എണ്‍പതുകളില്‍ മലയാള സിനിമയെ നവീകരിച്ച സംവിധായകരില്‍ പ്രമുഖന്‍. ചിന്തയുടെ മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ മലയാളസിനിമയെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകന്‍ ജി അരവിന്ദന്‍. സംഭാഷണ ഭാഷയുടെ പൊള്ളത്തരങ്ങളില്‍ നിന്ന് അകന്നു മാറി സംഗീതത്തിന്റെ മാസ്മരികത ആഘോഷമാക്കിയ കലാകാരന്റെ ഓര്‍മ്മ ദിനം.
1935 ജനുവരി 21 നു കോട്ടയത്ത് ജനിച്ച അരവിന്ദന്റെ അച്ഛന്‍ എഴുത്തുകാരനായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു. സിനിമാ സംവിധാനത്തിനു മുന്‍പേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. 1960കളുടെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. അരവിന്ദനെ അരവിന്ദനാക്കിയത് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര തന്നെയാണ്. കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മുഖങ്ങളില്‍ സജീവമായ സംവാദങ്ങള്‍ മാതൃഭൂമിയിലൂടെ ആരംഭിച്ചുവരുന്ന കാലമായിരുന്നു അത്. അരവിന്ദന്റെ കാർട്ടൂൺ പരമ്പര മനോരമയിലെ ബോബനും മോളിയും പോലെ വെറും ഫലിതങ്ങള്‍ മാത്രമായിരുന്നില്ല; അവ വായനക്കാരെ ചിന്തയുടെ ലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തി. സമകാലീനസംഭവങ്ങൾ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ അരവിന്ദൻ വായനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ഒരു തലമുറയെ ചിന്തയുടെയും കാഴ്ച്ചയുടെയും സൗന്ദര്യാനുഭവങ്ങളിലൂടെ കടത്തിവിട്ട ജി.അരവിന്ദൻ മലയാളിയുടെ സര്‍ഗ്ഗബോധത്തിൽ ഉണ്ടാക്കിയ ചലനങ്ങളാണ് ‘ചെറിയ മനുഷ്യനും വലിയ ലോകവും’ മുതൽ, ‘വാസ്തുഹാര’ വരെയുള്ള ചിത്രങ്ങള്‍. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു.
ഉത്തരായനമോ, തമ്പോ, കാഞ്ചനസീതയോ ഏതുമാവട്ടെ അന്നത്തെ സിനിമാസങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കുന്ന ദൃശ്യാനുഭവങ്ങളാണ് തന്റെ സിനിമകളിലൂടെ അരവിന്ദന്‍ മലയാളിക്ക് സമ്മാനിച്ചത്. ഒരു ചിത്രകാരന്റെ കാരിക്കേച്ചറിങ്ങ് പോലെ ഒരു ഗ്രാമജീവിതത്തിന്റെയും സര്‍ക്കസ് കൂടാരത്തിന്റെയും പരിച്ഛേദമായിരുന്നു തമ്പ് എങ്കില്‍ കാഞ്ചന സീത ആന്ധ്രയിലെ രാജമുടിരിയിലെ വനാന്തരങ്ങളിലെ പ്രാകൃതസമൂഹത്തിലെ രാമനെയും സീതയെയും കാട്ടിതന്നു. ഒരു രാമായണകഥയെ, തത്വചിന്തയോട് ചേർത്ത്- അതും പ്രകൃതി-പുരുഷ സങ്കല്പവുമായി ഒരു സിനിമ രൂപ കല്പന ചെയ്യുക എന്നത് തന്നെ അരവിന്ദന്‍ എന്ന മനുഷ്യനെ ഒരു മഹാനായ കലാകാരനാക്കുകയാണ്.
ബ്രൗണ്‍ ലാന്‍ഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂര്‍ത്തി കോണ്‍ടൂര്‍സ് ഒഫ് ലീനിയര്‍ റിഥം എന്നിവയുള്‍പ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. യാരോ ഒരാള്‍, എസ്തപ്പാന്‍, ഒരേ തൂവല്‍ പക്ഷികള്‍, പിറവി എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വര്‍ഷങ്ങളില്‍ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1991 മാര്‍ച്ച് 15ന് അദ്ദേഹം അന്തരിച്ചു.
Post Your Comments