നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍
തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംഘടനയിൽ നിന്നും നടിമാര്‍ കൂട്ടമായി രാജിവെച്ചിരുന്നു. 2018 ലാണ് ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവർ സംഘടനയിൽ നിന്നും രാജിവെച്ചത്. ‘അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു’ എന്ന പ്രതികരണത്തോടെയാണ് നടിമാരുടെ രാജി. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് നടി രമ്യാ നമ്പീശന്‍.
‘അമ്മ’ സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് രമ്യ നമ്പീശന്‍. റെഡ് എഫ്എമ്മിന്റെ റെഡ്കാര്‍പ്പറ്റിലാണ് തന്റെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് രമ്യ പരസ്യമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ലെന്ന നിലപാടിലാണ് രമ്യ.
അമ്മയില്‍ നിന്നും രാജിവെക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്‍റെ രാജി. ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. നീതി പുലരട്ടെ. എന്നായിരുന്നു രമ്യയുടെ രാജി കത്തിൽ പറഞ്ഞിരുന്നത്.
Post Your Comments