പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. മിക്ക സ്ത്രീകൾക്കും പ്രസവത്തിനു ശേഷം ഏതാനും ദിവസത്തേക്ക് ‘ പോസ്റ്റ്പാർട്ടം ബ്ളൂസ് ‘ എന്ന വിഷാദം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് അതികഠിനമായ കാലഘട്ടമായിരിക്കും. ഇപ്പോഴിതാ താൻ നേരിട്ട ഈ വിഷാദ രോഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടിയും ഹേമമാലിനിയുടെ മകളുമായ ഇഷാ ഡിയോള്‍.
രാധ്യ എന്ന ആദ്യത്തെ പെണ്‍കുഞ്ഞിന്റെ ജനനശേഷം അതികഠിനമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ബാധിച്ചിരുന്നു. വികാരങ്ങളുടെ റോളര്‍കോസ്റ്റര്‍ ഡ്രൈവ് ആയിരുന്നു അക്കാലം. എന്നാൽ ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്തും അതിനു ശേഷവും ഉണ്ടാകാത്തതരം വല്ലാത്ത മാനസികസംഘര്‍ഷങ്ങള്‍ ആയിരുന്നു രണ്ടാമത്തെ കുഞ്ഞായ മിറായ ജനിച്ച ശേഷം ഉണ്ടായതെന്നാണ് ഇഷ പറയുന്നത്.
പ്രസവശേഷം ആളുകള്‍ സ്നേഹത്തോടെ പെരുമാറിയിട്ടും താന്‍ വല്ലാത്ത വിഷാദം അനുഭവിച്ചിരുന്നു. ഒറ്റയ്ക്ക് ഇരുന്നു കരയാന്‍ തോന്നുന്ന സ്ഥിതിയായിരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷമൊന്നും അപ്പോള്‍ അനുഭവിക്കാന്‍ തോന്നിയില്ലെന്നു ഇഷ പറയുന്നു.
എന്നാല്‍ ആ സമയം തന്നിലെ മാറ്റം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ആള്‍ അമ്മ ഹേമമാലിനിയാണെന്നും ഇഷ പറയുന്നു. ‘എന്നിലെ മാറ്റം അമ്മ നന്നായി മനസിലാക്കി. ഇതൊക്കെ ഹോര്‍മോണുകളുടെ കളിയാണെന്ന് അമ്മ പറഞ്ഞു തന്നു. ആവശ്യം ഉള്ളപ്പോള്‍ എല്ലാം ചേര്‍ത്തു പിടിച്ചു’… അമ്മയെ താന്‍ ആ സമയം കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു പോയെന്നു ഇഷ പറയുന്നു. പിന്നീട് ഹോര്‍മോണ്‍ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തിയത്. തുടർന്ന്
വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചു. പിന്നീട് ഒരുമാസം കൊണ്ട് താന്‍ പഴയ ഇഷയായെന്നു താരം പറഞ്ഞു.
Leave a Comment