൻ പാടില്ല…..’
അമ്മ പറഞ്ഞത് അഛൻ അനുസരിച്ചില്ല. വാശിയല്ല അഛന് വയ്യായിരുന്നു. പാടിത്തീർന്ന പഞ്ചരത്‌ന കീർത്തനമായി അച്ഛന്റെ മന:ശക്തി ആത്മാവിൽത്തന്നെ സാവകാശം ഒതുങ്ങി. അഛൻ ഒരു നക്ഷത്രമാവുന്നത് ഞാനും അമ്മയും നോക്കി നിന്നു. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
മുരുകന്റെ സ്ഥാനം നൽകി അമ്മ പൂജാമുറിയിൽ വെച്ച അഛന്റെ ചിത്രത്തിന് ഇന്നലെയോടെ ഒരു വയസ്സ് കൂടുതൽ പ്രായമായി. ആ ചിത്രത്തിൽ സ്വൽപ്പനേരം നോക്കി ഇരുന്നപ്പോഴാണ് ഒരു യാത്ര ആവാമെന്നു തോന്നിയത്.
മധുരയ്ക്കാണ് ബസ്സ് കയറിയത്. മധുര ഒരു മധുരമായി പണ്ടെന്നോ മനസ്സിൽ വീണു കിടന്നിരുന്നു. രാത്രിയായിരുന്നു യാത്ര. അതിരാവിലെ സൂര്യോദയത്തിനുമുമ്പ് എന്നെ വിളിച്ചുണർത്തിയത് ഏതോ ഒരു തമിഴ്പാട്ട്. ഉറക്കം തന്ന വിഭ്രാന്തിയിൽ ജാലകം തുറന്നതും അകത്തേക്കടിച്ചുകയറിയ തണുത്ത കാറ്റിൽ ആത്മാവിൽ വന്നു വീണത് വേൽമുരുകന്റെ ഹൃദയസ്പർശം.
കണ്ടക്ടർ പറഞ്ഞു.
‘ഇത് പഴനിയാണ്. മധുരയ്ക്ക് ഇനിയും രണ്ട് മണിക്കൂർ യാത്രയുണ്ട്.’
‘ആ രണ്ട് മണിക്കൂർവേണ്ടെന്ന് വയ്ക്കുവാൻ ആരോ എന്നെ സാവകാശം ഉപദേശിച്ചു. അമ്മയാവാം. നക്ഷത്രമായ അഛനാവാം. ബസ്സിന്റെ ജാലകത്തിനപ്പുറും ഒരു ഇളംനീല മേഘമായി തോന്നിച്ച പഴനിമലയാവാം. ആരായാലും ശരി, അഛനിൽ നിന്നും അമ്മയിൽ നിന്നും ഒറ്റപ്പെട്ടുപോയ ഒൻപത് മാസം പ്രായവുമായി ഞാനിതാ മുപ്പത്തെട്ട് വർഷത്തിനുശേഷവും പഴനിയിൽ തന്നെ നിൽക്കുന്നു. ഇനി ആരെങ്കിലും എന്റടുത്തേക്ക് വന്നേ പറ്റൂ. അഛനായോ അമ്മയായോ ഓടിവന്ന് കൈ പിടിച്ചേ പറ്റൂ. എനിക്കിവിടം അശേഷം പരിചയമില്ല.’
ചിന്തിച്ചതും മോഹിച്ചതും വെറുതെ,
ആരും വന്നില്ല.
ഒഴിഞ്ഞ തെരുവിലെ കുളിരുള്ള നനുത്ത ഇരുട്ടിൽ എങ്ങോട്ടു പോകണമെന്നറിയാതെ മുരുക കീർത്തനത്തിനു പിറകെ ഞാൻ നടന്നു.
നല്ല ലോഡ്‌ജെന്തെങ്കിലും കാണും.
വൃത്തിയുള്ള മുറി വല്ലതും കിട്ടും.
പക്ഷേ, പുലർച്ചയ്ക്കുള്ള ഈ തിരക്കുകാണുമ്പോ ഭയം തോന്നുന്നു.
മുറി കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും.
ആ പരിഭ്രമം വായിച്ചറിഞ്ഞപോലെ നാലഞ്ചുപേർ ചുറ്റും കൂടി. ഏതൊക്കെയോ ഹോട്ടലിന്റെ പേരു പറഞ്ഞു. ആരെ വേണമെന്ന് ഞാൻ തീരുമാനിക്കുന്നതിനു മുമ്പു തന്നെ അവർ തമ്മിലൊരു കശപിശയായി.
അഞ്ചുപേർക്കും എന്നെ വേണം. മുറിച്ചങ്ങ് കൊടുത്താലോ…..
അവരിൽ നിന്നും മുഖം തിരിച്ച് കൈകാണിച്ചത് അരികിലൂടെ കടന്നുമാറിയ ഒരു കുതിരവണ്ടിക്കു നേരെ. അത് നിർത്തിയില്ല. അതിനകത്ത് രണ്ടു കുതിരയ്‌ക്കെടുക്കാവുന്നതിനെക്കാൾ ഭാരമുള്ള ഒരു തെലുങ്കു കുടുംബം അതിനകം കയറിപ്പറ്റിയിരുന്നു.
ഞാൻ മറ്റൊരു വഴിയേ നടന്നു.
ഇതൊരു ലോഡ്ജിലേക്കുള്ള വഴിയാവാം.
അല്ലെങ്കിൽ മറ്റൊരു തെരുവിലേക്ക്.
തലമുണ്ഡനം ചെയ്ത ഒരു കൂട്ടം മുരുകന്മാർ എതിരെ നാമം ജപിച്ചും സിനിമാപ്പാട്ടു പാടിയും കടന്നു വന്നു. അവർ തലേദിവസം ഈ തെരുവിലെ ഏതോ ലോഡ്ജിൽ മുറിയെടുത്തവരാവും. അവരെ വകഞ്ഞുമാറ്റി
അയ്യാ..അയ്യാ… എന്ന വിളിയോടെ മറ്റൊരു കുതിരവണ്ടിക്കാരൻ എന്റെ പിറകെ വന്നു.
‘എന്താ…..’
കുതിരയെ കുളിരിൽ ഉപേക്ഷിച്ച് എനിക്കൊപ്പം തൊഴുകൈയ്യുമായി അയാൾ നടന്നു.
‘ഏതു ഹോട്ടലാണെന്നു പറഞ്ഞാൽ കൊണ്ടുവിടാം അയ്യാ.’
‘എവിടേങ്കിലും മുറി കിട്ട്വോ.’
‘ഉറപ്പില്ല അയ്യാ… അയ്യാ വിശ്വസിച്ചു വന്നാ പോയി നോക്കാം.’
ഞാനൊന്നു സംശയിച്ചു നിന്നു. അയാൾ തുടർന്നു.
‘ഹോട്ടലിലെ മുറി വേണ്ടാന്ന് ഉണ്ടെങ്കിൽ വീട്ടിലെ മുറിയുണ്ട്.
കുളിക്കാൻ ചൂടുവെള്ളം. ഉറങ്ങാൻ കട്ടിൽ. മൂന്നുനേരം കഞ്ഞിയും പയറും.
രാവിലെയും രാത്രിയും ഓരോ ഗ്ലാസ് പാൽ. കട്ടിലിന്ന് കൊതുക് വലയുണ്ട്. ആവശ്യമുള്ള സ്ഥലത്തൊക്കെ വണ്ടിയിൽ കൊണ്ടുനടക്കാം അയ്യാ. മനസ്സ് പറയുന്നത് തന്നാ മതി. ഈ കാർ മേഘം എതിര് പറയില്ല……’
‘ആരെതിര് പറയില്ല……?’
‘കാർമേഘം. ഈ കാർമേഘം എതിര് പറയില്ല.
എന്നെ വിശ്വസിക്കാം അയ്യാ…’
‘കാർമേഘംന്നാണോ പേര്…?’
‘അതെ അയ്യാ…’
അഛനമ്മമാർക്ക് എന്തോ തെറ്റു സംഭവിച്ചപോലെ അയാൾ വിഷമിച്ചു നിന്നു. കാർമേഘം. കറുത്തു ചുളിഞ്ഞ ഈ ശരീരത്തിന് ഇത്രയും കൗതുകമുള്ള ഒരു പേരോ. എനിക്കയാളെ എന്തോ പെട്ടെന്നങ്ങിഷ്ടമായി. പഴുത്ത ഇലയായി മാറിയിട്ടും തേജസ്സ് നരയ്ക്കാത്ത ഒരു പടുവൃദ്ധൻ. തലേന്നു രാത്രി അർദ്ധപട്ടിണിയായിരുന്നെന്ന് ഉറപ്പ്. അല്ലെങ്കിൽ ഇത്ര ക്ഷീണം കാണില്ല.
‘ആരുടെ വീട്ടിലാ ഈ കഞ്ഞിയും പുഴുക്കും കൊതുകുവലയുള്ള കട്ടിലും മറ്റും ഉള്ളത് ? വിശ്വസിക്കാൻ പറ്റുന്ന സ്ഥലം വല്ലതുമുണോ…?’
കാർമേഘം വീണ്ടും തൊഴുതു.
‘എന്റെ വീടാണയ്യാ. എന്റെ വീടിനെ മുരുകനെപോലെ വിശ്വസിക്കാം അവിടുന്ന് ഒരു നേരത്തെ ഊണു കഴിച്ച് മനസ്സറിഞ്ഞ് വല്ലതും തന്നാൽ അതെനിക്കും കുടുംബത്തിനും ഒരു ജന്മത്തേക്കുള്ള ചോറാണ്.’
ഹോട്ടലിൽ തന്നെ താമസിക്കണംന്ന് എനിക്കും നിർബന്ധമില്ല. വൃത്തിയും വെടുപ്പും സ്‌നേഹവും ഉണ്ടെങ്കിൽ ഏത് സ്ഥലവും വീടുപോലെ കരുതാം. അതാണ് അമ്മയും പറയാറ്. എന്നെയും ഒക്കത്തെടുത്ത് വന്നപ്പോഴും ഇവിടെ ഏതോ ഒരു ബ്രാഹ്മണന്റെ വീട്ടിലാണ് തങ്ങിയതെന്ന് അമ്മ പറഞ്ഞുകേട്ട ഓർമ്മയുണ്ട്. ഒൻപത് മാസം പ്രായമായ അമ്മയുടെ ഈ വേൽമുരുകന് വയറു നിറച്ചും വെണ്ണ കൊടുക്കാൻ ബദ്ധപ്പെടുന്ന ബ്രാഹ്മണന്റെ അഴകമ്മാളെക്കുറിച്ച് അഛൻ സംസാരിക്കുമ്പോഴൊക്കെ കളിയാക്കി ചിരിക്കാറുള്ള അമ്മയുടെ കവിളിലെ നുണക്കുഴി തന്റെ കവിളിലെന്തേ കാണാത്തതീശ്വരാന്ന് ഞാനൊരിക്കൽ മുത്തച്ഛനോട് ചോദിച്ചു. ആൺകുട്ടികൾക്ക് നുണക്കുഴി പാടില്ലാന്ന് മുത്തച്ഛൻ ആശ്വസിപ്പിച്ചു.
‘അതെന്തേ…..?’
‘നുണക്കുഴി കുത്തിയാൽ അവര് നുണയന്മാരാവുംന്ന്
ഈശ്വരനറിയാം.’
‘അപ്പോ പെൺകുട്ട്യോള് നുണച്ചിമാരും ആവണ്ടെ. അതെന്താ
ആവാത്തെ……’
‘ആവൂലോ. നുണക്കുഴി കിട്ടിയിട്ട് പെൺകുട്ട്യോള് നുണ പറഞ്ഞൂന്ന് വെക്കാ… പറയണ്ട താമസം ആ കുഴി അങ്ങ് മൂടിപ്പോവും. പിന്നെ അവരുടെ
മുഖത്തിന് ഒരു ഭംഗീംണ്ടാവില്ല.’
അന്നു മുതൽ ഭയമായിരുന്നു. അറിയാതെങ്ങാനും ഒരു നുണപറഞ്ഞ് അമ്മയുടെ ഭംഗിയുള്ള നുണക്കുഴിയെങ്ങാനും മൂടിപ്പോവുമോ. ഓരോ തവണ ചിരിക്കുമ്പോഴും മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കവേ അമ്മ എന്നോടു ചോദിക്കും.
‘എന്താടാ…?’
‘ഒന്നൂല്ല്യ…’
‘അല്ല. എന്തോ ഒരു കള്ളത്തരം നീ ഒപ്പിച്ചിട്ടുണ്ട്. എന്താടാ…’
‘ഒന്നൂല്ല്യാന്ന് ഞാൻ പറഞ്ഞില്ലേ…’
‘എന്തോ ഉണ്ടെന്ന് ഞാനും പറഞ്ഞില്ലേ… എന്താടാ…?’
‘അമ്മ നുണപറയുന്നുണ്ടോന്ന് നോക്കിയതാ…’
അതും പറഞ്ഞ് ഒരോട്ടമാണ്. അങ്ങിനെ ഓടിയപ്പോഴാണ് പൂമുഖത്ത് പുല്ലുപായ വിരിച്ച് ഉച്ചയൂണും കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മുത്തച്ഛനെ കാൽ തട്ടി ഒരിക്കൽ കമിഴ്ന്നടിച്ചു വീണത്. പുതുമഴയായി മൂക്കിലൂടെ കുത്തിയൊലിച്ചിറങ്ങിയ ചോര കണ്ട് ഓടി വന്നെടുത്ത് നിലവിളിച്ച് കരയുമ്പോഴും അമ്മയുടെ നുണക്കുഴി കാണാൻ നല്ല ഭംഗിയായിരുന്നു.
കാർമേഘം വീണ്ടും വിളിച്ചു.
‘അയ്യാ…’
അയാളുടെ മുഖത്തേക്ക് നോക്കവെ, അതിനകം ഒപ്പം നടന്നു വന്ന കുതിരയും സ്‌നേഹത്തോടെ വിളിച്ചു.
അയ്യാ……
എവിടേക്കെങ്കിലും ഞാൻ തനിച്ച് യാത്ര പോയാൽ താമസവും ഭക്ഷണവുമാണ് അമ്മയ്ക്ക് ഏറ്റവും ഭയം. രാത്രിയിൽ ഉറക്കം വരാതെ ഭാഗവതവും വായിച്ച് ഇരിക്കുന്ന അമ്മയെ അഛൻ സ്‌നേഹത്തോടെ ശാസിക്കേ, അമ്മ സങ്കടം പറയും.
‘അവനിപ്പം എവിടാ ഉറങ്ങുന്നുണ്ടാവാ. ഇന്നെന്താ കഴിച്ചിട്ടുണ്ടാവാ.’
‘ഉറങ്ങാൻ സ്ഥലം കിട്ടാതെ അവനെന്തായാലും ഈ അർദ്ധരാത്രി ഭാഗവതവും വായിച്ച് നിന്നെപ്പോലെ നടുറോട്ടിൽ ഇരിക്കുന്നുണ്ടാവില്ല. നീ വന്ന് ഉറങ്ങാൻ നോക്കുന്നുണ്ടോ…..’
‘ഇന്നെന്തെങ്കിലും കഴിച്ചിട്ടുണ്ടാവോ എന്തോ..’
‘അത്ര ദണ്ണംണ്ടെങ്കില് ആ മുളകുഷ്യം നീ ഇത്തിരി കുപ്പിയിലൊഴിച്ച്, നാക്കില വെട്ടി കുറച്ച് ചോറും പൊതിഞ്ഞ് രണ്ടും കൂടി ഇങ്ങ് താ. ഞാനവന് കൊണ്ടുപോയി കൊടുത്ത് പെട്ടെന്ന് വരാം.’
അമ്മ ഭാഗവതം അടച്ചു വയ്ക്കും. പെറ്റ വയറിന്റെ വിഷമം പെറാൻ കാരണക്കാരനായവന് മനസ്സിലാവില്ലെന്ന് എല്ലാ അമ്മമാരെയും പോലെ പരിഭവം പറഞ്ഞ് വന്നു കിടക്കും. അഛനെത്ര അമർത്തി കെട്ടിപ്പിടിച്ചാലും നിന്നെയോർത്ത് തീരെ ഉറക്കം വരാറേ ഇല്ലെന്ന് അമ്മ പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്.
അതാണമ്മ.
എന്റമ്മ.
അന്യ നാട്ടിലെ ഹോട്ടൽ ഭക്ഷണം വിഴുങ്ങി ശരീരം ചിതലരിക്കുന്നതിലും ഭേദം ആരുടെ വീടായാലും ശരി അവിടുത്തെ അടുപ്പിൽ തിളയ്ക്കുന്ന ആഹാരം തന്നെയാണ് നല്ലതെന്ന് അമ്മ എപ്പോഴും പറയും.
‘അങ്ങിനെയാണെങ്കിൽ നിന്നേം കൊണ്ട് എവിടെങ്കിലും ചെല്ലേണ്ടിവന്നാൽ ഹോട്ടലീന്ന് ഒന്നും തിന്നാതെ നീ പട്ടിണി കിടന്ന് ചത്ത് പോലൂലോ പാർവ്വതി ?’
‘രണ്ട് നാല് ദിവസത്തെ ഉപവാസമൊന്നും എനിക്കൊരു പ്രശ്‌നാവില്ല. എന്നാലും ഈ വൃത്തിയില്ലാത്ത ഹോട്ടൽ ഭക്ഷണം വയ്യ.’
പഴനിയിൽ വന്നതും മുറിയെടുത്ത ഹോട്ടലിൽനിന്നും എനിക്ക് കുടിക്കാൻ വാങ്ങിയ പാലിൽ കിടന്ന ഒരു നരച്ചമുടി അമ്മ ശ്രദ്ധാപൂർവ്വം അഛനെ എടുത്ത് കാണിച്ചു. അതോടെ അഛൻ മുറിവിട്ട് എതോ കുതിരവണ്ടിക്കാരൻ കാണിച്ചു കൊടുത്ത ഒരു ബ്രാഹ്മണന്റെ വീട്ടിലേക്ക് മകനെയും എടുത്ത് കയറി വന്ന് അന്തിയുറങ്ങി. വീട്ടുമുറ്റത്ത് കെട്ടിയിട്ട പശുവിന്റെ അകിട് ബ്രാഹ്മണന്റെ അഴകമ്മാൾ ശുദ്ധ വെള്ളത്തിൽ കഴുകി ഓട്ടു ഗ്ലാസിലേക്ക് പാൽ കറക്കുന്നത് എന്നെയും ഒക്കത്തെടുത്ത് അമ്മ നിർവൃതിയോടെ നോക്കിനിൽക്കുന്നത് കാണുമ്പോൾ, ഇവളെന്ത് ലോകം കണ്ടു ഈശ്വരാ എന്നായിരുന്നുവത്രെ പതിനാറാം വയസ്സിൽ നാടുവിട്ട് അന്യനാട്ടിൽ പോയി ജീവിതം വെട്ടിപ്പിടിച്ച അഛന്റെ ചിന്ത.
‘ഞാൻ ലോകം കാണാത്തതുകൊണ്ട് മോന് കുടിക്കാൻ പാല് കിട്ടി. അല്ലെങ്കിൽ അഛന്റെ അസുഖം മാറണേന്ന് പ്രാർത്ഥിക്കാൻ പോയിട്ട് മോന് അസുഖവും കൊണ്ട് ഞാൻ തിരിച്ചു വന്നേനെ.’
എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാത്തതുകൊണ്ടാവും കാർമേഘം ചിനച്ചു നിന്നു. കുതിരയ്ക്ക് വരെ ദേഷ്യം വന്നു.
‘അയ്യാ….’
ഇനിയും അവരെയിങ്ങനെ ഒപ്പം നടത്തിക്കുന്നതു ശരിയല്ലെന്ന് അമ്മയും ഉപദേശിച്ചു. നിനക്കിഷ്ടമുള്ള സ്ഥലത്ത് തങ്ങ്. ഇഷ്ടമുള്ളത് കഴിക്ക്. എനിക്കൊരു പേടിയും ഇല്ല.
അമ്മക്ക് പേടിയില്ല. പക്ഷേ, എനിക്ക് പേടിയുണ്ട്. മനസ്സിലെ ഭയം ഞാൻ കാർമേഘത്തോട് തുറന്നു പറഞ്ഞു.
‘വരുന്നതിൽ വിരോധമില്ല. പക്ഷേ, ഇത്തിരി വൃത്തിയുണ്ടാവണം. ഭക്ഷണം വലുതായിട്ടല്ലെങ്കിലും ഉള്ളത് നല്ല പാത്രത്തിൽ വിളമ്പണം. ആവശ്യമുള്ള
പണം എത്രയാണെങ്കിലും അത് ആദ്യം തന്നെ പറയുന്നതാണ് എനിക്കിഷ്ടം. കണക്കു പറഞ്ഞ് ഒടുക്കം തല്ലുകൂടാന്നുള്ള വല്ല ചിന്തയും ഉണ്ടെങ്കിൽ ഇപ്പഴേ നമസ്‌കാരം.’
കാർമേഘം സ്വന്തം മൂർദ്ധാവിൽ കൈവച്ചു.
‘മുരുകനാണെ സത്യം. കുഞ്ഞ് ആഗ്രഹിക്കുന്നത് തന്നാ മതി. നഷ്ടം വന്നാൽ കാർമേഘം സഹിച്ചോളാം.’
കുതിരയും തലകുലുക്കി.
അതെ, നഷ്ടം വന്നാൽ ഞങ്ങള് സഹിച്ചോളാം.
മതിയെന്ന് ഞാനും പറഞ്ഞു.
അത് കേൾക്കേ ആവേശത്തോടെ കുതിര ഒന്നുലഞ്ഞു വിടർന്നു. ദേഹം എണ്ണക്കറുപ്പാർന്നു. ചാമര വാലൊന്നു വീശി കാർമേഘം ഉയർത്തിപ്പിടിച്ച വണ്ടിയുടെ നുകത്തിനടിയിലേക്ക് പ്രസരിപ്പോടെ തലതാഴ്ത്തി ഉയർന്ന് അവനും എന്നെ ഒന്നു നോക്കി. ആ സാധുമൃഗത്തിന്റെ കണ്ണിൽപോലും നന്ദിയുടെ പ്രകാശം കണ്ടു.
മുരുകന്റെ നിശ്വാസമായി ഞങ്ങൾക്കു ചുറ്റും കാറ്റു വീശി. ചുരുൾ ചുരുളായി ഉയർന്നു പൊങ്ങിയ മണ്ണും കുതിരച്ചാണകത്തിന്റെ തരികളും കണ്ണാടി വച്ച കുതിരയുടെ മുന്നോട്ടുള്ള ഗതി മറച്ചു. ആളൊഴിഞ്ഞ തെരുവുകൾ കടന്ന് പുലർകാലമഞ്ഞിന്റെ നനവ് രുചിച്ച് കാർമേഘത്തിന്റെ കുതിര എന്നെ എത്തിച്ചത് ഒരു കൊച്ചുവീടിന്റെ മുന്നിലാണ്. വാതിൽക്കൽ ആരോ തിരക്കിട്ടു വരച്ച അരിപ്പൊടിക്കോലത്തിനു ചുറ്റും അന്നത്തെ അന്നപ്രാശത്തിനു വന്ന ഉറുമ്പുകളെ ഞാൻ കണ്ടു. അവയെ അശേഷം നോവിക്കാതെ കാർമേഘത്തിന്റെ കുതിര പതിയെ വണ്ടി നിർത്തി.
‘എന്താ ഇവന്റെ പേര്……?’
‘അങ്ങിനെ പേരൊന്നും ഇട്ടിട്ടില്ല അയ്യാ. ദിവസവും അടിവാരം ചെന്ന് കോവിലും നോക്കി മുരുകാ മുരുകാന്ന് ഞാൻ വിളിക്കാറുണ്ട്. അത് കേട്ടുകേട്ട് ഇവന്റെ വിചാരം അത് ഞാൻ ഇവനെ വിളിക്ക്യാന്നാ. അതങ്ങിനെ ഇവന്റെ പേരായി.’
‘അത് നന്നായി ഇവനാ പേര് നന്നായി ചേരും.’
കാർമേഘത്തിന്റെ വീട് വളരെ ചെറുതാണ്. പഴനി മലയിൽനിന്നും സ്വൽപ്പം മാറി ധാരാളം വൈക്കോൽ തുറു കുത്തി നിറുത്തിയ മാന്തോപ്പിനകത്തൊരു ചെറിയ വീട്. മുൻവശത്ത് രണ്ടു മുറി. അതിലൊന്നാണെനിക്കു തുറന്നു തന്നത്. പുറകിലെത്ര മുറിയുണ്ടെന്നറിയില്ല..
വാതിൽ തുറന്നാൽ പഴുത്ത മാങ്ങയുടെ വാസന കാറ്റിൽ പതഞ്ഞു വരും. കുതിരവണ്ടിക്കാരൻ മാത്രമല്ല ഈ മാന്തോപ്പിന്റെ കാവൽക്കാരൻ കൂടിയാണ് കാർമേഘം. ഏതോ ഒരു ഗൗഡരുടേതാണ് മാന്തോപ്പ്. നാൽപ്പത്തേഴ് വർഷമായി ഈ മാന്തോപ്പിൽ ജീവിതമാരംഭിച്ചിട്ട്. മുത്തച്ഛനായിരുന്നു ആദ്യം. പിന്നെ അഛൻ. ഇപ്പോൾ കാർമേഘം. മാസാമാസം ഗൗഡർ അയച്ചുകൊടുക്കുന്ന ഒരു ചെറിയ തുകയല്ലാതെ ഒരു മാങ്ങപോലും പറിച്ചെടുത്ത് വിറ്റ് കാർമേഘം അരി വാങ്ങിയിട്ടില്ലെന്ന് ഈ ഒരൊറ്റ കാൽവെപ്പു കൊണ്ടു തന്നെ ഞാനറിയുന്നു. മാങ്ങ പഴുക്കുന്ന സമയം ഗൗഡരുടെ മാനേജർ ഏതോ മുരുകഭക്തൻ വരുന്നു. ഈ മാസം വരുന്നവനെ അടുത്ത മാസം കാണില്ല. അടുത്തമാസം വരുന്നവനെ അതിനടുത്ത മാസം കാണില്ല. അത്രയേറെ മാനേജർമാരുണ്ട് ഗൗഡർക്ക്. അവരുടെ ഒന്നും പേരറിയില്ലെങ്കിലും അവരെല്ലാം മുരുകഭക്തരാണെന്ന് ഉറപ്പ്. തോട്ടത്തിൽ പണിക്കാർ മാങ്ങ പറിക്കുമ്പോൾ അവർ പകൽ മുഴുവനും മലമുകളിലായിരിക്കും. ലോറികൾ നിറയെ മാങ്ങയുമായി പണിക്കാർ തിരിക്കുമ്പോൾ മുടിയെടുത്ത തലയിൽ അവിടെവിടെ ചന്ദനം പൂശി കുട്ടികൾക്കുള്ള പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുമായി അവർ ലോറിയുടെ മുൻസീറ്റിൽ തന്നെ ഇരിക്കുന്നുണ്ടാവും.
രാവിലെ സ്വല്പനേരം ഞാൻ ഉറങ്ങി. എന്നോടൊപ്പം ഒന്നു കറങ്ങാൻ കൊതിച്ച കുതിര ദേഷ്യത്തോടെ ചിണുങ്ങുന്നത് കേട്ടാണ് ഉറക്കത്തിനിടയിലെങ്ങോ ഞാൻ ഉണർന്നതും. എവിടെക്കെങ്കിലും യാത്ര കാണുമെന്നു കരുതി കാർമേഘം മുന്നിൽ വന്നു. മുഖം കഴുകാൻ എടുത്തുവച്ച വെള്ളവും അന്ന് വാങ്ങിയ ചെറിയ സോപ്പും കാണിച്ചു തന്നു. കുടിക്കാൻ ചായ എടുക്കട്ടെ എന്നു ചോദിച്ചു. ഇന്ന് അഭിഷേകം വല്ലതും കഴിക്കണോ അതോ അതിനായി വല്ല നാളും കണ്ടുവച്ചിട്ടുണ്ടോ, മലമുകളിലേക്ക് പടവുകൾ കയറി പോകുന്നോ എന്നൊക്കെ ചോദിച്ചു. മുഖം കഴുകിയതല്ലാതെ ഞാൻ ഉത്തരമൊന്നും പറഞ്ഞിരുന്നില്ല. അശേഷം ഉപ്പു രസമില്ലാത്ത നല്ല തണുത്ത വെള്ളം ധാരാളം കയ്യിലെടുത്ത് മുഖത്തൊഴിച്ചു.
‘എവിടുന്നാണ് ഇത്രയും നല്ല വെള്ളം കിട്ടിയത്……?’
‘മാന്തോപ്പിനകത്ത് ഒരു ചെറിയ ഉറവയുണ്ട് അയ്യാ.’
പഴനിമല കയറുന്നതിനുപകരം ഇന്ന് മാന്തോപ്പിലൊന്നു കയറിയാലോ എന്ന് മനസ്സിലെ കുട്ടി ചോദിച്ചു. കുട്ടിക്കാലത്ത് അമ്മയോടും അഛനോടുമൊപ്പം വർഷത്തിലൊരിക്കൽ തറവാട്ടിലൊരു കറക്കം പതിവുണ്ട്. പൂത്തു നിൽക്കുന്ന മാവും പരിസരവും മാത്രമല്ല, സ്‌നേഹം ഉദിച്ചു നിൽക്കുന്ന അമ്മമ്മയും അമ്മാവന്മാരും, കുട്ടിക്കൂറ വാസനിക്കുന്ന സ്വന്തക്കാരി പെൺകുട്ടികളും, കടൽത്തിരപോലുലയുന്ന നെൽപ്പാടം മുറിച്ചു നീളുന്ന വരമ്പിന്നറ്റത്തെങ്ങോ ഉറയുന്ന ചെണ്ടമേളവും, തിറയാടുന്ന ദൈവത്താന്മാരുടെ പോർവിളികളും…….
മനസ്സിലൊരു പഴനിമലയായി ഇന്നും അമ്മയുടെ തറവാട് പാലും
പഞ്ചാമൃതവും പൂശിയങ്ങിനെ നിൽക്കുകയാണ്.
‘പോവാം അല്ലേ………?’
‘പോവാം അയ്യാ……’
‘എവിടേയ്ക്ക് പോവാന്നാ കാർമേഘം പറഞ്ഞത് ?’
‘മാന്തോപ്പിലേക്ക് പോവാംന്നല്ലെ അയ്യാ പറഞ്ഞത? !’
‘അതെ.’
കാർമേഘം മനസ്സു വായിച്ചതുകണ്ട് എനിക്കത്ഭുതം തോന്നി. അതെങ്ങിനെ കാർമേഘം അറിഞ്ഞു. ആരോ കാർമേഘത്തോട് എന്റെ രഹസ്യങ്ങൾ പറയുന്നുണ്ടോ.
മാന്തോപ്പിലെ ഊടുവഴിയിലൂടെ കാട്ടുചെടികൾ വകഞ്ഞുമാറ്റി മുരുകനോടൊപ്പമുള്ള യാത്ര അമ്മയോടൊപ്പം സ്വന്തം തറവാട്ടിലേക്കുള്ള യാത്രയായി എനിക്കു തോന്നിച്ചു. സന്ധ്യവരെ ഞാനാ മാന്തോപ്പിൽ കഴിച്ചുകൂട്ടി. ഇടയ്‌ക്കെങ്ങോ കാർമേഘം തനിയെ നടന്നുപോയി ഉച്ചക്കുള്ള ഭക്ഷണം കൊണ്ടുവന്നു. ഒരു പാത്രം നിറയെ ഇലയിൽ വിളമ്പിയ തുമ്പപ്പൂ ചോറ്. തറവാട് ഗ്രാമത്തിലെ വിഷ്ണുക്ഷേത്രത്തിലെ അട നിവേദ്യംപോലെ ചെറുചൂടോടെ. ഇലയിൽ പൊതിഞ്ഞു നനവൂറി നിൽക്കുന്ന തോരനും അച്ചാറും. ഏതോ കൂട്ടുകറി വേറെയും. അച്ചാറിന്റെ എരിവുള്ള സ്വാദിൽ എന്റെ കണ്ണു നിറഞ്ഞു. പച്ചമാങ്ങ ചെറുതായി വെട്ടി മുളകരച്ച് മറ്റെന്തൊക്കെയോ പൊടിക്കൈ ചേർത്ത് ചെറിയമ്മയുടെ വക ഒരച്ചാറ് പതിവുണ്ട്. ഞാൻ മാന്തോപ്പിൽ എത്തിയതറിഞ്ഞ് ചെറിയമ്മയെങ്ങാനും ഈ വഴി വന്നോ ആവോ….
‘ആരാ ഈ അച്ചാറുണ്ടാക്കിയത് ?’
കാർമേഘം ചിരിച്ചു.
‘അച്ചാറ് നന്നായിട്ടുണ്ട്…’
കാർമേഘം തൊഴുതു.
‘എനിക്ക് സന്തോഷമായി അയ്യാ…’
‘ഒരച്ചാറ് നന്നായാൽ ഇത്ര സന്തോഷിക്കാനുണ്ടോ.’
