സോഷ്യൽമീഡിയിലെ ചില കമന്റുകൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് നടൻ അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന. ഇത്തരത്തിൽ കമന്റിടുന്നവർക്ക് യാഥാർഥ്യം അറിയില്ലെന്നും ചിത്രത്തിൽ കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കാതെയാണ് പലരും നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നതെന്നും അഗസ്റ്റീന പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഗസ്റ്റീന ഈ കാര്യം വെളിപ്പെടുത്തിയത്.
“എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാൽ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാൻ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാൻ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാൽ കുഞ്ഞുങ്ങൾ ഒരു മാസത്തോളം എൻ.ഐ.സി.യുവിൽ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകൾ വന്നത്. അയയ്ക്കുന്നവർക്ക് എന്താണ് യഥാർഥ സംഭവം എന്ന് അറിയില്ല. അന്നു കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്കതൊന്നും പ്രശ്നമല്ലാതെ ആയി,” അഗസ്റ്റീന പറഞ്ഞു.
“ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകൾ ചിലർ എഴുതാറുണ്ട്. ആ ഫോട്ടോയിൽ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓർക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവർക്ക് അറിയാം, ഞാൻ എന്താണെന്ന്. അതു നോക്കി ജീവിച്ചാൽ മതിയല്ലോ!,” അഗസ്റ്റീന കൂട്ടിച്ചേർത്തു.
സിനിമാ തിരക്കുകൾക്കിടയിൽ വളരെ കുറച്ചു സമയം മാത്രമാണ് അജുവിന് കുടുംബത്തിനായി മാറ്റി വയ്ക്കാൻ ലഭിക്കുന്നത്. സമയക്കുറവിനെ ചൂണ്ടിക്കാട്ടി ആദ്യമൊക്കെ കുറെ വഴക്കിട്ടിട്ടുണ്ട്. പിന്നെ, വഴക്കിട്ടിട്ട് കാര്യമില്ല എന്ന് മനസിലായി. അഭിനയം മാത്രമായിരുന്നപ്പോൾ പറഞ്ഞിരുന്നത് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങിയാൽ ഇഷ്ടം പോലെ സമയം കിട്ടും എന്നൊക്കെയായിരുന്നു. എന്നാലിപ്പോൾ, തീരെ കാണാൻ കിട്ടാതെയായെന്ന് അഗസ്റ്റീന പറഞ്ഞു.
ആദ്യം അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു. എന്നാൽ ലൊക്കേഷനിൽ രണ്ടു തവണ പോയതിനു ശേഷം അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയാൻ തോന്നാറില്ലെന്നും അഗസ്റ്റീന വെളിപ്പെടുത്തി. ഷൂട്ടിന്റെ ബുദ്ധിമുട്ടുകൾ അപ്പോഴാണ് മനസിലായത്. ചുമ്മാ കാണുന്നവർക്ക് എന്തു വേണമെങ്കിലും പറയാം. പക്ഷേ, ഒരു ടേക്ക് ഓകെ ആകുന്നതിന് എത്രമാത്രം ബുദ്ധിമുട്ടുണ്ട് എന്ന് അവിടെ ചെന്നപ്പോൾ മനസിലായി. അതിനുശേഷം ഇനി അഭിനയത്തെക്കുറിച്ച് കമന്റൊന്നും ചെയ്യേണ്ട എന്നു തീരുമാനിച്ചു അഗസ്റ്റീന വ്യക്തമാക്കി.
Post Your Comments