അഭിനയത്തിന്റെ വ്യത്യസ്ത ശൈലിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലേക്ക് ഇന്ദ്രന്‍സ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ കൗണ്‍സിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ താരം രാജി വെച്ചിരിക്കുകയാണ്. താന്‍ അഭിനയിച്ച സിനിമകള്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇന്ദ്രന്‍സിന്റെ ഈ തീരുമാനം. കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്. ഇന്ദ്രന്‍സിന് പുറമേ പ്രേം കുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരായിരുന്നു അംഗങ്ങളായത്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ. ബിജു ദാമോദരന്‍.
ഡോ. ബിജുവിന്റെ കുറിപ്പ്
2016 ല്‍ ഈ സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി യുടെ ആദ്യത്തെ ജനറല്‍ കൗണ്‌സില്‍ രൂപീകരിച്ചപ്പോള്‍ അംഗമായി എന്റെ പേരും ഉണ്ടായിരുന്നു. ജനറല്‍ കൗണ്‌സില്‍ അംഗമായി തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചു കൊണ്ട് സ്‌നേഹപൂര്‍വം തന്നെ ആ സ്ഥാനം രാജി വെക്കുക ആണ് ഉണ്ടായത്.
നിരന്തരമായി സിനിമകള്‍ ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കാന്‍ എന്റെ സിനിമകള്‍ എത്തുമ്ബോള്‍ ആ അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്ന ജൂറിയെ തിരഞ്ഞെടുക്കുന്ന ഒരു ഭരണ സമിതിയില്‍ ഇരിക്കുന്നതിന് നിയമപരമായി യാതൊരു പ്രശ്‌നവും ഇല്ല എങ്കിലും ധാര്‍മികമായി അത് ശരിയല്ല എന്നാണ് എന്റെ വിശ്വാസം എന്നത് ചൂണ്ടിക്കാട്ടി ആണ് അന്ന് രാജി വെച്ചത്.
ഞാന്‍ രാജി വെച്ച ഒഴിവിലേക്ക് ഇതു വരെ ആരെയും തിരഞ്ഞെടുത്തിരുന്നില്ല. 4 വര്‍ഷം കഴിഞ്ഞു വീണ്ടും അക്കാദമി പുനഃസംഘടിപ്പിച്ചപ്പോള്‍ ഇന്ദ്രസേട്ടനെ ജനറല്‍ കൗണ്‌സില്‍ അംഗമാക്കി. ഇന്ദ്രന്‍സ് ചേട്ടനും ധാര്‍മികത ഉയര്‍ത്തിക്കാട്ടി രാജി വെച്ചിരിക്കുന്നു.
ചലച്ചിത്ര അക്കാദമി അംഗങ്ങളായിരിക്കുമ്ബോള്‍ തങ്ങളുടെ സിനിമകള്‍ മത്സരിക്കാന്‍ എത്തുന്നതില്‍ നിയമ തടസ്സം ഇല്ലെങ്കിലും ധാര്‍മികമായി അത് ശരിയല്ല എന്ന് വിശ്വസിക്കുന്നു ഞങ്ങള്‍. നിലപാടും ധാര്‍മികതയും പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല അത് ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിക്കാന്‍ കൂടി ഉള്ളതാണ്. ഇന്ദ്രന്‍സ് ചേട്ടാ, വീണ്ടും ഇഷ്ടം.. സ്‌നേഹം…
Post Your Comments