‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ അയ്യപ്പനും കോശിയും മാത്രമായിരുന്നില്ല മാസ് കാണിച്ചു നിറഞ്ഞു നിന്നത്. കണ്ണമ്മ എന്ന സ്ത്രീ കഥാപാത്രത്തിനും ഏറെ കയ്യടി ലഭിച്ച സിനിമയില്‍ യുവനടി ഗൗരി നന്ദയായിരുന്നു കണ്ണമ്മയായി വേഷമിട്ടത്. കണ്ണമ്മ വരുന്ന എല്ലാ ഷോട്ടിലും ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞും സിനിമയുടെ മുഖ്യ കഥാപാത്രമായിരുന്നു. അയ്യപ്പനും കോശിയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഗൗരി നന്ദ.
‘കണ്ണമയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവളുടെ കൂടെയുള്ള കുഞ്ഞിനെ പറ്റിയും സംസാരിക്കണം. അവന് ഏഴു മാസമേ ആയിട്ടുള്ളൂ. അട്ടപ്പാടിയില്‍ തന്നെയുള്ള കക്ഷിയാണ്. സംവിധായകന് കഥ അവതരിപ്പിച്ചപ്പോള്‍ തന്നെ ഒരു കൈക്കുഞ്ഞ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എപ്പോഴും കണ്ണമ്മയുടെ കൂടെ അവനുണ്ടാകും എന്നും. കുഞ്ഞിനെ എടുത്തൊന്നും വലിയ പരിചയം ഇല്ലാത്തത് കൊണ്ട് അല്പം ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി. എന്നോട് അവന് പെട്ടെന്ന് ഇണങ്ങി. കണ്ണമ്മ വ്യത്യസ്തയായ ഒരു സ്ത്രീയായത് കൊണ്ട് ഇവളിലെ അമ്മയും വ്യത്യസ്തയാണ്. സാധാരണ അമ്മമാര്‍ കുഞ്ഞിനെ ഇടംകൈ കൊണ്ട് എടുത്ത് നെഞ്ചോട് അടുപ്പിക്കുന്നവരാണ്. കണ്ണമ്മ പക്ഷെ വലത് വശത്താണ് കുഞ്ഞിനെ എടുക്കുന്നത്. അതൊട്ടും എളുപ്പമല്ല. മാത്രമല്ല കണ്ണമ്മയുടെ നടത്തവും കുറച്ചു വ്യത്യസ്തമാണ്. കൈ വീശി കാല് വളരെ സ്പീഡില്വച്ചാണ് നടക്കുന്നത്. കുഞ്ഞിനേയും കൊണ്ട് അങ്ങനെ നടക്കുക എന്നത് ശരിക്കും ബുദ്ധിമുട്ട് തന്നെയാണ്. പക്ഷെ കുഞ്ഞു നന്നായി സഹകരിച്ചു. അത് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നുണ്ട്’. (കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments