ഫഹദ് ഫാസിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടനും നിർമാതാവുമായ തമ്പി ആന്റണി രംഗത്തെത്തിരിക്കുകയാണ്. ട്രാൻസ് വെറും ഒരു സിനിമയല്ലെന്നും എല്ലാ അന്ധവിശ്വാസികളും കാണേണ്ടതും കണ്ടറിയേണ്ടതുമായ അനുഭവമാണെന്നും അദ്ദേഹം പറയുന്നു . ഫേസ്ബുക്ക് കുറിപ്പിലുടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………
ട്രാൻസിന് ഒരാസ്വാദനം
ട്രാൻസ് വെറും ഒരു സിനിമയല്ല. എല്ലാ അന്ധവിശ്വസികളും കാണേണ്ടതാണ് കണ്ടറിയേണ്ടതാണ്. മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടിയുള്ളതാണ് . ക്രിസ്ത്യൻ പാസ്റ്റർമാരുടെ പശ്ചാത്തലം ഈ കഥയ്ക്ക് തിരഞ്ഞെടുത്തതും യുക്തിപൂർവമാണ്. മറ്റു മതങ്ങളാണ് ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെ ഒരു സിനിമ വെളിച്ചം കാണില്ലായിരുന്നു. തിരക്കഥ എഴുതിയത് വിൻസെന്റ് വടക്കാനാണ് എന്നത് ക്രിസ്ത്യാനികൾ മറക്കേണ്ട കേട്ടോ. പാസ്റ്ററായി വരുന്ന ഇതിലെ നായകൻ വിനു പ്രസാദ് നിരീശ്വരനാണ്.
ഒരു മോട്ടിവേഷണൽ പ്രാസംഗികനായിരുന്ന വിനു പ്രസാദിനെ തീവ്രപരിശീലനത്തിലൂടെ പാസ്റ്റർ ഫാദർ ജോഷ്വ കാൾട്ടൻ ആക്കുകയാണ്. മറ്റൊരു ആൾദൈവത്തെ ഉണ്ടാക്കി വിശ്വാസികളിൽനിന്നും പണം അടിച്ചെടുക്കാനുള്ള ഒരു അടവായിരുന്നു അത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആരും വിശ്വസികളല്ല, കച്ചവടക്കാരാണ്. ഗൗതം മേനോനും ചെമ്പൻവിനോദും ദിലീഷ് പോത്തനും ആ ജോലി ഭംഗിയായി നിർവഹിക്കുന്നുമുണ്ട്.
അവർക്കു കലക്ഷനിലാണ് ശ്രദ്ധ .ഇതുതന്നെയല്ലേ എല്ലാ മതത്തിലും സംഭവിക്കുന്നത്. അവിശ്വസികളുടെ സംഘടനകൾ അന്ധവിശ്വസികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇനി ക്രിസ്ത്യാനികളെ കളിയാക്കിയെന്നും പറഞ്ഞുകൊണ്ട് കുരു പൊട്ടുന്നവരോടൊരു ചോദ്യം. മറ്റു ഏതു മതം തിരഞ്ഞെടുത്താലാണ് ഇങ്ങനെ നാടകീയമായ ഒരു സിനിമ പുറത്തിറക്കാൻ പറ്റുക. മാത്രമല്ല ഇത്രയധികം സ്റ്റേജ് ഡ്രാമയും മെലോഡ്രാമയും കോമഡിയും വേറെ ഏതെങ്കിലും മതത്തിൽ ഉണ്ടോ. കത്തോലിക്കർക്ക് കുറച്ചു കുറവുണ്ടായിരുന്നെങ്കിലും പോട്ടയിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും അവർ അതുകൂടി പരിഹരിക്കുന്നുണ്ട്. മറ്റു മതക്കാരും അവരുടെ വലയിൽ വീഴുന്നുണ്ട് എന്നാണു കേട്ടത് .
കെട്ടിപ്പിടുത്തം മറ്റൊരു പറ്റിക്കലാണെങ്കിലും ഒരു സിനിമയ്ക്കു പറ്റിയ സ്റ്റേജ് കോമഡി കിട്ടാഞ്ഞിട്ടായിരിക്കണം അവരെ ഒഴിവാക്കിയത്. രോഗശാന്തി ഉണ്ടെന്നു അവർ പറയുന്നില്ലെങ്കിലും അവിടെപോകുന്നവർക്കു വെറും ശാന്തി കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്. മറ്റു മതക്കാരും ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ഇങ്ങനെയുള്ള സ്റ്റേജ് ഷോകൾ നടുത്തുന്നുണ്ടെന്നുള്ളതൊന്നും മറച്ചുവയ്ക്കുന്നില്ല. കാരണം എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണല്ലോ.