‘എല്ലാത്തിലും സന്തോഷിക്കുക. മുരുകൻ തരുന്നത് സ്വർഗ്ഗമായാലും നരകമായാലും സന്തോഷിക്കുക. പണ്ടുമുതലേ ഉള്ള ശീലമാണ്…..’
എനിക്കയാളോട് ബഹുമാനം തോന്നി. നന്മ നിറഞ്ഞ ഒരു സാധു വൃദ്ധൻ. ഞാനദ്ദേഹത്തെ പേരു വിളിക്കുന്നതുപോലും തെറ്റ്. അമ്മ കേട്ടാൽ ശാസിക്കും. പ്രായംകൊണ്ട് മൂത്തവരെ പേരു വിളിക്കരുത്. ഒന്നുകിൽ ചേട്ടൻ അല്ലെങ്കിൽ പിതൃസ്ഥാനത്തിന് തുല്യമായ മറ്റെന്തെങ്കിലും. അപ്പോൾ അഛൻ എതിർക്കും. അതൊന്നും നിർബന്ധമില്ലെന്ന് പറയും. പേരു തന്നെ ധാരാളം. പേരുകൊണ്ടു തന്നെ ചിലർ ആദരിക്കപ്പെടും. ചിലർക്ക് പേരുപോലും ഒരധികപ്പറ്റാവും.
കാർമേഘം എന്ന പേരു തന്നെ എനിക്ക് വിസ്മയമാണ്. ഇത്തരം ഒരു പേര് ഞാനാദ്യമായി കേൾക്കയാണ്. പഴനിയിൽ ചെന്നപ്പോൾ ഞാൻ കാർമേഘത്തെ കണ്ടുവെന്ന് പറഞ്ഞാൽ, അവിടെ ഇപ്പോൾ മഴക്കാലമാണോ എന്ന് അമ്മ ചോദിച്ചേക്കും. അത്രയ്ക്കും വിസ്മയമായ ഒരു പേര്.
ഊണു കഴിഞ്ഞ് ഇല മടക്കിയപ്പോഴാണ് ഞാൻ കാർമേഘത്തോട് ചോദിച്ചത്.
‘കാർമേഘം ഊണു കഴിച്ചതാണോ?’
‘കാർമേഘം സത്യം പറഞ്ഞു.
‘ഇല്ല അയ്യാ….’
എനിക്ക് വല്ലായ്മ തോന്നി. ഒരാളെ വിശപ്പോടെ മുന്നിൽ നിർത്തി വിളമ്പിച്ച്, വിളമ്പിയത് മുഴുവൻ വാരിക്കഴിച്ചത് വിശപ്പറിയാറില്ലെങ്കിലും ഈശ്വരന്നു വരെ ഇഷ്ടമായിക്കാണില്ല. ഞാനിനി എന്താ ചെയ്യാ. ഇലയിലാണെങ്കിൽ ഇനി ഒരു മണി തുമ്പപ്പൂ ഇല്ല. സകലതും ഓണക്കളമായി ഞാൻ വയറ്റിലിട്ടു.
‘എന്തേ കാർമേഘം കഴിക്കാഞ്ഞൂ…?’
‘എനിക്ക് ഒരു നേരേ ഭക്ഷണം ഉള്ളൂ അയ്യാ. അതും ഉള്ളതെന്താണെന്നു വച്ചാ മുരുകനും കൊടുത്ത് എല്ലാവരും കിടന്നു കഴിഞ്ഞ് രാത്രിമാത്രം.’
‘എല്ലാവരും എന്നുവച്ചാൽ ആരൊക്കെ……?’
കാർമേഘം ഒന്നും പറഞ്ഞില്ല. വിശപ്പറിയാത്ത വെറും വയറും തടവി ചിരിച്ചു നിന്നു. എന്തോ പറയാൻ ഒരുങ്ങിയ വിധം നിന്നിടത്തു നിന്നും ഇളകിയ മുരുകനെ എന്തോ പറഞ്ഞ് ശാസിച്ചു. ദേഷ്യം പിടിച്ചതുപോലെ അവനും ഗൗരവം നടിച്ചു. ചോറു പൊതിഞ്ഞുകൊണ്ടു വന്ന ഒഴിഞ്ഞ വാഴയില എറിഞ്ഞുകൊടുത്തതോ, കാർമേഘത്തിന്റെ സമ്മതം ഇല്ലാതെ വണ്ടിയ്ക്കടിയിൽ നിന്നും ഒരു കൈ പുല്ല് വലിച്ചെടുത്ത് നീട്ടിയതോ അവൻ തൊട്ടില്ല.
‘മുരുകനെന്താ ഇത്ര ഗൗരവം……?’
‘ഇവിടെ വരുന്നവരാരും ഇങ്ങിനെ മാന്തോപ്പിലൊന്നും വന്നിരുന്ന് സമയം കളയാറില്ല അയ്യാ. അവര് വരും. കുളിക്കും, ഭസ്മവും കുങ്കുമവും തൊടും. മലകയറി നേരെ മുരുകനെ കാണാൻ ചെല്ലും. പാലഭിഷേകം നടത്തും. പഞ്ചാമൃതം വാങ്ങി കുടിക്കും. മുടിയെടുക്കും, കാവടികെട്ടും, സമസ്ത ഭാരങ്ങളും ഇറക്കിവച്ച് വേഗം സ്ഥലം വിടും. അയ്യാ അതൊന്നും ചെയ്തില്ല. അതാവും മുരുകനൊരു പിടിയും കിട്ടാത്തത്…’
അതാണോ തന്റെ പ്രശ്‌നമെന്ന വിധം ഞാനും മുരുകനെ ഒന്നു നോക്കി. സൂക്ഷിച്ചു നോക്കിയാൽ അതു തന്നെയാണ് അവന്റെ പ്രശ്‌നമെന്നും തോന്നിപ്പോവും. അങ്ങിനെയാണ് അവന്റെ നിൽപ്പ്. ഞാനെന്തു ചെയ്യാനാണ്. അതിനൊന്നും അല്ല മുരുകാ ഞാനിവിടെ വന്നത്. പിന്നെന്തിനാണ് വന്നതെന്നു ചോദിച്ചാൽ വരുത്തിയ നിനക്കുപോലും അതറിയില്ലെന്നതാണ് വാസ്തവം.
ഞാൻ മുരുകനെ തലോടി. നല്ല പതുപതുത്ത രോമം. അഛന്റെ ചീകിവച്ച നരച്ച മുടി അഛൻ ഇരിക്കുന്ന ചാരുകസേരക്കയ്യിൽ ഇരുന്ന് വെറുതെ തടവി നോക്കുക എന്റെ സ്വഭാവമായിരുന്നു. തടവുന്ന സുഖത്തിന്റെ നിർവൃതിയിൽ അഛനങ്ങിനെ കണ്ണടച്ച് ഇരിക്കും. രാത്രിയിൽ ഇടയ്ക്കിടെ വരുന്ന ചുമ മാറാൻ അമ്മ ഏതോ പച്ചമരുന്നിട്ട് കാച്ചിയ എണ്ണയുടെ നനവും വാസനയും അഛന്റെ മുടി നിറയെ കാണും.
അതൊരു സുഖമാണ്. അഛന്റെമണം അമ്മയുടെമണം എന്നൊക്കെ പറഞ്ഞ് മരണം വരെ കൊണ്ടുനടക്കാൻ കിട്ടുന്ന അപൂർവം ചില സ്വകാര്യ സ്വത്തുക്കൾ. അത്തരം കോടാനുകോടി സ്വത്തുക്കൾ ഏക്കർ കണക്കിനുണ്ട് എനിക്ക്.
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ.
ആ കോടീശ്വരനാണ് തന്നെ തടവുന്നതെന്ന അഭിമാനത്തോടെ മുരുകൻ കാർമേഘത്തെ നോക്കി. ആദ്യം ഒന്നു ഭയന്നിരുന്നെങ്കിലും കാർമേഘം ആശ്വാസത്തോടെ ചിരിച്ചു.
‘മുരുകനങ്ങിനെ ആർക്കും തൊടാൻ നിന്നു കൊടുക്കാറില്ല അയ്യാ. അവൻ ബഹളം വയ്ക്കാറാണ് പതിവ്…’
ഉവ്വോ എന്നവിധം ഞാൻ മുരുകനെ നോക്കി. കാർമേഘം എന്തെങ്കിലും പറയട്ടെ എന്നഭാവം മുരുകന്. കാർമേഘം കാൺകെ ഞാനവന്റെ നെറ്റിയിൽ തന്നെ തൊട്ടു. അവിടെനിന്നും വിരൽകൊണ്ടൊരു വരവരച്ച് നേരെ മൂക്കിലേക്കു വന്നു. മൂക്കിന്നു മുകളിലൂടെ പതിയെ ആടുന്ന ചെവിക്കുനേരെ. ചെവി തൊട്ടതും ആകെ ഇക്കിളിയായി അകത്തൊരു ചിരിയോടെ അവനൊന്നുലഞ്ഞു നീങ്ങി.
ഞാനപ്പോൾ ഓർത്തത് അമ്മയെയാണ്. അമ്മ ആരെയും ചെവി തൊടാൻ സമ്മതിക്കില്ല. തൊടണ്ട താമസം അമ്മ ചിരിക്കാൻ തുടങ്ങും. ആ ചിരികാരണം അഛൻ വല്ലാതെ വിഷമിച്ചു പോയിട്ടുണ്ടത്രെ. സംശയിക്കേണ്ട. അഛൻ തന്നെയാണത് പറഞ്ഞത്. ഞാൻ തന്നെയാണത് കേട്ടതും. നീയെങ്ങിനെ പിന്നെ കാതുകുത്തിയെന്ന് ഒരിക്കൽ അഛൻ അമ്മയോട് ചോദിക്കുകയുണ്ടായി. അമ്മയുടെ ഉത്തരം അഛനിന്നും ഓർമ്മിക്കുന്നുണ്ടാവും.
‘ചിരിച്ചോണ്ടങ്ങ് കുത്തി. അല്ലാതെന്താ ചെയ്യാ. വേദനിണ്ടന്ന് വെച്ചാലും ചിരിക്കാണ്ടിരിക്കാൻ വെയ്‌ക്ക്യോ.’
അതാണമ്മ. കണ്ണീരിന് പോലും സ്‌നേഹത്തിന്റെ നനവുള്ള അസാധാരണയായ എന്റമ്മ. ആ അമ്മയാണ് എന്നെ ഇങ്ങോട്ടയച്ചത്.
