തന്റെ സിനിമകളിലെ അതെ ലാളിത്യ മധുരം തന്റെ ഫേസ്ബുക്ക് രചനകളിലേക്കും പകര്‍ത്താറുള്ള രഘുനാഥ് പലേരി ഇത്തവണ ഗൃഹാതുരത്വം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ മനോഹരമായ ഒരു അനുഭവം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
തറവാട്ടിനു പിറകിൽ നിറയെ നെല്ലിക്ക വിളയുന്നൊരു നെല്ലിമരമുണ്ട്. കവരകളിൽ ഉരുണ്ടു നിൽക്കുന്ന ഇളം നെല്ലിക്കയുടെ മധുരമാണ് എനിക്ക് ഇഷ്ടം. കൊമ്പിൽ പിടിച്ചു കയറി എങ്ങിനെയെങ്കിലും പറിച്ചെടുക്കും. ഏതെങ്കിലും കാലത്ത് ആ മരത്തിലെ നെല്ലിക്ക അത്രയും അമ്മാവൻ പറിച്ചെടുത്ത് അങ്ങാടിയിൽ എത്തിച്ചിട്ടുണ്ടോ എന്നോർമ്മയില്ല. വിരിഞ്ഞ നെല്ലിക്കകൾ അത്രയും കെട്ടിപ്പിടിച്ച് മരം സുഖമായങ്ങിനെ പടർന്നു നിന്ന ഓർമ്മയെ ഉള്ളൂ.
നെല്ലി മരത്തിനും അപ്പുറമാണ് ദിവാകരന്റെ വീടിന്നു ചുറ്റുമുള്ള കയ്യാല. കയ്യാല എന്നു വെച്ചാൽ മൺമതിൽ. ഇരുവശത്തു നിന്നും മണ്ണ് കൂട്ടിയെടുത്ത് ഉയർത്തിക്കൊണ്ടുവന്ന് തൂമ്പാ വെച്ചു തന്നെ തല്ലി അമർത്തി പതം വരുത്തി ഉയർത്തുന്നൊരു അതിര്. കയ്യാലക്കു മുകളിൽ ചിലർ കള്ളിച്ചെടികളോ പൂച്ചെടികളോ പിടിപ്പിക്കും. പറമ്പിനു അപ്പുറവും ഇപ്പുറവുമുള്ള ഏടത്തിമാരും പിള്ളേരും കയ്യാല കയറി അങ്ങോട്ടുമിങ്ങോട്ടും നടന്ന് സാവകാശം അവിടം ഒരു വഴി ഒരുക്കും. കയ്യാലക്കപ്പുറത്തും ഇപ്പുറത്തും നിന്ന് വീട്ടിലെ പെണ്ണുങ്ങൾ വർത്താനം പറഞ്ഞ് സന്ധ്യയാക്കും.
തറവാട്ടിൽ നിന്നും നോക്കിയാൽ ദിവാകരന്റെ വീടിന്റെ പിൻഭാഗമാണ് കാണുക. ആ വീട്ടിലെ എല്ലാവരും തന്നെ ഈ വീട്ടിലെ ബന്ധുക്കളാണ്. ബന്ധമെന്ന് പറഞ്ഞാൽ ചികിടൻ ബന്ധം. അരക്കിട്ടുറപ്പിച്ച ബന്ധം. ആ ബന്ധത്തിലേക്കുള്ള ബസ്‌റൂട്ട് പലതവണ മനഃപ്പാഠമാക്കിയിട്ടുണ്ടെങ്കിലും പെട്ടെന്ന് ചോദിച്ചാൽ ദിവാകരനോട് തന്നെ ചോദിച്ച് കോപ്പിയടിക്കേണ്ടി വരും. ദിവാകരൻ ഇപ്പോൾ ബാഗ്ലൂരിൽ ആണ്. ഈയ്യിടെയാണ് അവന്റെ മകന്റെ വിവാഹം കഴിഞ്ഞത്. എനിക്ക് പോകാൻ സാധിച്ചില്ല. പ്രതീക്ഷിക്കാതെ വന്നൊരു ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. അത് സാരമില്ല. ദിവാകരനെ ഏത് നേരവും പോയി കാണാമല്ലൊ. അവന്റെ പുഞ്ചിരിക്ക് ഒരു തിളക്കം ഉണ്ട്.
ദിവാകരന് നല്ല പൊക്കം ഉണ്ട്. അഛനായിരുന്നു പൊക്കം കൂടുതൽ എന്ന് തോന്നുന്നു. എന്റെ അഛന് പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നായിരുന്നു ദിവകാരന്റെ അഛന്റെ മുഖം. ഒരു തികഞ്ഞ സാധു. അധികം സംസാരമില്ല. ശൗര്യം സ്ഫുരിക്കുന്ന നോട്ടം. വെളുത്ത വസ്ത്രം. കയ്യാലക്കപ്പുറ പറമ്പിലും വയൽ വരമ്പിലൂടെയും നടന്നകലുന്നത് പലതവണ കണ്ടിട്ടുണ്ട്. ഒരിക്കൽ മാത്രമാണ് നേർക്കുനേർ ഇരുന്ന് സംസാരിക്കുന്നത്. അന്ന് കൂടുതൽ സംസാരിച്ചതും ദിവാകരനെക്കുറിച്ചാണ്. പഴയ എച്ച്എംവി റെക്കാർഡറിൽ നിന്നും സൈഗാൾ പാടുന്നതുപോലെ പതിഞ്ഞ ശബ്ദത്തിലുള്ള ഹൃദ്യമായ സംസാരമായിരുന്നു അത്.
