CinemaGeneralLatest NewsMollywoodNEWS

ജനതാ കർഫ്യുവിനെ ഗൗരവത്തോടെ കാണുക ; പിന്തുണയുമായി സിനിമ താരങ്ങൾ

ജനങ്ങൾ പൊതുസമ്പർക്കം ഒഴിവാക്കി വൈറസ് വ്യാപന ശൃംഖല തകർക്കുന്നതിനാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്നാണു മനസ്സിലാക്കുന്നത്.

ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനതാ കര്‍ഫ്യുവിന് വലിയ പിന്തുണയാണ് രാജ്യത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമ താരങ്ങളും ജനതാ കര്‍ഫ്യുവിന് പിന്തുണയുമായി എത്തിരിക്കുകയാണ്.

ജയസൂര്യ

ട്രോളാനും രാഷ്ട്രീയമായി കാര്യങ്ങളെ കാണാനുമുള്ള സമയമല്ലിത്. ഇതുവരെ നേരിടാത്ത രീതിയിലുള്ള വലിയൊരു ദുരന്തത്തിലേക്കു നമ്മളെയും നാടിനെയും വിട്ടുകൊടുക്കണോ എന്ന ജീവൻമരണ പ്രശ്നമാണിത്. ഒരു തരിമ്പു പോലും ഉപേക്ഷയ്ക്കോ അലംഭാവത്തിനോ ഇവിടെ സ്ഥാനമില്ല. ചൈനയും ഇറ്റലിയുമെല്ലാം നമ്മളെ പഠിപ്പിക്കുന്നത് അതാണ്. കേരളം ഈ മഹാമാരിയെ പ്രതിരോധിക്കാനായി നടത്തുന്ന ശ്രമങ്ങളും ആസൂത്രണവും എത്ര കാര്യക്ഷമമാണെന്നു രോഗം വ്യാപകമായ രാജ്യങ്ങളിൽ നിന്നെത്തിയ സുഹൃത്തുക്കൾ പറയുമ്പോഴാണു ബോധ്യപ്പെടുക. ഇങ്ങനെയൊരു അസാധാരണ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ എത്ര ശ്രമിച്ചാലും നമ്മൾ ജനങ്ങളുടെ ആത്മാർഥമായ സഹകരണമില്ലെങ്കിൽ ഫലമുണ്ടാവില്ല എന്നു മറക്കരുത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കർഫ്യുവിനെയും ഇതേ ഗൗരവത്തോടെയാവണം നമ്മളെല്ലാം സമീപിക്കേണ്ടത്. ജനങ്ങൾ പൊതുസമ്പർക്കം ഒഴിവാക്കി വൈറസ് വ്യാപന ശൃംഖല തകർക്കുന്നതിനാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്നാണു മനസ്സിലാക്കുന്നത്. ഇതുവഴി സമൂഹ രോഗവ്യാപനം തടയാനാവുമെന്നാണു കണക്കാക്കുന്നത്. അതിനോടു പൂർണ അർഥത്തിൽ സഹകരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. എത്രയോ ഹർത്താലും ബന്ദുകളും ആഘോഷമാക്കിയിട്ടുള്ള നമ്മൾക്ക് ഞായറാഴ്ചത്തെ വീട്ടിലൊതുങ്ങൽ നാടിനു വേണ്ടിയുള്ള പുണ്യമായി കാണാം.