അഛന്റെ മരണാനന്തര മോക്ഷകർമ്മങ്ങൾക്കായി നിലവിളക്കിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് പരികർമ്മി മന്ത്രം ചൊല്ലുമ്പോൾ ഞാൻ വല്ലാതെ കരഞ്ഞുപോയി. അമ്മ കരഞ്ഞില്ല. അഛന്റെ മരണസമയത്ത് ഞാൻ അടക്കിവച്ച ദു:ഖം പുറത്തുവന്നതാണെന്നും പറഞ്ഞ് അമ്മയെന്നെ ദേഹത്തോട് അമർത്തിപ്പിടിച്ചു. പാൽമണം നിറഞ്ഞു നിൽക്കുന്ന ആ ദേഹത്തിൽ അഭയം തേടവേ അഛൻ മാറിനിന്ന് ചിരിക്കുന്നതുപോലെ എനിക്കു തോന്നി. വിടർത്തിയിട്ട പുല്ലുപായയിൽ ഞങ്ങളെ നോക്കാനാവാതെ ചുമരും ചാരി മുഖം തിരിച്ച് ഇരിക്കുന്ന മുത്തച്ഛന്റെ കണ്ണുനിറയെ, വർഷം മുഴുവൻ പെയ്തു നിന്ന മഴയുടെ നനവായിരുന്നു അപ്പോൾ. പരികർമ്മി കത്തിച്ച നിലവിളക്കിലെ നാളമായി എല്ലാം കണ്ടുകൊണ്ട് അഛന്റെ ആത്മാവ് അവിടെ പരിലസിച്ചങ്ങനെ നിന്നു, ആത്മാവിനെ ആവാഹിക്കാനായി നാക്കിലയിൽ വെച്ച ആൾരൂപത്തിൽ വിദൂരതയിലുള്ള ഏതോ നക്ഷത്രത്തിൽ നിന്നും അഛൻ ഇറങ്ങി വരുന്നതിന്റെ പ്രകാശമായി നിലവിളക്കിലെ വെളിച്ചം വീണുകിടക്കുന്നത് അമ്മയോടൊപ്പം ഞാനും വ്യക്തമായി കണ്ടു.
അന്ന് വളരെ വൈകിയാണ് കിടന്നത്. അകത്തെ മുറിയിൽ പ്രകാശം കണ്ടു ചെല്ലുമ്പോൾ അമ്മ ഭാഗവതം വായിക്കുകയായിരുന്നു. ഞാൻ അമ്മയുടെ അടുത്തിരുന്നു. സാവകാശം അവിടെത്തന്നെ കിടന്നു. അമ്മയോട് ഭാഗവതത്തിലെ ഒരു കഥപറയാൻ പറഞ്ഞു. അമ്മ കഥ പറഞ്ഞു. അമ്മയെക്കാൾ നല്ലൊരു അമ്മയുടെ കഥ. അഛനെക്കാൾ നല്ലൊരു അഛന്റെ കഥ. എന്നെക്കാൾ നല്ലൊരു മകന്റെ കഥ.
മാന്തോപ്പിൽ നിന്നും പുറത്തുവരുമ്പോൾ സന്ധ്യയായി. ഇന്നിനി മല കയറുന്നില്ലെന്ന് ഞാൻ കാർമേഘത്തോട് പറഞ്ഞു. നാളെ അതിരാവിലെ ചെന്നു ക്യൂ നിൽക്കാം. അഭിഷേകങ്ങളൊന്നും വേണംന്നില്ല, മുരുകനെ വെറുതെ സ്വൽപ്പനേരം കാണണം. അതിനപ്പുറം ഈ ദർശനത്തിന് ഒരാഢംബരവും വേണ്ട.
‘ഇന്നും നാളെയും വിശേഷദിവസങ്ങളാണ്. ധർമ്മദർശനത്തിന് വരി നിന്നാൽ മുരുകനെ കാണാൻ കഴിഞ്ഞൂന്ന് വരില്ല. സ്‌പെഷൽ ദർശനത്തിന് ടിക്കറ്റെടുക്കുന്നതാണ് ബുദ്ധി. അതാവുമ്പോ മുരുകനെ അടുത്തു നിന്ന് കാണാം. അഞ്ചോ പത്തോ കൊടുത്താൽ മുരുകന്റെ തലയിൽ ചൂടിയ കിരീടം ഊരിയെടുത്ത് പൂജാരിമാർ കുഞ്ഞിന്റെ തലയിൽ വച്ച് അനുഗ്രഹിക്കും.’
വേണ്ട. അതൊന്നും വേണ്ട. ക്യൂ നിൽക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല. അടുത്ത് നിന്ന് കണ്ടാലും അകലെ നിന്ന് കണ്ടാലും ഈശ്വരനും മനുഷ്യനും എല്ലാം ഒരുപോലെ. സകലതും ഒരു കളി. അന്തവും കുന്തവും ഇല്ലാത്ത ഓരോതരം എൻടർടെയ്‌മെന്റ്.
മുറ്റത്ത് കെട്ടിയിട്ട മുരുകൻ കുതിര അതിരാവിലെ ചിനച്ചും ബഹളംവെച്ചും എന്നെ ഉണർത്തി. ധർമ്മദർശനത്തിന് ക്യൂ നിൽക്കാൻ എന്നെക്കാൾ ധൃതി അവനാണെന്നു തോന്നും. ഞങ്ങളെക്കാൾ നേരത്തെ എഴുന്നേറ്റ കാർമേഘം എനിക്ക് കുളിക്കാൻ ചൂടുവെള്ളം കൊണ്ടു വച്ചു. കുളി കഴിഞ്ഞ് വസ്ത്രം മാറി പുറത്തു വന്നിട്ടും കാർമേഘത്തെ കാണുന്നില്ല. മുരുകനെ അഴിച്ചു വണ്ടിയിൽ കെട്ടിയിട്ടില്ല. പുറപ്പെടുന്നതിനു മുമ്പു കൊണ്ടുവയ്ക്കാമെന്നേറ്റ പാലൊഴിക്കാത്ത കാപ്പി മേശപ്പുറത്തെത്തിയിട്ടില്ല. നേരം വൈകുന്നുവോ എന്നൊരു തോന്നൽ. ഏതായാലും ഒരു ദർശനത്തിനല്ലെ വന്നത്. നേരത്തെ ദർശിച്ച് ഇന്നോ നാളെയോ തന്നെ തിരിച്ചു പോകണം. അമ്മ കാത്തിരിക്കും. വൈകുന്തോറും ഇവനെവിടെ പോയെന്ന് ആധിപ്പെടും. ഞാൻ കാർമേഘത്തെ വിളിക്കാനാഞ്ഞു. വിളിച്ചത് മുരുകനെയാണ്.
‘എവിടെടോ നിന്റെ കാർമേഘം…?’
മുരുകൻ ഉച്ചത്തിലൊന്ന് ചിനച്ചു.
കാർമേഘം വന്നില്ല.
വിളിച്ചു നോക്കിയാലോ
മൂത്തവരെ പേരെടുത്ത് വിളിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ഞാനെന്ത് വിളിക്കും.
പെട്ടെന്ന് എനിക്ക് ഭയം തോന്നി. പുലർകാല ഇരുട്ടിൽ തപ്പിത്തടഞ്ഞ് കാർമേഘം അവിടെങ്ങാനും വീണുകാണുമോ. കരിയിലപോലെയാണ് കാർമേഘം. കാറ്റാണ് കൈ പിടിച്ചു നടത്തുന്നത്. ഒന്നു പോയി നോക്കിയാലോ.
ഞാൻ പിൻവശത്തേക്ക് ചെന്നു. നടന്നെത്തിയത് വൃത്തിയുള്ളൊരു മുറ്റത്തേക്ക്. മുറ്റത്തിനപ്പുറം താഴ്ത്തിക്കെട്ടിയ ഒരു മുറി മാത്രം. അകത്തൊരു വിളക്കെരിയുന്നു. വിളക്കിന്നരികിൽ നിലത്തേക്കും നോക്കി കാർമേഘം ചുരുണ്ടു കൂനി ഇരിക്കുന്നു. ഞരക്കംപോലെ എന്തോ ശബ്ദം കേൾക്കുന്നു. പ്രഭാതത്തിലേക്ക് തുറന്നു വച്ച വാതിൽക്കൽ നിന്ന് അകത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. കുനിഞ്ഞിരിക്കുന്നത് കാർമേഘം തന്നെ. എന്നാൽ ഞരങ്ങുന്നത് നിലത്ത് നമസ്‌കരിച്ചപോലെ കിടക്കുന്ന മറ്റാരോ ആണ്.
എന്റെ നിഴൽ ദേഹത്ത് വീണതും കാർമേഘം തപ്പിപ്പിടഞ്ഞെഴുന്നേറ്റു. ക്ഷമ ചോദിക്കും വിധം അയ്യാ… വിളിച്ച് എനിക്കായി എവിടെയോ എടുത്തു വെച്ച കാപ്പിപ്പാത്രം പരതുകയായി.
ഇരുട്ടു നിറഞ്ഞ മുറിയിൽ മറ്റൊരിരുട്ടായി അതുവരെ മാറി നിന്നിരുന്ന കാർമേഘത്തിന്റെ അതിവൃദ്ധയായ ഭാര്യയും എനിക്കു മുന്നിലേക്ക് എവിടെ നിന്നോ പറന്നു വീണ് കാർമേഘം പരതുന്ന കാപ്പിപ്പാത്രം എടുത്തു കൊടുത്തു. വലിയൊരു തെറ്റുചെയ്തപോലെ ആ കാപ്പിപ്പാത്രം എന്റെ മുറിയിൽ കൊണ്ടുവയ്ക്കാനായി എന്നെയും താണുവണങ്ങി കാർമേഘം ഓടുകയായി.
ഞാൻ കാർമേഘത്തെ തടഞ്ഞു.
‘ഇതാരാ കിടക്കുന്നത് …….?’
കാർമേഘം എന്തോ പറയാൻ ഭാവിച്ചു. കണ്ണുകൾ വരണ്ടു. അതുവരെയുള്ള താമസം മതിയാക്കി ഞാൻ ഇറങ്ങിപ്പോകുന്ന ദുരന്തം മുന്നിൽ കണ്ടുകൊണ്ട് കാൽക്കൽ വീഴാനൊരുങ്ങി.
‘തെറ്റുപറ്റി അയ്യാ. വരി നിൽക്കുന്നവരില് ഏജന്റുമാരെ ആരെയെങ്കിലും കണ്ട് അയ്യാക്ക് മുന്നിലൊരു സ്ഥാനം ഞാൻ സംഘടിപ്പിച്ചു തരാം. ഇവിടത്തെ താമസം നിർത്തി അയ്യാ പോവരുത്. എന്നെ ഉപേക്ഷിക്കരുത്…’
ദർശനത്തിന് ക്യൂ നിൽക്കാതെ ഞാൻ ചോദ്യം ആവർത്തിച്ചു.
‘ഈ കിടക്കുന്നത് ആരാണെന്നാ ചോദിച്ചത്…?’
‘എന്റെ മോളാണ്…’
‘അസുഖമുള്ള ഇവരെ വെറും നിലത്ത് തുണിവിരിച്ച് എന്തിനാണ് കിടത്തിയത്. കട്ടിലില്ലേ…?’
അവസാന ശ്വാസത്തിനായി കൈനീട്ടുന്ന ആത്മാവുപോലെ കാർമേഘത്തിന്റെ കണ്ണുകളിപ്പോൾ നിശ്ചലമാണ്. എനിക്കെല്ലാം വ്യക്തമാവുന്നു. രോഗിയായ മകൾ. നേരത്തെ വൃദ്ധരായി മാറിയ അഛനും അമ്മയും. എല്ലാവർക്കും ആശ്രയമായി ഓടിത്തളരാൻ തുടങ്ങുന്ന ഒരേ ഒരു കുതിര. എന്നാലും ഈ മോളെ എന്തിനാണ് ഇവരിങ്ങനെ നിലത്ത് കിടത്തിയത്…
അതിനുള്ള ഉത്തരം മനസ്സിലെ അമ്മ പറഞ്ഞു തന്നു.
