ബിഗ് ബോസ് മലയാളം പതിപ്പില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്ഥിയാണ് ആര് ജെ രഘു. താരം ഭാര്യ സംഗീതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞതു മുതല്‍ കുട്ടികളെക്കുറിച്ച് ചോദിച്ചു തുടങ്ങി. ബിഗ് ബോസിലെ ഈ തുറന്നു പറച്ചില് തങ്ങളുടെ ജീവിതത്തിലേയ്ക്ക് ആളുകള്‍ക്ക് നുഴഞ്ഞു കയറാന്‍ ഇടയാക്കിയെന്നു രഘുവിന്റെ ഭാര്യ പറയുന്നു. ഏഷ്യാനെറ്റ് ചാനലിനു നല്കിയ അഭിമുഖത്തില്‍ തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണമെന്ന് തോന്നിയിട്ടില്ലെന്നും എന്നാല്‍ നിങ്ങള്‍ക്കാണോ കുഴപ്പം, ആരുടെ കുഴപ്പമാണ്, ഡോക്ടറെ കാണിച്ചില്ലേ, നിങ്ങൾ കരിയർ ഓറിയന്റഡ് ആണോ എന്താ നിങ്ങൾക്ക് കുട്ടികൾ വേണ്ടാത്തത്, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ, ഒരു സ്ത്രീയായിട്ട് നിങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടേ, തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചു നിരന്തരം ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നുണ്ട് എന്ന് സംഗീത പറയുന്നു.
സംഗേതയുടെ വാക്കുകള്‍ ഇങ്ങനെ..
“ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എട്ട് വർഷമായി. അത് കേൾക്കുമ്പോൾ ആദ്യം തന്നെ കുറെ പേര് ചോദിക്കും കുട്ടികളായോ എന്ന്. രഘു ബിഗ് ബോസിൽ ഇത് പറഞ്ഞപ്പോഴും രജിത് കുമാർ ഇക്കാര്യം രഘുവിനോട് ചോദിക്കുന്നുണ്ട്. രഘു ഞങ്ങൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ ഇല്ലെന്നു ബിഗ് ബോസിൽ പറഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിലേക്കും നുഴഞ്ഞു കയറാൻ ഒരവസരം ആളുകൾക്ക് കിട്ടിയത്. ആളുകൾ അത് ഉപയോഗിച്ചു. രഘു ഷോയിൽ ഇത് പറഞ്ഞപ്പോൾ മുതൽ ആളുകൾ എന്നോട് വന്നു നിരന്തരം ചോദിച്ച കൊണ്ടിരിക്കുകയാണ് നിങ്ങള്‍ക്കാണോ കുഴപ്പം, ആരുടെ കുഴപ്പമാണ്, ഡോക്ടറെ കാണിച്ചില്ലേ, നിങ്ങൾ കരിയർ ഓറിയന്റഡ് ആണോ എന്താ നിങ്ങൾക്ക് കുട്ടികൾ വേണ്ടാത്തത്, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ, ഒരു സ്ത്രീയായിട്ട് നിങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടേ, നിങ്ങൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമല്ലേ, ഡോക്ടറെ കണ്ടില്ലേ എന്നൊക്കെ. ഞാൻ ഇതിനൊന്നും ഇതുവരെ ഉത്തരം പറയാൻ പോയിട്ടില്ല. എന്നാൽ നമ്മൾ മനുഷ്യരല്ലേ, എല്ലായ്പ്പോഴും അങ്ങനെ ക്ഷമിക്കാനൊന്നും പറ്റില്ലല്ലോ. കേട്ട് കേട്ട് തല പെരുക്കുമല്ലോ.
ബിഗ് ബോസ് തുടങ്ങിയ അന്ന് മുതൽ ഞാൻ ഞാൻ എന്റെ ജീവിതത്തിലേക്കുള്ള , എന്റെ സ്പെയ്സിലേക്കുള്ള ആളുകളുടെ നുഴഞ്ഞു കയറ്റം അനുഭവിക്കുകയാണ്. ഞങ്ങൾ രണ്ടു പേരും വിവാഹിതരായെങ്കിലും പണ്ടുള്ളവർ പറയുന്നത് പോലെ രണ്ടു ശരീരവും ഒരു മനസുമല്ല ഞങ്ങൾ. ഞങ്ങൾ രണ്ടു ശരീരവും രണ്ടു മനസും രണ്ടു വ്യക്തിത്വങ്ങളും തന്നെയാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ വേണമെന്ന് തോന്നിയിട്ടില്ല എന്നതാണ് ഇതിനുള്ള മറുപടി. എന്നാൽ അതിൽ ആളുകൾ തൃപ്തരുമല്ല.
ഞങ്ങൾ വിവാഹം കഴിച്ചവർ എങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്കും രണ്ടു കരിയർ ഉണ്ട്. അതിനൊക്കെ ഇടയിൽ ഞങ്ങളുടെ ജീവിതം ഇഷ്ടമുള്ള പോലെ ഡിസൈൻ ചെയ്യാമല്ലോ. അത് മുഴുവൻ ആളുകളോട് വിശദീകരിക്കേണ്ടതുണ്ടോ? രഘു ജീവിതത്തെ വളരെ ലൈറ്റ് ആയി കാണുന്ന ആളാണ്. രഘുവിനൊപ്പം കൂടിയിട്ട് ഞാനും കുറച്ചു അങ്ങനെയൊക്കെ ആയിട്ടുണ്ട്. ഞങ്ങൾക്ക് എപ്പോള്‍ കുട്ടികൾ വേണം, എവിടെ ജീവിക്കണം എന്നൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ പേഴ്സണൽ ലൈഫിൽ നിങ്ങൾ കടന്നു വരരുത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അത് അഹങ്കാരമായി തോന്നും. പക്ഷെ പറയേണ്ട ഗതികേടിലെത്തിയിട്ടുണ്ട് ഞാൻ.” സംഗീത പങ്കുവച്ചു
Post Your Comments