ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട്ടം നേടിയ താരമാണ് ലക്ഷ്മിപ്രിയ. എപ്പോഴും ചിരിച്ച മുഖവുമായി എത്തുന്ന ലക്ഷ്മിപ്രിയ പിന്നിട്ട വഴികള്‍ അത്ര സുഖകരമുള്ളതായിരുന്നില്ല.എന്നാല്‍ ഒരിക്കല്‍ പോലും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മിപ്രിയ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. ഇതാദ്യമായി തന്റെ ജീവിതം ലക്ഷ്മി തുറന്നെഴുതുന്നു. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല’ എന്ന പുസ്തകത്തിലാണ് സിനിമയെ വെല്ലുന്ന തന്റെ ജീവിത കഥ ലക്ഷ്മി വെളിപ്പെടുത്തിയത്. വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില മുറിപ്പാടുകളാണ് ഈ പുസ്തകം എഴുതാന്‍ പ്രേരണയായതെന്നും സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.
2005 ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ നരന് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിപ്രിയ വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. ഭാഗ്യദേവത എന്ന ചിത്രമാണ് താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രം
എഴുത്തിലേക്ക് :
വളരെ ചെറുപ്പം മുതല്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പാണ് എഴുതണം എന്ന് തോന്നുന്നത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച മുറിപ്പാടുകളാണ്. അവയെക്കുറിച്ച് തുറന്നെഴുതണമെന്ന് തോന്നി. സമൂഹത്തില്‍ നടക്കുന്ന നീച പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഇനിയും വൈകരുതെന്ന് മനസ്സില്‍ ഉറപ്പിച്ചു.
വിവാഹമോചനത്തിന്റെ ഇരയാണ് ഞാന്‍. എനിക്ക് വെറും രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മയുടെ സ്നേഹം കിട്ടാതെ വളര്‍ന്ന ഒരാളാണ് ഞാന്‍. അമ്മ എന്നെ സ്നേഹിക്കുന്നതായി എത്രയോ രാത്രികളില്‍ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ജീവിച്ചിരുന്നിട്ടും അമ്മ എന്നെ തിരിഞ്ഞു നോക്കിയില്ല. പക്ഷെ എനിക്ക് കിട്ടാത്ത സ്നേഹം എന്റെ മകള്‍ക്ക് ആവോളം കൊടുക്കുന്നുണ്ട്. ഇതെല്ലാം എഴുതണമെന്ന് തോന്നി. പക്ഷേ മടിയായിരുന്നു. രണ്ടാനമ്മയുടെ ക്രൂരമായ പീഡിനത്തിനിരയായ അതിഥി എന്ന കുട്ടിയുടെയും തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച കുഞ്ഞിനെയും ഓര്‍ത്തപ്പോള്‍ ഇനിയും എഴുതാന്‍ വൈകിക്കൂടാ എന്ന് തോന്നി.
Post Your Comments