വിശാലിനെ നായകനാക്കി മിഷ്കിന്‍ ഒരുക്കിയ വിജയചിത്രം തുപ്പറിവാളന്റെ രണ്ടാം ഭാഗം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. അതിനെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങള്‍ ശക്തമാകുമ്പോള്‍ സംവിധായകനെതിരെ വിശാല്‍ രംഗത്ത്. തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയതിനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിശാല്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി ഒരു ഷെഡ്യൂൾ പിന്നിടുമ്പോഴാണ് മിഷ്‌കിന്‍ പുറത്ത് പോകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറയുന്നു.
ഇതെല്ലാം തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ വേണ്ടിയല്ലെന്നും മറിച്ച് ഇനി മേലില്‍ ആരും ഇതുപോലുള്ളവരുടെ ഇരയായിത്തീരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വിശാല്‍ പറയുന്നു. 13 കോടി രൂപയാണ് മിഷ്കിൻ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞത്. ‘എന്തിനാണ് സംവിധായകൻ ഒരു സിനിമയുടെ പാതിവഴി ഉപേക്ഷിച്ചുപോകുന്നത്. സിനിമ പൂർത്തിയാക്കാൻ എന്റെ കൈയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടോ? അതോ സിനിമയുടെ നല്ലതിനു വേണ്ടി സംവിധായകനോട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതുകൊണ്ടോ?’–വിശാൽ ചോദിക്കുന്നു
‘യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ്. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി. മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല. പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്. യുകെയിൽ രണ്ട് മണിക്കൂറുകൾ മാത്രം ചിത്രീകരിച്ചതിന് ചിലവായത് 15 ലക്ഷം രൂപ. സിനിമയുടെ ചിലവ് കൂടുമ്പോൾ അത് സംവിധായകനെ ധരിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. അതും രണ്ടേ രണ്ടു രംഗങ്ങൾക്കു വേണ്ടിയാണ് ഈ പാടുപെടുന്നത്. എനിക്ക് അദ്ഭുതം തോന്നുന്നു. കാരണം നമ്മുടെ കുട്ടിയെ ഒരു അനാഥലയത്തിലാക്കുന്നതു പോലെ തന്നെയാണ് ഇതും. – വിശാല്‍ പറയുന്നു.
‘
Post Your Comments