പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലൂടെയാണ് വിനീത് ശ്രീനിവാസന്‍ പിന്നണി ഗാനരംഗത്തെത്തുന്നത്. ചിത്രത്തിലെ ടൈറ്റില്‍ ഗാനം ആലപിച്ചു കൊണ്ടായിരുന്നു വിനീതിന്റെ സിനിമയിലേക്കുള്ള ആദ്യ എന്ട്രി. വിനീത് ശ്രീനിവാസനെ സിനിമയില്‍ പാടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ശ്രീനിവാസന്‍.
‘സ്കൂള്‍ കലോത്സവത്തില്‍ മാപ്പിള ഗാന മത്സരത്തിനു വിനീതിന് സമ്മാനം കിട്ടിയ വിവരം എങ്ങനെയോ പ്രിയദര്‍ശന്‍ അറിഞ്ഞു. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ ചെയ്യുന്ന സമയത്ത് പ്രിയദര്‍ശന്‍ എന്നെ വിളിച്ചു പറഞ്ഞു. ‘ഈ സിനിമയില്‍ അവനു പാടാന്‍ പറ്റിയ ഒരു ഗാനമുണ്ട്. സ്റ്റുഡിയോയിലേക്ക് അവനെയൊന്ന് പറഞ്ഞു വിടണമെന്ന്’. പിന്നീട് മൂന്നാഴ്ച കഴിഞ്ഞു പ്രിയദര്‍ശന്‍ വിളിച്ചിട്ട് വിനീത് വരാന്‍ പറഞ്ഞിട്ട് വന്നില്ലല്ലോ എന്ന് പറഞ്ഞു. ഞാനത് വിനീതിനോട് ചോദിച്ചു പ്രിയന്‍ ഇങ്ങനെയൊരു കാര്യം അറിയിച്ചിട്ട് പോകാതിരുന്നത് മോശമായിപ്പോയി എന്ന് ഞാന്‍ അവനോടു പറഞ്ഞു. അങ്ങനെ അവന്‍ പിന്നീട് പാടി നോക്കാനായി സ്റ്റുഡിയോയിലേക്ക് പോയി. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായ വിദ്യാ സാഗറിനോട് പ്രിയദര്‍ശന്‍ പറഞ്ഞത് എനിക്കോ ശ്രീനിവാസനോ ഇവന്‍ സിനിമയില്‍ പാടണമെന്ന് യാതൊരു ആഗ്രഹവുമില്ല എന്നാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ പാട്ടിനു ഇവന്റെ ശബ്ദം യോജിക്കുന്നുവെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു പ്രിയദര്‍ശന്റെയും കമന്റ്’. ഒരു പ്രമുഖ സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് വിനീതിന്റെ ആദ്യ സിനിമാ ഗാനത്തെക്കുറിച്ച് ശ്രീനിവാസന്‍ മനസ്സ് തുറന്നത്.
Post Your Comments