ശാസ്ത്രീയമായ നൃത്തവും സിനിമാറ്റിക് നൃത്തവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. നൃത്തം കഴിഞ്ഞു മാത്രമാണ് തന്റെ മനസ്സില്‍ സിനിമയ്ക്ക് സ്ഥാനമുള്ളൂവെന്നും അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നു.
‘റിയാലിറ്റി ഷോകളിലെ ഡാന്‍സുകളുടെ സ്വഭാവം വ്യത്യസ്തമാണ്. ആശ്ചര്യവും ആഘോഷവും നിറഞ്ഞവയാണ്. പക്ഷെ വെറും അഞ്ചോ ആറോ മിനിറ്റ് നേരത്തേക്ക് മാത്രമേ അതുള്ളൂ. ശാസ്ത്രീയമായ നൃത്തം അങ്ങനെയല്ല. ഒരു കഥാപാത്രത്തെ ആഴത്തില്‍ അറിയണം. ഭംഗി പ്രകാശിപ്പിക്കണം. അതിന്റെ ഒരു പ്രതീക്ഷയും ഉദ്ദേശവും കണ്ടംപററി ഡാന്‍സില്‍ നിന്നും വളരെ വിഭിന്നമാണ്. ശാസ്ത്രീയ നൃത്തം ചെറിയ ഒരു സമയം കൊണ്ട് ചെയ്യാനാവില്ല. നൃത്തമാടുമ്പോള്‍ നമ്മുടെയുള്ളിലും പരിവര്‍ത്തനം നടക്കും. എനിക്ക് ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്തവ പഠിപ്പിക്കാനറിയില്ല. സിനിമയെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചും വിലയിരുത്തിയാല്‍ രണ്ടും രണ്ടു തരത്തിലുള്ള സംതൃപ്തിയാണ്. അഭിനയിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാം. ഞാനല്ലാത്ത എന്നെ പല രീതിയില്‍ അവതരിപ്പിക്കാം. ഇതെല്ലാം അഭിനയത്തില്‍ സാധ്യമാണ്. എന്നാല്‍ നൃത്തം മൗനമാണ്. അവിടെ ബുദ്ധി കൂടുതല്‍ പ്രയോഗിക്കണം.അതുകൊണ്ട് തന്നെയാണ് ഡാന്‍സിനോട് ഇത്രയേറെ ഇഷ്ടവും’.
Post Your Comments