മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി സിനിമാ രചനകള്‍ക്ക് വലിയ ഇടവേളകള്‍ നല്കി അഭിനയത്തിന്റെ വഴിയില്‍ സജീവമാകുകയാണ്. മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രഘുനാഥ് പലേരി വീണ്ടും പ്രേക്ഷകരുടെ ഇഷ്ട നടനാവാന്‍ തയ്യാറെടുക്കുമ്പോള്‍ മധുവാര്യരെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചും രഘുനാഥ് പലേരി തന്റെ ഫേസ്ബുക്ക് പേജില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ മധുവാരിയർ സംവിധാനം ചെയ്യുന്നൊരു സിനിമ.
”ലളിതം സുന്ദരം”
അതാണ് പേര്.
പേരുപോലെ ലളിതവും സുന്ദരവുമായൊരു കഥ. വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ. അവരെ തെളിച്ചുകൊണ്ട് അങ്ങേയറ്റം ശാന്തനായൊരു സംവിധായകൻ. സദാ നിശ്ശബ്ദൻ. വളരെ അടുത്ത് നിന്നാൽ ശ്വാസംപോലും വിശ്രമിക്കുന്ന ശബ്ദം കേൾക്കാം. തറവാട്ടു പറമ്പിൽ കുട്ടിക്കാലത്ത് ഊഞ്ഞാല് കെട്ടി ആടിയ നാടൻ മാവിന്റെ തടിവണ്ണം ഉണ്ടെങ്കിലും അകം ഉണ്ണിക്കാമ്പ്. അപൂർവ്വമായേ ചിരിച്ചു കണ്ടിട്ടുള്ളു. പക്ഷെ കണ്ണുകളിൽ സദാ പുഞ്ചിരിയുണ്ടെന്ന് ഉറപ്പ്.
അഭിനയ മോഹവുമായി പലരും എനിക്കരികിൽ സങ്കടപ്പെട്ടും, നിരാശപ്പെട്ടും, പരമാനന്ദ തുടികൊട്ടുമായി നിന്നിട്ടുണ്ടെങ്കിലും അപൂർവ്വം ചിലരെ മാത്രമേ തിരശ്ശീലയിലെ നിഴലാട്ടമായി മാറ്റാൻ എനിക്ക് സാധിച്ചിരുന്നുള്ളു. മനസ്സിൽ കണ്ടുവെച്ച ചിലരിക്കെല്ലാം ആ പ്രകാശം തളിക്കണമെന്ന ആഗ്രഹം ഇപ്പോഴും അവശേഷിക്കുന്നു. സാധിക്കുമോ എന്തോ.
അതൊരു സംഭവിക്കലാണ്. എങ്ങിനെ എപ്പോൾ എവിടെ വെച്ച് സംഭവിക്കുമെന്ന് അറിഞ്ഞും അറിയാതെയും പിറന്നു വീഴുന്ന ഒരു സിനിമക്ക്പോലും അറിയില്ലതാനും. അത്ഭുതങ്ങൾ പലതും സംഭവിച്ച ശേഷമാണ് ദൈവത്തിനു വരെ സന്ദേശം വരുന്നത്.
ഈ പ്രപഞ്ചം അങ്ങിനെയാണ്.
അവിടം ഒരുത്തനും ഒന്നിനും പ്രസക്തിയില്ല.
സർവ്വതും,
”ലളിതം സുന്ദരം”.
Post Your Comments