നിലത്തു കിടത്താതെ അവരെന്തു ചെയ്യും.
ആ കട്ടിലിലാണ് നീ കിടക്കുന്നത്.
നീ പോയിട്ടുവേണം ആ കട്ടിലൊഴിയാൻ. നീ കൊടുക്കുന്ന പണം കൊണ്ടു വേണം മരുന്നും ഭക്ഷണവും വാങ്ങാൻ.
എന്റെ ശരീരം കിടുങ്ങി. വാങ്ങിയ കാപ്പിപ്പാത്രം തിരികെ കൊടുത്ത് ഞാൻ കാർമേഘത്തോട് പറഞ്ഞു.
‘ഇതവർക്ക് കൊടുക്ക്, അവർക്ക് നല്ല ദാഹമുണ്ടെന്നു തോന്നുന്നു.’
ആദ്യം ഒന്നമ്പരന്നുവെങ്കിലും കാപ്പിയുമായി കാർമേഘം കുനിഞ്ഞു. നിലത്ത് കിടക്കുന്ന ശരീരം ഇപ്പോൾ ഞരങ്ങുന്നില്ല. ഏതോ ഒരപരിചിതന്റെ സാന്നിദ്ധ്യം അറിഞ്ഞതുകൊണ്ടാവും അവർ വേദന പിടിച്ചുനിർത്തുകയാണ്. അവർക്കരികിലേക്ക് വന്ന് കാർമേഘത്തിന്റെ ഭാര്യ മുനിഞ്ഞു കത്തുന്ന വിളക്കുയർത്തി വെളിച്ചം കാണിച്ചു. ആ വെളിച്ചം അവരെ എനിക്കു മുന്നിൽ അൽപ്പാൽപ്പമായി പ്രകാശിപ്പിച്ചു.
ശരീരത്തിലെങ്ങോ മിടിക്കുന്ന ജീവന്റെ ത്രസനത്തിനൊത്ത് താളം ചവിട്ടുന്നൊരു പീലിക്കാവടി. മുരുകന്റെ കിരീടത്തിലെ ഇനിയും കൊഴിയാത്തൊരു പ്രകാശനാര്.
കാർമേഘത്തെ മുറിയിലേക്ക് കൊണ്ടുവന്ന് ആ കട്ടിലെടുക്കാൻ ഞാൻ സഹായിച്ചു. എവിടെയും തട്ടിക്കാതെ അത് മുറിയിലേക്കെടുക്കാൻ കാർമേഘത്തിന്റെ ഭാര്യ തന്നെ വാതിൽ തുറന്നു പിടിച്ചു. മുറിയിൽ കട്ടിലിട്ട് പുതിയ വിരിപ്പു വിരിച്ച് നിലത്തു നിന്നും താങ്ങിയെടുത്ത് കാർമേഘം മകളെ കട്ടിലിൽത്തന്നെ തിരികെ കിടത്തി. അഛന്റെ ചുമലിൽ അമർത്തിപ്പിടിച്ച് ആടി വന്ന് കട്ടിലിലേക്ക് പതിയെ ചായവെ ആകെ തളർന്ന ആ ശരീരത്തിന്റെ കണ്ണിൽ നന്ദിയുടെ ജ്വലനം ഞാൻ കണ്ടു. അവർക്കെന്താണു അസുഖമെന്നു ചോദിക്കാൻ എനിക്കു മനസ്സു വന്നില്ല.
ഒരസുഖവും ഇല്ലാതിരിക്കട്ടെ.
തിരികെ മുറിയിലേക്ക് വന്നു. ഒഴിഞ്ഞ കട്ടിലിന്റെ സ്ഥാനത്ത് ഒരൽപ്പം തണുത്ത നിലം ബാക്കി കിടക്കുന്നു. ഞാൻ നിലത്തിരുന്നു. ഇനി എന്തു ചെയ്യും. കുറച്ചുകൂടി ഉറങ്ങാം. നല്ല തണുപ്പുണ്ട്. പുതയ്ക്കാൻ ബാഗിലൊരു പുതപ്പുണ്ട്.
ജാലകത്തിനപ്പുറം മുരുകൻ കുതിര വിഷമിച്ചു നിൽക്കുന്നു.
എന്റെ മനസ്സവൻ വായിച്ചു കാണും.
ഉറങ്ങാൻ ഒരുങ്ങിയില്ല. അതിനകം കാർമേഘം വാതിൽക്കൽ വന്നു തൊഴുതു നിന്നു.
‘ഇതിനേക്കാൾ നല്ലൊരു സ്ഥലത്ത് ഞാൻ തന്നെ കൊണ്ടുചെന്നാക്കാം. ഇതുവരെ തങ്ങിയതിന് ഒന്നും തരണ്ട. കോപം തോന്നരുത്, എന്നെയും കുടുംബത്തെയും ശപിക്കരുത്…’
ആരോട് കോപം തോന്നാൻ.
ആരെ ശപിക്കാൻ.
എന്റെ മനസ്സു നിറയെ അവസാന ശ്വാസത്തിനായി കൈ നീട്ടുന്ന ആ പ്രാണന്റെ കണ്ണിലെ ജ്വലനമാണ്.
കീശയിൽ നെഞ്ചിടിപ്പായി സൂക്ഷിച്ചു വച്ച ഒരു കൂട്ടം പഴയ കടലാസ്സുകൾ കാർമേഘം എനിക്കു നേരെ നീട്ടി. ഈശ്വരന്റെ പുസ്തകത്തിലെ അക്ഷരം പോലെ ഒന്നും വ്യക്തമാകാത്ത ഭാഷയിൽ ഏതോ ഡോക്ടറുടെ കുറെ നിസ്സഹായ കൈയ്യക്ഷരങ്ങൾ അതിൽ നിറയെ വീണു കിടക്കുന്നു.
അമ്മ പറഞ്ഞത് സത്യം. ഞാൻ കിടന്നത് അവളുടെ കട്ടിലിലാണ്. ഈ സമയത്തിനുള്ളിൽ ഞാൻ കുടിച്ചതും കഴിച്ചതും അവൾക്കുള്ള പാലും പലഹാരവുമാണ്. ഇനി പോകുന്നതിനു മുമ്പ് ദക്ഷിണ കൊടുക്കുന്ന ജോലി മാത്രമേ എനിക്കുള്ളൂ. അതെടുത്ത് അഛൻ മകൾക്കുള്ള മരുന്നും അത്യാവശ്യം ഭക്ഷണവും വാങ്ങും. അടുത്ത ദിവസം മറ്റാരെങ്കിലും സത്രം തേടി വന്നാൽ വീണ്ടും ആ കട്ടിൽ തന്നെ എടുക്കും വിരിപ്പു വിരിക്കും. അടുത്ത മരുന്നിന്റെ തണുത്ത സ്പർശവും കാത്ത് ദേഹം കൊത്തിവലിക്കുന്ന വേദനയുടെ കഴുകന്മാരോട് ശാന്തരായിരിക്കുവാൻ കാർമേഘത്തിന്റെ മകൾ കെഞ്ചികൊണ്ടേയിരിക്കും. കഴുകന്മാർ ഒരിക്കലും ശാന്തരാവാറില്ല. വേദനിക്കുന്ന മകൾക്കരികിൽ കൺപോള അടയാതെ കാവലിരിക്കുന്ന കാർമേഘത്തിന്റെ ഭാര്യ ഒരിക്കലും ഉറങ്ങാറില്ല.
ഞാൻ കാർമേഘത്തോട് പറഞ്ഞു.
‘കട്ടിൽ ഇല്ലാത്തതുകൊണ്ടോ, ഭക്ഷണം കിട്ടാത്തതു കൊണ്ടോ ദർശനത്തിനു മുമ്പ് ഞാൻ നിങ്ങളെ ഉപേക്ഷിച്ചു പോവില്ല. ഇന്നിനി ഏതായാലും ദർശനത്തിന് ക്യൂ നിൽക്കാൻ വയ്യ. അതിനു പകരം നമുക്ക് ഡോക്ടറെ ഒന്നു കാണാം. ഇതു മുഴുവൻ പഴയ മരുന്നുകളാണ്. പുതിയ വല്ല മരുന്നും ഡോക്ടർ എഴുതിയാൽ അത് ഞാൻ വാങ്ങിത്തരാം. എന്താ.’
കാർമേഘം തൊഴുതു.
ഡോക്ടർ എന്നെത്തന്നെ സൂക്ഷിച്ചു നോക്കി.
പിന്നീട് സ്വൽപ്പം അമ്പരപ്പോടെ ചോദിച്ചു.
‘നിങ്ങളാണോ ചിന്നദുരൈ…?’
ചിന്നദുരൈ അല്ലെന്നറിഞ്ഞതും ഡോക്ടർ എഴുതിത്തന്നത് കുറെ വേദന സംഹാരികൾ. ഓരോന്നും കൊടുത്തു നോക്കുക. വേദന മാറി നിൽക്കുന്നുവെങ്കിൽ കുറച്ചു കാലം അതു തന്നെ തുടരുക. അറിവിലുള്ള മറ്റു മരുന്നുകൾക്ക് ഇനി ഒന്നും ചെയ്യാനില്ല. അതണയാറായി. അവസാനിക്കാറായി. വീണ്ടും ഉദിക്കാൻ അശേഷം മോഹമില്ലാതെ അസ്തമിക്കാറായി.
മരുന്നു കഴിച്ച് വേദനയുടെ കഴുകന്മാരെ മയക്കി കിടത്തി കാർമേഘത്തിന്റെ മകൾ എനിക്കു മുന്നിൽ എഴുന്നേറ്റിരിക്കാൻ പ്രയാസപ്പെട്ടു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും കാർമേഘം അവളെ താങ്ങി ഇരുത്തി. സ്‌നേഹം നിറഞ്ഞ അവളിലെ ഈശ്വരന്റെ കണ്ണുകൾക്ക് ചാരനിറം വന്നിരിക്കുന്നു. എണ്ണ കാണാഞ്ഞിട്ടും തലമുടിക്ക് കറുപ്പിന്റെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല. ഉടുത്തിരിക്കുന്ന പഴയ പട്ടുസാരിയുടെ നൂലെല്ലാം നിറം പോയെങ്കിലും കസവ് നാരുകൾ അശേഷം മങ്ങിയിട്ടില്ല. പാദം തറയിൽ വയ്ക്കാതെ അവൾ കട്ടിലിലേക്കുയർത്തി വയ്ക്കവെ ആ വിരലുകളിലൊന്നിലെ വെള്ളി മോതിരം ഊരി വീഴുമോ എന്നു ഞാൻ ഭയപ്പെട്ടു.
അവളെന്നോടു പറഞ്ഞു.
‘അഛനെയും അമ്മയെയും അല്ലാതെ വളരെ കാലത്തിനുശേഷം ഈ ലോകത്തുള്ള മറ്റൊരാളെ ഞാൻ കാണുകയാണ്. നിങ്ങളെ ആരാണാവോ എന്റെ മുന്നിലെത്തിച്ചത്. അതാരായാലും ആ ശക്തി എനിക്കൊരു പ്രത്യാശ തരുന്നു. ഞാനത് നിങ്ങളോടു പറഞ്ഞോട്ടെ…?’
