GeneralLatest NewsMollywood

ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊള്‍ 'മലയാളി യുടെ സ്വകാര്യ അഹങ്കാരം' എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു .

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപത്തിലാണ്. ഇതിനെ പ്രതിരോധിക്കേണ്ട അടിയന്തിര ഘട്ടത്തില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ വീടിനകത്ത് തന്നെ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ മാനിക്കാതെ റോഡിലിറങ്ങുന്ന ജനങ്ങളോട് കാര്യം നിസ്സാരമല്ല, പ്രശ്‌നം ഗുരുതരം തന്നെയാണെന്ന് ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പങ്കുവച്ചത്.

ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എവിടെയും കൊറോണയാണ് ചര്‍ച്ചാ വിഷയം… ആ വൈറസിന്റെ ഭീകരത ആവുന്നത്ര പത്രമാധ്യമങ്ങള്‍ പറഞ്ഞു കഴിഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ ക്രിക്കറ്റിലെ സ്‌കോര്‍ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളില്‍ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും പറഞ്ഞുകൊണ്ടേയിരിക്കുന്നു… സമൂഹമാധ്യമങ്ങളില്‍ കോറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം!

നേരിട്ടുള്ള യുദ്ധത്തിനു വേണ്ടി കാത്തുനില്‍ക്കാതെ, കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സര്‍ക്കാര്‍ നമ്മളോട് അഭ്യര്‍ഥിക്കുന്നത്. അതിന് ഏകമാര്‍ഗം പുറത്തിറങ്ങാതെ ഈ ഒരു ഘട്ടം കഴിയുന്നത് വരെ നാം വീട്ടില്‍ കതകടച്ചിരിക്കുക എന്നതാണ് (Social Distancing) വീടിന്റെ ലക്ഷ്മണരേഖ എന്ന് പ്രധാനമന്ത്രി ഉദ്ദേശിച്ചതും അത് തന്നെയാണ്.

ഒരു രാജ്യത്തിനു വേണ്ടി, നാം ഉള്‍പ്പെടുന്ന അവിടുത്തെ ജനതക്ക് വേണ്ടി നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നമ്മോടു ആവശ്യപ്പെടുന്നത് അത് മാത്രമാണ്. നാം അത് പരിപാലിക്കുവാന്‍ കടപ്പെട്ടവരുമാണ്. എത്രയൊക്കെ പറഞ്ഞിട്ടും അത് പൂര്‍ണ്ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയില്‍ നമ്മുടെ റോഡുകള്‍ വിജനമാവുന്നില്ല എന്നത് നാം തന്നെ കണ്ടറിയുന്നു. അതിലുപരി, കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊള്‍ ‘മലയാളി യുടെ സ്വകാര്യ അഹങ്കാരം’ എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു .

ഏവരും ഒത്തുപിടിച്ചാല്‍ നാം ഈ കടമ്പ കടക്കും . അതിനു നാം കാശു മുടക്കേണ്ട, അദ്ധ്വാനിക്കേണ്ട, വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത് പുറത്തുപോകാതെ ഇരുന്നാല്‍ മാത്രം മതി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കാന്‍ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ കരുതുക…. ആ ധ്യാനത്തില്‍ നമുക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക …
ഓര്‍ക്കുക ..കാര്യം നിസ്സാരമല്ല ; പ്രശ്‌നം ഗുരുതരം തന്നെയാണ് …

that’s ALL your honour!

shortlink

Related Articles

Post Your Comments


Back to top button