മലയാള സിനിമയിലെ ഇപ്പോഴത്തെ സാഹചര്യം സര്‍വനാശത്തിലേക്കാണെന്ന് സംവിധായകന് വിജിത് നമ്പ്യാര്‍. വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് തിയറ്ററുകള്‍ കുറഞ്ഞുവെന്നും തരക്കേടില്ലാത്ത കൊച്ചു സിനിമകള്‍ക്കു പിന്തുണ കിട്ടുന്നില്ലെന്നും വിജിത് പറയുന്നു. മുന്തിരി മൊഞ്ചൻ എന്ന സിനിമയുടെ സംവിധായകനാണ് വിജിത് നമ്പ്യാര്‍.
കുറിപ്പിന്റെ പൂർണരൂപം……………………….
ഇങ്ങനെ പോയാൽ മലയാള സിനിമയുടെ സർവ്വനാശം ഉടനെ പ്രതീഷിക്കാം..
ഒരുകാലത്തു കേരളത്തിൽ നാലോ അഞ്ചോ സിനിമകൾ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. അന്ന് നമുക്കത് ഒരു ആഘോഷമായിരുന്നു. ഇതിൽ എല്ലാ സിനിമയും മിക്കവാറും കാണുകയും ചെയ്യും. ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതൽ പതിനഞ്ചോളം സിനിമകൾ. അതിൽ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് പിന്നെ ഇതിന്റെയൊക്കെ റീമേക്കും ഉണ്ടാകും.
ഇത് കാരണം വലിയ താരങ്ങൾ ഒഴിച്ചുള്ള മലയാള സിനിമകൾക്ക് തിയറ്ററും കുറഞ്ഞു. ഒരു തിയറ്ററിയിൽ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോൾ നാല് വെവ്വേറെ സിനിമയായി മാറി. ഇതിൽ ജനങ്ങൾ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയും ഫാൻസുകാരും. ഇതും കേട്ട് തിയറ്ററിൽ പോയാലോ മിക്ക സിനിമയും ഒരു വൻ ദുരന്തമായിരിക്കും. എന്നാൽ തരക്കേടില്ലാത്ത കൊച്ചു സിനിമകൾക്കു തിയറ്റർ സപ്പോർട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാൻ വരുന്ന ആളുകളെ തീയേറ്ററുകാർ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോൾ പ്രളയവും മാരകരോഗങ്ങളും…
ഇത് കേരളത്തിന്റെ കാര്യം. എത്ര മലയാള സിനിമകൾക്ക് കേരളത്തിന് പുറത്തും ഗൾഫ് നാടുകളികും റിലീസ് ചെയ്യാൻ പറ്റുന്നു? വളരെ ചുരുക്കം…എല്ലായിടത്തും തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, തെലുഗ് സിനിമകൾ മാത്രം റിലീസ് ചെയ്താൽ മതി …മലയാളം വേണ്ട…എന്തിനു പറയുന്നു, മലയാള സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതിലും തിയറ്ററുകാരുടെ ഈ താല്പര്യമില്ലായ്മ കാണാം പറ്റും. ഈ അന്യഭാഷ സിനിമകൾക്കും, അവിടുത്തെ താരങ്ങൾക്കും ഇവിടെ കേരളത്തിൽ കിട്ടുന്ന അംഗീകാരം പോലെ നമ്മുടെ കൊച്ചു മലയാള സിനിമയ്ക്കു കൂടി അവരുടെ നാട്ടിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
ഫാമിലികൾക്ക് ഇപ്പോഴും പ്രിയം ടിവിയിൽ വരുന്ന സീരിയലുകളും, കോമഡി പ്രോഗ്രാമും, റിയാലിറ്റി ഷോകളും, കുക്കറി ഷോകളും, വളച്ചൊടിച്ച വാർത്തകളും തന്നെ. അതു കഴിഞ്ഞേ സിനിമയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് താല്പര്യം. മുപ്പതു ദിവസം വെയിറ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളു. ഈ ഒടുക്കത്തെ കാശും മുടക്കി തിയറ്ററിൽ പോകേണ്ട വല്ല ആവശ്യമുണ്ടോ?
നമുക്ക് പ്രാർത്ഥിക്കാം, എത്രയും വേഗം മലയാള സിനിമയുടെ ഈ സർവ നാശത്തിനു വേണ്ടി…തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് അരങ്ങു വാഴട്ടെ… കഴിഞ്ഞ ഒരു വർഷത്തിൽ റിലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാൻ പറ്റാതെ പെട്ടിയിൽ കിടക്കുന്ന മലയാള ചിത്രങ്ങളെ പറ്റി ഒന്ന് ആലോചിച്ചാൽ തന്നെ ഈ നാശത്തിലോട്ടു പോകുന്ന ആഴം മനസ്സിലാകും.
Post Your Comments