കാർമേഘം തടയാൻ ശ്രമിച്ചുവെങ്കിലും അവളത് പറയട്ടെ എന്ന് ഞാനും ആഗ്രഹിച്ചു. കട്ടിലിന്നരികിലെ ജനൽപ്പടിമേൽ വെച്ച വളരെ പഴകിയ ഏതോ പ്രാർത്ഥനാപുസ്തകത്തിൽ നിന്നും അവളൊരു ഫോട്ടോ എടുത്ത് എനിക്കു നീട്ടി. ഞാനത് വാങ്ങി.
വളരെ പഴയൊരു വിവാഹഫോട്ടോ. അനേകം പ്രാവശ്യം എടുത്ത് നോക്കിയതിന്റെ ക്ഷീണം മുഖത്ത് കാണാമെങ്കിലും ഫോട്ടോയിലെ വധുവിന്റെ മുഖത്തെ പ്രസരിപ്പ് അപ്പോഴും മാറിയിട്ടില്ല. മാലയും താങ്ങി മിഴിച്ചു നിൽക്കുന്ന വരന്റെ ശ്രദ്ധ മറ്റെങ്ങോ ആണ്.
അവൾ പറഞ്ഞു.
‘ആ വധു ഞാനാണ്. വരൻ എന്നെ വിവാഹം ചെയ്ത ആളും.’
എനിക്ക് വിശ്വാസം വന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമേ ആയുള്ളൂവെന്ന് അവൾ പറഞ്ഞുവെങ്കിലും ഫോട്ടോയിലെ വധുവും എന്റെ മുന്നിലെ അവശയായ ഭാര്യയും ഒരു വിധത്തിലും പരസ്പരം തിരിച്ചറിയുന്നില്ല. വളരെ സൂക്ഷിച്ചു നോക്കിയാൽ നിറം മാറുന്ന കണ്ണിലെങ്ങോ അണയാതെ പിടിച്ചു നിൽക്കുന്ന ഒരു തിളക്കം കാണാം.
അധികനേരം ചാരി ഇരിക്കാൻ കഴിയാതെ തളരുന്ന കൈപ്പത്തികൾ തൊഴുതു പിടിച്ച് വിതുമ്പുന്ന ശബ്ദത്തോടെ അവൾ തുടർന്നു.
‘അങ്ങെത്ര ദിവസം ഇവിടെ ഉണ്ടാവുമെന്ന് എനിക്കറിയില്ല. ഇവിടെ നിന്നും കുറച്ചകലെയെങ്ങോ എന്നെ വിവാഹം കഴിച്ച ഈ മനുഷ്യനുണ്ട്. കണ്ടിട്ട് വർഷങ്ങളായി. അറിയാറില്ല. അന്വേഷിക്കാറില്ല. കണ്ണടയുന്നതിനുമുമ്പ് ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണണമെന്ന് ഒരു മോഹംണ്ട്. ഒരു പെണ്ണിന്റെ വെറുമൊരു കൊതി. അങ്ങേക്ക് അദ്ദേഹത്തെ എനിക്കൊന്ന് കാണിച്ചു തരാൻ സാധിക്കുമോ?
ജീവിതത്തിൽ ഇന്നുവരെ കാണാത്ത ഒരാളോട് ഒരാഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റാണെന്ന് അറിയാം.
എന്നാലും…
ഞാൻ പറഞ്ഞില്ലേ…
അങ്ങയെ മുന്നിൽ എത്തിച്ചു തന്ന ഏതോ ഒരു ശക്തി അതിലൊരു തെറ്റുമില്ലെന്നും പറയുന്നു…
സമയമുണ്ടെങ്കിൽ മാത്രം മതി…
സമയമുണ്ടെങ്കിൽ മാത്രം.’
സംസാരിക്കാൻ കഴിയാതെ അവളുടെ ശബ്ദം കാറ്റായി. അമ്മ നീട്ടിയ കൈവിരൽ പിടിച്ച് ഒരു തൂവലായി കിടക്കയിലേക്ക് പതിയ്ക്കുമ്പോഴും അവൾ എന്നിൽ നിന്നും നോട്ടമെടുത്തിരുന്നില്ല.
എന്ത് ഉത്തരം പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു. ഒരാളെ കണ്ടുപിടിച്ച് ഒരു കാര്യം പറയുക എളുപ്പമാണ്. അത് കണ്ടുപിടിക്കപ്പെടാനോ ആ കാര്യം കേൾക്കാനോ ഇഷ്ടമില്ലാത്ത ഒരാളാവുമ്പോൾ എന്തു ചെയ്യണമെന്ന് എനിക്കും അറിയില്ല.
എല്ലാവരും ധർമ്മദർശനത്തിന്റെ വരിയിൽ നിൽക്കുന്നവരാണ്. ഇടയിൽ നുഴഞ്ഞു കയറാൻ ആരും ആരെയും അനുവദിക്കുന്നില്ല.
അവർ ഉറങ്ങിയെന്നു തോന്നുന്നു.
വേദന മാറ്റുക എന്നതിനുമപ്പുറം വേദനിക്കുന്ന മനസ്സിനെ ഉറക്കുക എന്നൊരു ധർമ്മം കൂടി അവൾ കഴിച്ച മരുന്നിനുണ്ടാവണം. എന്തൊക്കെയോ സംഭവിക്കുമെന്ന പ്രത്യാശയോടെ മുരുകൻ കുതിര വണ്ടിക്കരികിൽ നിൽക്കുന്നു. കാർമേഘം അവന് പുല്ലോ വെള്ളമോ കൊടുത്തിട്ടില്ല. മുരുകനാവട്ടെ വിശപ്പോ ദാഹമോ പ്രകടിപ്പിക്കുന്നുമില്ല. ഇന്നിനി ദർശനമില്ലെന്ന് അവൻ മനസ്സിലാക്കി കാണും. എങ്കിലും എങ്ങോട്ടോ ഒരു യാത്ര ഉണ്ടെന്ന് മുരുകനോടാരോ പറയുന്നുണ്ട്.
കാർമേഘത്തിന്റെ മകൾ കാത്തിരിക്കുന്ന ചിന്നദുരൈയുടെ ഗ്രാമത്തിലേക്ക് വളരെ ദൂരമുണ്ടെന്നാണ് ഞാൻ കരുതിയത്.
മുരുകനത് ഒരു വിളിപ്പാടകലെ.
ചിന്നദൂരൈയെ തേടിയുള്ള ഒരു ദർശനത്തിന് പുറപ്പെടുകയാണെന്നറിഞ്ഞതും മുരുകൻ കരിമ്പിൻ കാട്ടിലെ ഊടുവഴിയിലൂടെ കിതച്ചുകൊണ്ട് ഓടി.
തേടിത്തേടി എത്തിയത് പട്ടം പറപ്പിക്കുന്ന കുറേ കുട്ടികളുടെ നിഴലിലേക്ക്. കുട്ടികളെ മാറ്റി നിർത്തി കാർമേഘം എന്തൊക്കെയോ ചോദിച്ചു. ചിലർ ഇടത്തോട്ട് കൈചൂണ്ടി. ചിലർ വലത്തോട്ടും. കൂട്ടത്തിൽ മുതിർന്ന പെൺകുട്ടി കാർമേഘത്തോട് ഉച്ചത്തിൽ പറഞ്ഞു.
‘അയാളുടെ പേരിപ്പാ ചിന്നദൂരൈന്നല്ല…’
പേരുമാറ്റിയ ചിന്നദുരൈയുടെ വീട്ടിലേക്ക് വീണ്ടും അഞ്ചാറു നാഴിക മുരുകന് ഓടേണ്ടി വന്നു. ദൃഷ്ടി ദോഷം വരാതിരിക്കാനായി ഗണപതിയെ കാവൽ നിർത്തിയ വലിയ വീടിനു മുന്നിൽ മുരുകനെ നിർത്തി കാർമേഘം എനിക്ക് വീട് ചൂണ്ടിക്കാണിച്ചു തന്നു. അവിടേയ്ക്ക് കാർമേഘം വരുന്നില്ല. വന്നാൽ ചിന്നദുരൈ വഴക്കു പറയും. ചിലപ്പോൾ തല്ലും. അവളുടെ ആഗ്രഹം പറഞ്ഞുകൊണ്ട് അവിടേക്ക് ചെല്ലാതിരിക്കുന്നതാണ് ബുദ്ധി. നമുക്ക് തിരിച്ചു പോകാം.
കാർമേഘം കരയും വിധം തൊഴുതു.
വലിയ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു. മുറ്റത്ത് കറക്കാനായി നിർത്തിയ പശുക്കൾ. വലിയ വൈക്കോൽ കൂന. കൃഷിക്കളത്തിൽ നിന്നും കൊണ്ടുവന്ന വിധം വലിയ കുട്ടകൾ നിറയെ വെളുത്തുള്ളി. ഓരോന്നിനും ഒരു ടെന്നീസ് പന്തിന്റെ വലുപ്പം.
അകത്ത് പന്ത് തട്ടിക്കളിക്കുന്ന രണ്ടു കുട്ടികളും ഒരുമിച്ചു വാതിൽ തുറന്നു. കാർമേഘത്തിന്റെ മകൾ തന്ന ഫോട്ടോയിലെ വരന്റെ മുഖം തന്നെ മൂത്തവന്. കൂട്ടത്തിൽ ഇളയവൾക്ക് അമ്മയുടെ മുഖമായിരിക്കണം.
അകത്തേയ്‌ക്കോടിക്കയറിയ അവളെയും ഒക്കത്തെടുത്ത് എനിക്കു നേരെ വന്ന സ്ത്രീക്ക് വളരെ കാലം മുമ്പു കണ്ട സൗഹൃദഭാവം. ഒന്നുകിൽ ജനിക്കാതെ പോയ ഒരു ഏടത്തിയാവാം. അല്ലെങ്കിൽ കാർമേഘത്തിന്റെ മകളുടെ മനസ്സെങ്ങാനും വന്നു തൊട്ട വിഭ്രാന്തിയിലാവാം, പരിഭ്രമത്തോടെയാണെങ്കിലും അവർ തൊഴുതു. ബഹളം വയ്ക്കുന്ന മൂത്തവനെ പിടിച്ചുമാറ്റി എന്നോട് ഇരിക്കാൻ പറഞ്ഞു.
‘ചിന്നദുരൈ കരിമ്പു തോട്ടത്തിലാണ്.
ആരാണ് നിങ്ങൾ. കരിമ്പെടുക്കാൻ വന്നതാണോ ?’
ഞാനവർക്ക് കൈയ്യിലെ ഫോട്ടോ കൊടുത്തു. അതിൽത്തന്നെ നോക്കി നിൽക്കെ അവരുടെ മുഖത്തെ ചന്ദ്രൻ മറഞ്ഞു. അവർ വല്ലാതെ പരിഭ്രമിച്ചു.