ഉണ്ണിമുകുന്ദൻ

കഴിഞ്ഞ കുറച്ചു ദിവസമായി വീട്ടിൽത്തന്നെയാണ്. കോവിഡ് നമ്മുടെ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മുതൽ കരുതലെടുക്കുന്നതിനാൽ ഒറ്റപ്പാലത്തു തന്നെ തുടരുകയാണ്. അനാവശ്യമായ സഞ്ചാരം ഒഴിവാക്കിത്തന്നെയാണു മുന്നോട്ടു പോകുന്നത്. വീട്ടിലും സുരക്ഷാ മുൻകരുതലുകളും ശുചിത്വ ശീലങ്ങളുമെല്ലാം പാലിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശത്തിന്റെയും കാതൽ ഇതാണ്. ആ ആഹ്വാനത്തിൽ രാഷ്ട്രീയം കാണേണ്ട സമയമല്ല ഇത്. കൊറോണ വൈറസ് ബാധിക്കുന്നതു വലിപ്പച്ചെറുപ്പം നോക്കിയല്ല. ജാഗ്രത പാലിക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള മാർഗവും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ഡ്രസ് റിഹേഴ്സലുമാണു ‘ജനത കർഫ്യൂ’ എന്ന ആശയമെന്നാണ് എനിക്കു മനസ്സിലാകുന്നത്. അതു ജനങ്ങൾക്കു വേണ്ടിത്തന്നെയാണ്. വിമർശനമല്ല ജാഗ്രതയാണ് ഇപ്പോൾ വേണ്ടത്. വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരെയും അവശ്യ സേവന വിഭാഗങ്ങളിലുള്ളവരെയും ആദരിക്കാനുള്ള ഏതു മാർഗവും സ്വാഗതാർഹമാണ്. നാട് അവർക്കൊപ്പമുണ്ടെന്ന തോന്നൽ അവർക്കു നൽകാനായില്ലെങ്കിൽ ഈ പോരാട്ടത്തിൽ നാം എങ്ങനെ മുന്നോട്ടു പോകും?

അജുവർഗീസ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഞാൻ പാലിക്കും. എപ്പോഴും കോവിഡിനെതിരെയുള്ള മുൻകരുതലുകളിലൂടെയാണു കടന്നു പോകുന്നത്. പുറത്തുപോകുന്നതു ചുരുക്കമാണ്. കോവിഡുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലായാണ് ഈ ആഹ്വാനത്തെ നാം കാണേണ്ടത്. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ മനസ്സാന്നിധ്യവും കരുണയും അർപ്പണബോധവും വാക്കുകൾക്കതീതമാണ്. അവരെ നന്ദി അറിയിക്കാൻ ഇപ്പോൾ ഇങ്ങനെ ഒരു മാർഗമേ ഉള്ളൂ. മാനസികപിന്തുണ പകർന്ന് നാം അവർക്കൊപ്പമുണ്ടെന്ന് അറിയിക്കേണ്ടത് ഈ വേളയിൽ അത്യാവശ്യമാണ്.

സൈജു കുറുപ്പ്

മഹായുദ്ധങ്ങൾ പോലും ഇതുവരെ ലോകത്തെ മുഴുവനായി ബാധിച്ചിട്ടില്ല. എന്നാൽ കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെയാകെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ ജനത കർഫ്യൂ തികച്ചും അനിവാര്യമാണെന്നു പറയാം. ജനങ്ങൾ സർക്കാർ നിർദേശത്തോടു പൂർണമായും സഹകരിക്കണം. രോഗവ്യാപനം നിയന്ത്രണാതീതമായാൽ കൂടുതൽ ദിവസങ്ങളിൽ കർഫ്യൂപോലുള്ള ‘അടച്ചിടൽ’ നടപടികൾ സർക്കാരിനു സ്വീകരിക്കേണ്ടിവരും. രോഗബാധിതരുടെ കൃത്യമായ കണക്കെടുക്കൽ, ജനജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നതിന്റെ തോത് മനസ്സിലാക്കൽ, സാമ്പത്തിക നഷ്ടം എത്രോത്തോളമായിരിക്കും തുടങ്ങിയ വിവരങ്ങൾ സർക്കാരിനു ലഭ്യമാകാനുള്ള ഒരു ടെസ്റ്റ് ഡോസായി വേണം കർഫ്യൂവിനെ കാണാൻ. നമ്മുടെ കുടുംബത്തെ വൈറസ് ബാധിക്കില്ലെന്ന വിചാരത്തോടെ ആരും മാറി നിൽക്കരുത്. എല്ലാവരും വീട്ടിനുള്ളിലിരുന്നു വൈറസിനെ തുരത്താനുള്ള വലിയ ദൗത്യത്തിൽ സർക്കാരിനൊപ്പം പങ്കാളികളാകണം. ജനതാ കർഫ്യൂ പോലെതന്നെ ഈ ദുരന്തകാലത്തു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ നിർദേശങ്ങളും രാഷ്ട്രീയ ചിന്തകൾ മാറ്റിവച്ചു എല്ലാവരും കർശനമായി പാലിക്കണം.

shortlink

Related Articles

Post Your Comments


Back to top button