ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലാണ് ബ്ലെസിയും സംഘവും. എന്നാൽ പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയിൽ ഇവർ അവിടെ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ മൂലം ചിത്രീകരണം തുടരാൻ അനുമതി ലഭിച്ചിരിക്കുകയാണ്.
ഇതു സംബന്ധിച്ച് ആന്റോ ആന്റണി എംപിയെ ബ്ലെസി വിളിച്ചിരുന്നു. തുടർന്ന് ആന്റോ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുകയും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു.
നടൻ പൃഥ്വിരാജ് ഉൾപ്പെടെ 58 പേരടങ്ങുന്ന സംഘമാണ് ജോർദാൻ ഗവൺമെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയിൽ ചിത്രീകരണം നടത്തിയിരുന്നത്. എന്നാൽ ജോർദാനിലും കോവിഡ് സ്ഥിരീകരിച്ചതോടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ സംഘം വാദിറം മരുഭൂമിയിലെ അൽസുത്താൻ ക്യാംപ് വിട്ടു പുറത്തുപോകാൻ കഴിയാത്ത സ്ഥിതിയിലായി.
ക്യാംപിൽ ഏതാനും ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കൂടിയേ അവശേഷിച്ചിരുന്നുള്ളൂ. തുടർന്നാണ് ബ്ലെസി സഹായം തേടി ആന്റോ ആന്റണിയെ ബന്ധപ്പെട്ടത്. അദ്ദേഹം മന്ത്രിയെ ബന്ധപ്പെടുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയം ജോർദാനിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ജോൺ സെബാസ്റ്റ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.അദ്ദേഹം ഇടപെട്ടതിനെത്തുടർന്ന് ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു.
Post Your Comments