‘ഈ ഫോട്ടോയും നിങ്ങളെയും ഒരുമിച്ചു കണ്ടാൽ അവർക്ക് കലി കയറും. അത്രയ്ക്കും പകയാണ് അവർക്ക്. അസുഖം ബധിച്ച മകളെ വിവാഹം കഴിപ്പിച്ചു കൊടുത്ത് ജന്മം കളഞ്ഞവരാണെന്നും പറഞ്ഞ് പലതവണ വഴക്കുണ്ടായതാണ്. ഇവരെക്കുറിച്ച് നല്ലകാര്യം പറഞ്ഞതിന് എനിക്കും തല്ലു കിട്ടിയിട്ടുണ്ട്. നിങ്ങളാരായാലും ശരി ദയവുചെയ്ത് ഇവിടെ നിന്നും പോകൂ…’
ഞാനെന്തിന് പോകണം. ഒരു ജന്മം വെടിയാൻ കാത്തു നിൽക്കുന്ന ഏതോ പാവം സ്ത്രീയുടെ ഒരേ ഒരു ആഗ്രഹ നിവൃത്തിക്കായുള്ള ധർമ്മദർശനത്തിനാണ് ഞാൻ വന്നത്. ദർശനവരിയിലെ ഏതോ ഒരു കണ്ണിയാണ് ഞാൻ. അതിനിടയിലെ മറ്റൊരു കണ്ണിക്ക് എന്നെ എന്തു ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല.
ഞാനാ പാവം സ്ത്രീയോടു പറഞ്ഞു.
‘ഈ കരിമ്പിൻതോട്ടത്തിലേക്കുള്ള വഴി എനിക്കറിയില്ല.
അതൊന്നു പറഞ്ഞു തരുമോ…?’
***
എനിക്കും ചിന്നദുരൈക്കും ചുറ്റുമായി കരിമ്പിൻ തോട്ടത്തിൽ കാറ്റ് തിമിർത്ത് പെയ്യുന്നു. ചിന്നദുരൈയെ ഭയന്ന് കാർമേഘം തോട്ടത്തിലേക്കുള്ള നടപ്പാതയ്ക്കപ്പുറം നിൽക്കുകയാണ്.
എല്ലാം അറിയും വിധം തെല്ലിട മൗനിയായി നിന്ന് ഫോട്ടോ എനിക്കു നേരെ നീട്ടി ഒറ്റവാക്കിൽ ചിന്നദുരൈ ഉത്തരം പറഞ്ഞു.
‘ഞാൻ വരില്ല. എനിക്കാരെയും കാണണ്ട.’
ഞാനെന്തോ പറയാൻ ഒരുങ്ങിയതും ചിന്നദുരൈ വിരൽ ചൂണ്ടി കോപത്തോടെ തുടർന്നു.
‘ഇനി ഒരക്ഷരം നിങ്ങൾ പറയരുത്. പറഞ്ഞാൽ എന്റെ നിയന്ത്രണം വിടും. ഈ ഫോട്ടോ എന്റെ ജീവിതത്തിൽ അറിയാതെ സംഭവിച്ച ഒരു തെറ്റാണ്. തെറ്റ് ചെയ്യാൻ ആഗ്രഹിക്കാത്ത ഒരാൾക്ക് അനാവശ്യമായി ചെയ്യേണ്ടിവന്ന തെറ്റ്. എന്നെ പാപിയാക്കിയവരോട് ഞാനൊരിക്കലും ക്ഷമിക്കില്ല. ഞാനെല്ലാം മറക്കുകയാണ്. ഇവിടം വരെ വന്ന് ഇതെല്ലാം എന്നെ ഓർമ്മിപ്പിക്കാൻ ഞാനും നിങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ല.’
അത് ശരിയാണെന്ന് എനിക്കും തോന്നി. ഞാനും ചിന്നദുരൈയും തമ്മിൽ ഒരു ബന്ധവും ഇല്ല. ചിന്നദുരൈയുടെ സന്തോഷവും ദു:ഖവും എന്റേതല്ല. അതിന്റെ എരിവും പുളിയും എനിക്കറിയില്ല.
പിന്നെ ഞാനെന്തിനാണ് ഇവിടെ വന്നത്…
അമ്മയെനിക്ക് ഉത്തരം തന്നു.
‘നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങളെന്നോട് ക്ഷമിക്കുക. സത്യം പറഞ്ഞാൽ ഈ ചിത്രവുമായി എന്തിനിവിടെ വന്നുവെന്ന് എനിക്കും അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളും ഞാനും തമ്മിൽ ഒരേ ഒരു ബന്ധമേ ഉള്ളൂ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. അങ്ങിനെയൊരു ബന്ധം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ ഇവിടേക്ക് വരാൻ എന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാവും.’
അകലേക്ക് കൈവീശി ഞാൻ കാർമേഘത്തോട് കുതിര വണ്ടി കൊണ്ടുവരാൻ ആംഗ്യം കാണിച്ചു.
ഇരുവശവും കരിമ്പുലയുന്ന നടപ്പാതയിലൂടെ തെന്നി നീങ്ങി അടുക്കുന്ന ആ പഴയ കുതിരവണ്ടിയിൽ എന്നോ ഉടഞ്ഞു വീണൊരു വളപ്പൊട്ട് തട്ടി ചിന്നദുരൈയുടെ വിരൽതുമ്പ് വേദനിച്ചുവെന്ന് തോന്നുന്നു.
***
രാത്രി മുഴുവൻ വേദനയറിയാതെ കാർമേഘത്തിന്റെ മകൾ ഉറങ്ങി. അതിരാവിലെ മക്കളോടൊപ്പം വന്ന ചിന്നദുരൈ ഉറങ്ങുന്ന വധുവിന്റെ കണ്ണിലേക്കുറ്റു നോക്കി കട്ടിലിന്നരികിൽ സ്വൽപ്പനേരം നിശ്ശബ്ദം നിന്നു. അതാരാണെന്നു ചോദിച്ച മക്കളോട് ആ കാൽക്കൽ നമസ്‌കരിക്കാൻ പറഞ്ഞു.
ഈശ്വരന്റെ മടിയിലേക്ക് കാലെടുത്തു വയ്ക്കുന്ന അമ്മയുടെ കാൽക്കൽ ആ മക്കൾ നമസ്‌കരിക്കുന്നത് തെല്ലുനേരം ഞാനും നോക്കി നിന്നു. പിന്നെ പുറത്തുകടന്നു. മലമുകളിൽ ധർമ്മദർശനത്തിന്റെ വരി സ്വൽപ്പംകൂടി മുന്നോട്ടു നീങ്ങിയിരിക്കണം.
കാവടികളുടെ ആരവം ഉയർന്നു താണു.
***
കാർമേഘത്തിന്റെ കട്ടിലൊഴിഞ്ഞിട്ട് ഇന്നേക്ക് ഒരു ദിവസം കഴിഞ്ഞു. ഇനി ആ കട്ടിൽ അവിടെ തന്നെ വെച്ച് ഒന്നുകിൽ അയാൾക്കും ഭാര്യക്കും കിടന്നുറങ്ങാം. അല്ലെങ്കിൽ കഴുകി വൃത്തിയാക്കി എനിക്കായി തുറന്നു തന്ന മുറിയിലിട്ട് അടുത്ത അതിഥിക്കായി കാത്തിരിക്കാം.
കാർമേഘം എന്തു ചെയ്യുമെന്ന് അറിയില്ല.
തിരിച്ചുപോകാനുള്ള ബസ്സും കാത്ത് പുലർകാലമഞ്ഞിൽ ഞാനിതാ നിൽക്കുകയാണ്.
വന്നിറങ്ങിയ അതേ അന്തരീക്ഷം.
അതേ കാറ്റ്. അതേ തണുപ്പ്. അതേ കീർത്തനം.
അടുത്ത കീർത്തനം എന്തായിരിക്കുമെന്നും എനിക്കറിയാം.
ഒന്നിനും അശേഷം മാറ്റമില്ല.
എന്നെത്തന്നെ ഉറ്റു നോക്കി കണ്ണു നിറയെ നനവുമായി കാർമേഘം അങ്ങിനെ നിൽക്കുകയാണ്. അരികിൽ മുരുകനും. പഴനിയിൽ വന്നിട്ട് താൻ കാരണം പഴനിയാണ്ടവനെ കാണാതെ മടങ്ങുകയാണല്ലോ എന്നാണയാളുടെ ദു:ഖം.
‘കാർമേഘം പോയ്‌ക്കോളൂ. ഞാൻ പോകുന്നതുവരെ കാത്തുനിൽക്കേണ്ട കാര്യമൊന്നുമില്ല. ബസ്സ് വരാൻ ഇനിയും വൈകും. ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ട് സീറ്റ് കിട്ടും. പോയ്‌ക്കൊള്ളൂ.’
കാർമേഘം മടിച്ചു നിന്നു.
‘പോയ്‌ക്കോളൂ.
ഞാൻ കാരണം ഒരു ഓട്ടം കിട്ടുന്നത് കളയണ്ട.’
പോകാനായി ഒരുങ്ങിയ കാർമേഘം എന്നെ അമ്പരപ്പിച്ചുകൊണ്ട് മടിക്കുത്തിൽ നിന്നും എന്തോ ചുരുട്ടിപ്പിടിച്ചെടുത്ത് നമസ്‌കരിക്കും പോലെ കുനിഞ്ഞ് എന്റെ കാൽക്കൽ ഒരു കൊച്ചു പൊതി വച്ചു.
‘എന്താ ഇത്…?’
കാർമേഘം തൊഴുതു.
ശബ്ദം ഇടറി.
‘എന്റെ കുഞ്ഞിന് മോക്ഷം കൊടുത്തതിന് ഈ വയസ്സനെന്തെങ്കിലും ദക്ഷിണ തന്നേ പറ്റൂ. വേണ്ടാന്ന് പറയരുത്. ഇവിടെ ഉണ്ടായിരുന്ന ഇത്രയും ദിവസം മനസ്സിൽ എപ്പഴും വിചാരിച്ചുകൊണ്ടിരുന്ന ഒരമ്മയില്ലേ… ഈ ദക്ഷിണ ആ അമ്മയ്ക്ക് മറക്കാതെ കൊടുക്കണം.’
മുരുകന്റെ ദേഹം തൊട്ട് കാർമേഘം തിരിഞ്ഞു നടന്നു. എനിക്കെന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുൻപേ..
പെട്ടെന്ന്…
വളരെ പെട്ടെന്ന്…
താഴ്‌വരയിലൂടെ തെരുവിലേക്കിറങ്ങി വന്ന മഞ്ഞിൻ പാളിയിൽ ഇല്ലാതാവുന്നൊരു മുരുകകീർത്തനംപോലെ, പെയ്തമരുന്നൊരു കാർമേഘം പോലെ കുതിരയും കാർമേഘവും എന്റെ കാഴ്ച്ചയിലെ മഞ്ഞിൽ അലിഞ്ഞകന്നു.
ആ ശൂന്യത തെല്ലുനേരം ഞാൻ നോക്കി നിന്നു.
പിന്നെ, ജിജ്ഞാസയോടെ ഞാനാ പൊതിയെടുത്തു.
ഉണങ്ങിപ്പിടിച്ച പൂവിതൾപോലെ ഒന്നോടൊന്ന് ചേർന്നു നിൽക്കുന്ന നേരിയ കടലാസ്സ് പതിയെ വേർപെടുത്തി പൂർണ്ണമായി തുറക്കവേ അതിനകത്തൊരു സുതാര്യ നക്ഷത്രമായ് എന്നോ നഷ്ടപ്പെട്ടുപോയ അമ്മയുടെ വിവാഹമോതിരം ഞാൻ കാണുകയായി…
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fraghunathpaleri%2Fposts%2F10157364635243883&width=500″ width=”500″ height=”791″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
Post Your Comments