ഡോസേജ് കുറച്ചു ചെയ്യാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു, പക്ഷെ മോഹന്‍ലാല്‍ ചെയ്തത് തന്നെയായിരുന്നു ശരി: കമല്‍

ഞാന്‍ 'സാഗര്‍ കോട്ടപ്പുറം' എന്ന കഥാപാത്രത്തെ ഇങ്ങനെയൊരു  ലെവലിലാണ്‌ കണ്‍സീവ് ചെയ്തിരിക്കുന്നത്

കമല്‍ -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണെങ്കിലും അവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ശ്രീനിവാസന്റെ രചനയില്‍ 1998-ല്‍ പുറത്തിറങ്ങിയ ‘അയാള്‍ കഥയെഴുതുകയാണ്’. മോഹന്‍ലാല്‍ അഭിനയത്തിന്റെ വേറിട്ടൊരു ഹ്യൂമര്‍ ട്രാക്ക് പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു ‘അയാള്‍ കഥയെഴുതുയാണ്’. ‘സാഗര്‍ കോട്ടപ്പുറം’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞു നിന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കംപ്ലീറ്റ്‌ മോഹന്‍ലാല്‍ ഷോയായി മാറുകയായിരുന്നു 98-ലെ ഓണക്കാലത്ത് ഇറങ്ങിയ ഈ കമല്‍-ശ്രീനി ചിത്രം. തന്റെ സിനിമകളില്‍ അത് വരെ കാണാത്ത ഒരു മോഹന്‍ലാലിനെയാണ് അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലൂടെ കണ്ടതെന്ന് കമലും തുറന്നു പറയുന്നു.

‘കഥാപാത്രത്തെ വളരെ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍. ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ആദ്യ ചിത്രീകരണ രംഗം തന്നെ അത് തെളിയിച്ചിരുന്നു, ചിത്രത്തിലെ ആദ്യ ഷോട്ട് എടുത്തപ്പോള്‍ മോഹന്‍ലാല്‍ കുറച്ചു ഓവറാണെന്ന്  എനിക്ക് തോന്നിയിരുന്നു, ഞാനത് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

‘ഞാന്‍ ‘സാഗര്‍ കോട്ടപ്പുറം’ എന്ന കഥാപാത്രത്തെ ഇങ്ങനെയൊരു  ലെവലിലാണ്‌ കണ്‍സീവ് ചെയ്തിരിക്കുന്നത്. കമല്‍ പറഞ്ഞ പോലെ കുറച്ചു കൂടി ഡോസേജ് കുറച്ചു ചെയ്യാം, പക്ഷെ അങ്ങനെ ചെയ്താല്‍ ഈ കഥാപാത്രത്തിന്റെ ടോട്ടാലിറ്റിയെ അത് ബാധിക്കുമോ എന്ന ഭയമുണ്ട്, സാഗര്‍ കോട്ടപ്പുറം എന്റെ മനസ്സിലേക്ക് കയറിയത് ഈ വിധമാണ്’. സിനിമ ചിത്രീകരിക്കുന്ന ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെ അത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു. കമല്‍ പറയുന്നു.

Share
Leave a Comment