പ്രധാനമന്ത്രിയുടെ ‘ജനതാ കർഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം നിരവധി ട്രോളുകളാണ് അതേച്ചൊല്ലി ഇറങ്ങിയത്. ഇപ്പോഴിതാ അത്തരം ട്രോളുകളെ കുറിച്ച് പറയുകയാണ് നടൻ സലീം കുമാര്‍. ട്രോളുകളിൽ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതിൽ ബന്ധമില്ലെങ്കിൽപോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളിൽ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ് താരം പറയുന്നു. കൊറോണ സംബന്ധിയായ ട്രോളുകൾ കൊണ്ടു നിങ്ങൾക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളു.
.
വൈറസിന്റെ വ്യാപനം 14 മണിക്കൂർ ‘ജനതാ കർഫ്യു’ മൂലം ഇല്ലാതാകും. സ്വാഭാവികമായി ചങ്ങല മുറിയും. അങ്ങനെ നോക്കുമ്പോൾ രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണു ‘ജനതാ കർഫ്യു’. പക്ഷേ, കർഫ്യു പൂർണമായാൽ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ. ഇനി നാം മുന്നോട്ടു നടക്കേണ്ടതു കൊറോണ വൈറസ് തീർത്ത അന്ധകാരത്തിലൂടെയാണ്. അവിടെ നമുക്കു കൂട്ടായിട്ടുള്ളതു ജാതിയോ മതമോ രാഷ്ട്രീയമോ അല്ല.
സർക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നൽകുന്ന ചെറുതിരിവെട്ടമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകൾ നമുക്ക് ഊരി വയ്ക്കാം. അതു ധരിക്കാൻ ഇനിയും സമയമുണ്ട്. പ്രധാനമന്ത്രി രണ്ടാമതു പറഞ്ഞ കാര്യമാണ് 5 മണി സമയത്തുള്ള പാത്രം അടി. അതിനെയും വിമർശിച്ചു ട്രോളുകൾ ഞാൻ കണ്ടു.
നമുക്കു വേണ്ടി രാപകൽ അധ്വാനിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ, മാധ്യമങ്ങൾ… ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അർപ്പിക്കുന്നതിലെന്താണു തെറ്റ്? ഭാരതത്തിലെ മുഴുവൻ ജനങ്ങളും പാത്രത്തിൽ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവൻ അലയടിക്കണം സലീം കുമാര്‍ പറഞ്ഞു.
Post Your Comments