ഇനിയെങ്കിലും പെന്തകോസ്ത്ത് പാസ്റ്റർമാരും അവരെ സപ്പോർട്ട് ചെയുന്ന കോമാളികളും യൂട്യൂബിൽ കയറി പ്രതിഷേധിച്ചു വെറുപ്പിക്കല്ലേ , ഇതൊരപേക്ഷയാണ്.
സ്ത്രീകളോടൊരപേക്ഷ, ഇനിയെങ്കിലും പാപമോചനത്തിനായി ആചാരങ്ങളുടെ പേരിൽ ഉദ്ധിഷ്ട കാര്യം സാധിക്കാൻ, പുണ്യസ്ഥലങ്ങളിലേക്കു ഭർത്താവിനെയും കുട്ടികളെയും നിർബന്ധിച്ചു വിടരുത്. പള്ളികളും അമ്പലങ്ങളും നിങ്ങൾ അശുദ്ധമാക്കുമെന്നുപറഞ്ഞു പറ്റിക്കുന്ന അവിശ്വാസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുത്.
കാരണം നിങ്ങളാണ് ഇന്ന് ഏറ്റവും അധികം വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യപെടുന്നവർ. അതിനു നിങ്ങൾ സൗകര്യപൂർവം നിന്നുകൊടുക്കുകയാണ് ചെയ്യുന്നത് . നിങ്ങളാരും നിങ്ങളുടെ മതക്കാരോട് ഞങ്ങൾക്ക് അച്ഛനാകണം പൂചാരിയാകണം മുല്ലാക്കയാകണം എന്നൊന്നും ആവശ്യപെടുന്നുപോലുമില്ല.
ഉപബോധ മനസ്സിൽ സ്വയം പുരുഷന്മാരുടെ അടിമത്വം ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ എന്നാണു അവരുടെ വസ്ത്രധാരണകളിൽനിന്നുപോലും മനസ്സിലാകുന്നത്.
സ്ത്രീകൾ മാത്രമല്ല വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും അവർ ഏതു മതത്തിൽപെട്ടവരാണെങ്കിലും കാണേണ്ട സിനിമയാണ് ട്രാൻസ്.
ഫഹദ് ഫാസിൽ തകർത്തഭിനയിച്ചിരിക്കുന്നു. ഒരു ദേശീയ അവാർഡോ രാജ്യാന്തര അവാർഡോ കിട്ടിയാൽ അത്ഭുതപ്പെടാനൊന്നുമില്ല . നസ്രിയയുടെ എസ്തറും സൗബിന്റെ മാത്യൂസും വ്യത്യസ്തത പുലർത്തുന്നു. എന്നാലും മിസ്കാസ്റ്റിങ് ആയിപോയോ എന്നൊരു സംശയമുണ്ട് . വിനായകൻ, പാസ്റ്ററിനോട് മാത്രം ക്ഷമിക്കുന്നത് ഒരു വിരോധാഭാസമായി തോന്നി.
എന്തായാലും ആദ്യപകുതിയിലെ പിരിമുറുക്കം രണ്ടാംപകുതിയിൽ ഇല്ലാതെപോയി. രണ്ടാം പകുതിയിലെ ആവശ്യമില്ലാത്ത മെലോഡ്രാമകൾ ഒഴിവാക്കിയിരുന്നെങ്കിൽ രണ്ടു മണിക്കൂർ അമ്പതു മിനിട്ടെന്നുള്ളത് രണ്ടര മണിക്കൂറിൽ ഒതുക്കാമായിരുന്നു. എങ്കിൽ ഇതൊരു ഗംഭീര സിനിമയാകുമായിരുന്നു. മൂന്നു വർഷങ്ങൾകൊണ്ട് കോടികൾ മുടക്കി എടുക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കണമായിരുന്നു. ഇന്ന് സമയത്തിനാണ് ഏറ്റവും കൂടുതൽ വില. പല നല്ല സിനിമകളുടെയും പരാജയകാരണം അനാവശ്യമായ വലിച്ചുനീട്ടലാണ് . രണ്ടു മണിക്കൂറിൽ കൂടുതൽ ഒരു സിനിമക്കും ആവശ്യമില്ല എന്നാണു എനിക്കും തോന്നിയിട്ടുള്ളത്.
എന്നാലും സമയമുണ്ടാക്കി കണ്ടിരിക്കേണ്ട സിനിമാതന്നെയാണ് ട്രാൻസ്. എല്ലാ കലാകാരന്മാർക്കും സാംസ്കാരികനായകന്മാരാക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട് . ജനങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായ സിനിമയ്ക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സന്ദേശങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ കഴിയുകയുള്ളു . അത് നിർവഹിക്കേണ്ടത്
കലാകാരന്മാർതന്നെ എന്നതിൽ സംശയമില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അവരവരുടെ ജോലി ഭംഗിയായി നിർവഹിച്ചു അഭിനന്ദനങ്ങൾ.
Hats off to Anwar Resheed, Jakson Vijayan, Amal Neared and Fahad Fasil team.
Post Your Comments