ദിവാകരന്റെ അഛനോട് കൂടുതൽ അടുത്തത് കുഞ്ഞിരാമേട്ടനിലൂടെ ആയിരുന്നു. കുഞ്ഞിരാമേട്ടൻ ശശികലയുടെ അഛനാണ്. ശശികല എന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ്. ശശികലയെ ഹൃദ്യമായി പ്രണയിച്ച് വിവാഹം കഴിച്ചത് ഹരിയാണ്. ഹരി ദിവാകരന്റെ അനുജനാണ്. അവരുടെ വിവാഹം ഗുരുവായൂർ വെച്ചായിരുന്നു. മണ്ഡപത്തിലേക്ക് ഹരി കടന്നു വന്നത് വളരെ ലളിതമായിട്ടായിരുന്നു. മനസ്സിൽ ഇന്നും ഞാൻ സൂക്ഷിച്ചു വെക്കുന്ന പരശ്ശതം നക്ഷത്ര നുറുങ്ങുകളിൽ ചിലതാണ് ആ കാഴ്ച്ചകളെല്ലാം.
ആ മുഖങ്ങളെല്ലാം.
അവയിലെ തിളക്കങ്ങളെല്ലാം.
അഛനും അമ്മയും, അമ്മയുടെ അനുജത്തിയും, കുഞ്ഞിരാമേട്ടനും, ദിവാകരന്റെ അഛനും അനുജന്മാരിൽ ഒരാളും എല്ലാം സൂര്യരശ്മികളിൽ വിലയം പ്രാപിച്ചു. എന്നാൽ ചുറ്റും നിറഞ്ഞു നിൽക്കുന്ന പ്രകാശവും നോക്കി നിൽക്കേ ആരും എങ്ങും പോയിട്ടില്ലെന്നും എനിക്കു തോന്നും.
ചിത്രത്തിൽ ഒരു തൂവൽപോലെ എന്നോട് ചേർന്ന് ഇരിക്കുന്നത് ദിവാകരന്റെ അമ്മ. ആദ്യമായാണ് അമ്മയെ ഞാൻ അങ്ങിനെ ചേർത്തു പിടിച്ചത്. ചിത്രം പകർത്തിയത് ശശികല. അമ്മയുടെ പേര് പത്മാവതി. എന്റെ അമ്മയുടെ പേരും പത്മാവതി. രണ്ട് പത്മാവതിമാരും ചങ്ങാതിമാരായിരുന്നു. പരസ്പരം വിളിച്ചിരുന്നതും ഒരേ പേരായിരുന്നു.
ദിവാകന്റെ പത്മാവതിക്ക് മക്കളിൽ മൂത്തവൻ ദിവാകരൻ, പിന്നെ വേണുഗോപാലും. രമാദേവിയും.. രമാദേവിക്കും താഴെ ശശികലക്ക് മിന്നു കെട്ടിയ ഹരിദാസ് പിറന്നു. ഹരിക്ക് താഴെ പ്രകാശനും ജയചന്ദ്രനും മനോജും വന്നു.
ചിത്രത്തിലെ പത്മാവതിക്കരികിൽ അടുക്കള ജാലകം. അഴികൾക്കപ്പുറം മുറ്റം. അവിടിരുന്നാൽ ചുറ്റുമുള്ള ലോകം മുഴുവവൻ അമ്മക്ക് കാണാം. മുറ്റത്തും വരാന്തയിലും വന്നു നിൽക്കുന്നവരോട് സംസാരിക്കാം. ജാലകം കൈമാറുന്ന ശബ്ദത്തിലൂടെ അവർ അമ്മയെ കാണുന്നുണ്ടാവാം. എന്നാൽ അമ്മ അവരെ പകൽ പ്രകാശമായി കാണുമെന്ന് ഉറപ്പ്.
ഈ ചിത്രം കാണുമ്പോഴെല്ലാം ആ ജാലകപ്പടിയിലേക്കാവും എന്റെ മനസ്സ് ചെല്ലുക. പടിയിൽ വേദനക്കുള്ളൊരു ബാം ഉണ്ട്. കണ്ണിൽ ഉറ്റിക്കുന്നൊരു മരുന്നുണ്ടെന്നും തോന്നുന്നു. അതെന്താണെന്ന് ശശികലയോട് ചോദിക്കണം. പിന്നെ തീപ്പെട്ടിയും മെഴുകുതിരിയും രണ്ട് പഴയ പാട്ട വിളക്കും. വിളക്കിലെ തിരികൾക്ക് അഗ്നി കിട്ടിയിട്ട് കുറ കാലമായെന്ന് തോന്നുന്നു. വൈദ്യുതി നിലക്കുമ്പോ അമ്മ ആ മെഴുകുതിരിയും തെളിക്കാറുണ്ടാവില്ല. മുറ്റത്ത് നിന്നും ജാലകം തന്നെ നല്ല നിലാവ് വലിച്ചെടുത്ത് അകത്തേക്ക് എറിയുന്നതു കൊണ്ടാവാം.
എന്തോ പറഞ്ഞു കഴിഞ്ഞ് ആരെയൊക്കെയോ ചിന്തിച്ചുള്ള ഒരാലസ്യ ചിന്തയിലാണ് പത്മാവതി . എന്റെ പത്മാവതിയും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നു. ……
Post Your Comments